Jeevithavijayam
6/16/2021
    
ആദ്യത്തെയും എപ്പോഴത്തെയും അഭയം
1968ലെ നല്ല തെളിവുള്ള ഒരു ദിവസം. എവിടെനിന്നോ പറന്നുവന്ന ഒരു യാത്രാവിമാനം ന്യൂയോര്‍ക്ക് നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനു തയാറെടുക്കുകയായിരുന്നു.

മഴയും മഞ്ഞുമൊന്നുമില്ലാത്ത ദിവസമായിരുന്നതുകൊണ്ട് സുഗമമായ ഒരു ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് വിമാനത്തിന്റെ പൈലറ്റ് ലാന്‍ഡിംഗിന് ഒരുക്കങ്ങള്‍ തുടങ്ങിയത്. എന്നാല്‍, വിമാനത്തിന്റെ ചക്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവ അനങ്ങാന്‍ വിസമ്മതിച്ചു.

ചക്രങ്ങള്‍ കൂടാതെ വിമാനം പറന്നിറങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കുകതന്നെ അസാധ്യം. പൈലറ്റ് പെട്ടെന്നു കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു വിദഗ്ധ സഹായംതേടി. പക്ഷേ, തനിക്കു ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ സഹായത്തോടെ പൈലറ്റ് എത്ര ശമിച്ചിട്ടും ലാന്‍ഡിംഗ് ഗിയറിന് അനക്കമില്ല.

അവസാനം, ചക്രത്തിന്റെ സഹായംകൂടാതെ വിമാനത്തിന്റെ പള്ളകുത്തി ലാന്‍ഡ് ചെയ്യുവാന്‍ തീരുമാനമായി. അതിനുള്ള ഒരുക്കമായി റണ്‍വേ മുഴുവന്‍ സാന്ദ്രതകൂടിയ നുര കൊണ്ടുനിറച്ചു. അതോടൊപ്പം അപകടം മുന്നില്‍കണ്ടുകൊണ്ടു ഫയര്‍ എന്‍ജിനുകളും മെഡിക്കല്‍ ടീമുകളും എത്തി.

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിനു പ്രശ്‌നമുണ്ടായപ്പോള്‍ പൈലറ്റ് യാത്രക്കാരെ അക്കാര്യം അറിയിച്ചു. അതുപോലെ, വിമാനം പള്ളകുത്തിയാണു ലാന്‍ഡ് ചെയ്യാന്‍ പോകുന്നതെന്ന കാര്യവും പൈലറ്റ് അവരെ അറിയിച്ചു.

അതു കേട്ടപ്പോള്‍ തങ്ങളുടെ മരണം അടുത്തു എന്ന് യാത്രക്കാരെല്ലാം തീര്‍ച്ചപ്പെടുത്തി. അവരില്‍ പലരും ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. ദൈവമേ, എനിക്കിങ്ങനെ സംഭവിച്ചല്ലോ! എന്നു വിലപിച്ചവരും ചുരുക്കമായിരുന്നില്ല.

വിമാനത്തില്‍ കൂട്ടനിലവിളി ഉയരുമ്പോള്‍ നല്ല ഉറച്ച സ്വരത്തില്‍ പൈലറ്റ് യാത്രക്കാരോട് ഇന്റര്‍കോമിലൂടെ ഇപ്രകാരം പറഞ്ഞു: നമ്മള്‍ ലാന്‍ഡ് ചെയ്യുവാന്‍ പോവുകയാണ്. ജനീവയില്‍ ഒപ്പിട്ട അന്താരാഷ്ട്ര ഏവിയേഷന്‍ ഉടമ്പടി അനുസരിച്ച് എന്റെ കടമയാണ്, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണെ്ടങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങണമെന്നു ഞാന്‍ നിങ്ങളോടു പറയണമെന്നുള്ളത്.

പൈലറ്റ് തന്റെ കടമയനുസരിച്ച്, യാത്രക്കാരോടു പ്രാര്‍ഥിക്കുവാന്‍ പറഞ്ഞു. യാത്രക്കാരെല്ലാവരും മുട്ടിപ്പായി പ്രാര്‍ഥിച്ചു. ദൈവാനുഗ്രഹത്താല്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ആളപായംകൂടാതെ നടന്നു. അന്ന് ആ വിമാനത്തില്‍ വന്നിറങ്ങിയവര്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ് വീടുകളിലേക്കു പോയത്.

ഈ അപകടം ഉണ്ടായതിന്റെ പിറ്റേദിവസം ആ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ ബന്ധു എയര്‍ലൈന്‍ ഓഫീസില്‍ വിളിച്ചു പ്രാര്‍ഥന സംബന്ധിച്ച് അന്താരാഷ്ട്ര ഏവിയേഷന്‍ ഉടമ്പടിയില്‍ പറയുന്നതിന്റെ വിശദാംശങ്ങള്‍ തിരക്കി. പക്ഷേ, അപ്പോള്‍, ഒന്നും പറയാനില്ല എന്ന മറുപടി മാത്രമാണ് അയാള്‍ക്കു ലഭിച്ചത്.


ഒരു അപകടമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ നാമെല്ലാവരും പ്രാര്‍ഥനയിലേക്കു തിരിയാറുണ്ട്. അപ്പോള്‍ പ്രാര്‍ഥനയെക്കുറിച്ചു പരസ്യമായിപ്പോലും സംസാരിക്കാന്‍ നാം മടിക്കാറില്ല. എന്നാല്‍, കാര്യങ്ങള്‍ സുഗമമായി പോകുമ്പോള്‍ പ്രാര്‍ഥനയില്‍ നാം വേണ്ടത്ര ശ്രദ്ധ കാണിക്കാറുണേ്ടാ? അതേക്കുറിച്ചു പരസ്യമായി സംസാരിക്കാറുണേ്ടാ? അതുപോലെ, നമ്മുടെ കാര്യങ്ങള്‍ നന്നായി പോകുമ്പോള്‍ ആരുടെയെങ്കിലും പ്രാര്‍ഥനാസഹായം തേടാറുണേ്ടാ?

എന്നാല്‍, അപകടസാഹചര്യത്തിലാണെങ്കിലും അല്ലെങ്കിലും നമുക്കെപ്പോഴും ദൈവത്തിന്റെ സഹായംകൂടിയേ തീരൂ എന്നതു മറക്കേണ്ട. അതുപോലെ, ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുപോലെ ദൈവവുമായി ബന്ധം പുലര്‍ത്തിയേ മതിയാകൂ. കാരണം, അവിടുന്നാണ് നമ്മുടെ ജീവന്റെ സ്രോതസ്. അവിടുന്നാണ് നമ്മുടെ ജീവന്റെ ശക്തി.

അപകടസാഹചര്യങ്ങളിലും നമുക്കു മാരകരോഗങ്ങളും മറ്റും ഉണ്ടാകുമ്പോഴും നാം കൂടുതല്‍ പ്രാര്‍ഥിക്കുമെന്നത് ശരിയാണ്. അതില്‍ തെറ്റുമില്ല. എന്നു മാത്രമല്ല, അങ്ങനെയുള്ള സാഹചര്യങ്ങളില്‍ തീര്‍ച്ചയായും കൂടുതല്‍ പ്രാര്‍ഥിക്കുകയും വേണം.

എന്നാല്‍, നമ്മുടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുമ്പോള്‍ പ്രാര്‍ഥന ആവശ്യമില്ലെന്നു നാം ചിന്തിക്കുന്നുണെ്ടങ്കില്‍ അത് പരമാബദ്ധംതന്നെ. അതുപോലെ, നമ്മുടെ സ്വന്തം മിടുക്കുകൊണ്ടാണ് കാര്യങ്ങള്‍ ഭംഗിയായി പോകുന്നതെന്നു കരുതുന്നുവെങ്കില്‍ നമ്മെക്കാള്‍ ഭോഷന്മാര്‍ ഈ ലോകത്തില്‍ വേറെ ആരുമുണ്ടാകില്ല.

ദൈവമാണു നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമെന്നും അവിടുത്തെക്കൂടാതെ നമുക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും ഉറക്കെപ്പറയുന്ന പ്രവൃത്തിയാണ് പ്രാര്‍ഥന. അതുപോലെ, ജീവിതത്തിന്റെ കേന്ദ്രമായ ദൈവത്തോടു ബന്ധപ്പെട്ട് അവിടുന്നില്‍നിന്നു നമുക്കു ശക്തി സംഭരിച്ചുതരുന്ന മാര്‍ഗമാണ് പ്രാര്‍ഥന.

ചിലരെ സംബന്ധിച്ചിടത്തോളം പ്രാര്‍ഥന അവസാനത്തെ രക്ഷാമാര്‍ഗമാണ്. വേറൊന്നുകൊണ്ടും രക്ഷയില്ലെന്നു വരുമ്പോള്‍ ദൈവത്തിലേക്കു തിരിയുന്ന അവസ്ഥയാണിത്. എന്നാല്‍, നമ്മെ സംബന്ധിച്ചിടത്തോളം പ്രാര്‍ഥന അവസാനത്തേത് എന്നപോലെ ആദ്യത്തെയും എപ്പോഴത്തെയും അഭയമായിരിക്കണം. കാരണം പ്രാര്‍ഥനവഴി നാം ബന്ധപ്പെടുന്ന ശക്തി എല്ലാ ശക്തികളെക്കാള്‍ എത്രയോ അധികം ശക്തമാണ്!
    
To send your comments, please clickhere