Jeevithavijayam
12/11/2018
    
ദൈവവുമായി ഒരു ഇന്റര്‍വ്യു
ആരോ ഒരാളുടെ ഭാവന മെനഞ്ഞെടുത്ത ഒരു ഇന്റര്‍വ്യൂവിന്റെ കഥ. ഇന്റര്‍വ്യു ചെയ്യുന്നത് ആരെന്നു വ്യക്തമല്ല. എന്നാല്‍ ഇന്റര്‍വ്യു ചെയ്യപ്പെടുന്നതാകട്ടെ ദൈവവും!

ചോദ്യകര്‍ത്താവ് ദൈവസന്നിധിയിലെത്തിയപ്പോള്‍ അവിടുന്നു പറഞ്ഞു: ''വരൂ. എന്നെ ഇന്റര്‍വ്യു ചെയ്യുവാന്‍ വന്നിരിക്കുകയാണ്, അല്ലേ?

''അവിടുത്തേക്കു സമയമുണെ്ടങ്കില്‍ മാത്രം,'' ആഗതന്‍ പറഞ്ഞു.

''എന്റെ സമയമെന്നു പറയുന്നത് നിത്യതയാണ്,'' ദൈവം പറഞ്ഞു. ''എല്ലാം ചെയ്യുവാന്‍ എനിക്കു സമയമുണെ്ടന്നു ചുരുക്കം. പിന്നെ, എന്തു ചോദ്യങ്ങളാണു ചോദിക്കുവാനുള്ളത്?

''അങ്ങേക്കറിയാത്ത ചോദ്യങ്ങളൊന്നുമല്ല,'' ആഗതന്‍ പറഞ്ഞു. ''എന്റെ ആദ്യത്തെ ചോദ്യം ഇതാണ്: മനുഷ്യരായ ഞങ്ങളെക്കുറിച്ച് അങ്ങയെ അദ്ഭുതപ്പെടുത്തുന്നത് എന്തൊക്കെയാണ്?

''പണമുണ്ടാക്കുവാന്‍ വേണ്ടി നിങ്ങള്‍ നിങ്ങളുടെ ആരോഗ്യവും മനഃസമാധാനവും നഷ്ടപ്പെടുത്തുന്നു,'' ഒരു പുഞ്ചിരിയോടെ ദൈവം പറഞ്ഞു. ''എന്നാല്‍ പിന്നീട് ആരോഗ്യവും മനഃസമാധാനവും വീണെ്ടടുക്കുവാന്‍ നിങ്ങള്‍ നിങ്ങളുടെ പണം നഷ്ടപ്പെടുത്തുന്നു.

''നിങ്ങള്‍ ഭാവിയെക്കുറിച്ചു ചിന്തിച്ച് ആകുലപ്പെടുന്നതുമൂലം ഇന്നത്തെ ജീവിതത്തെക്കുറിച്ചു നിങ്ങള്‍ മറന്നുപോകുന്നു. തന്മൂലം, ഇന്നത്തേത് എന്നതുപോലെ നിങ്ങളുടെ ഭാവിയിലെ ജീവിതവും ജീവനില്ലാത്തതായി മാറുന്നു.

''നിങ്ങള്‍ ഒരിക്കലും മരിക്കുകയില്ല എന്ന ഭാവേന നിങ്ങള്‍ ജീവിക്കുന്നു. എന്നാല്‍ ഒരിക്കലും ജീവിച്ചിട്ടില്ലാത്തവരെപ്പോലെ നിങ്ങള്‍ മരിക്കുന്നു!

ദൈവം പറഞ്ഞുനിറുത്തിയെന്നു തോന്നിയപ്പോള്‍ ആഗതന്‍ വീണ്ടും ചോദിച്ചു: ''അങ്ങയുടെ മക്കളായ ഞങ്ങള്‍ ഓര്‍മിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

വീണ്ടും ഒരു പുഞ്ചിരിയോടെ ദൈവം പറഞ്ഞു: ''ആരെയും നിര്‍ബന്ധിച്ച് നിങ്ങളെ സ്‌നേഹിപ്പിക്കുവാനാവില്ല എന്നു മനസിലാക്കുക. എന്നാല്‍, മറ്റുള്ളവരുടെ സ്‌നേഹം സ്വീകരിക്കുവാന്‍ നിങ്ങള്‍ക്കു നിങ്ങളെ സ്വയം അര്‍ഹരാക്കുവാന്‍ സാധിക്കുമെന്നറിയുക.

''മറ്റുള്ളവര്‍ക്കു നിങ്ങളില്‍ വിശ്വാസം ഉണ്ടാകണമെങ്കില്‍ അതിനു നിരവധി വര്‍ഷം വേണ്ടിവരുമെന്നും എന്നാല്‍ നിങ്ങളിലുള്ള വിശ്വാസം തകരുവാന്‍ ഒരു നിമിഷം മാത്രമേ വേണ്ടിവരൂ എന്നും അറിയുക.

''സ്വയം മറ്റുള്ളവരുമായി എപ്പോഴും താരതമ്യം ചെയ്യുന്നതു ശരിയല്ല എന്നറിയുക. കാരണം, നിങ്ങളെക്കാള്‍ കൂടുതലായി അനുഗ്രഹിക്കപ്പെട്ടവരും കുറവായി അനുഗ്രഹിക്കപ്പെട്ടവരും എപ്പോഴും ഉണ്ടാകും.

''ഏറ്റവും കൂടുതലുള്ളവനല്ല, ഏറ്റവും കുറച്ച് ആവശ്യങ്ങള്‍ ഉള്ളവനാണ് ഏറ്റവും വലിയ ധനികന്‍ എന്നു മനസിലാക്കുക.

''നിങ്ങള്‍ നിങ്ങളുടെ സ്വഭാവരീതികളെ നിയന്ത്രിച്ചില്ലെങ്കില്‍ അവ നിങ്ങളുടെ ജീവിതരീതികളെ നിയന്ത്രിക്കും എന്നു മനസിലാക്കുക.

''സ്‌നേഹിക്കുന്നവരെ വ്രണപ്പെടുത്തുവാന്‍ നിമിഷങ്ങള്‍ മതിയെന്നും എന്നാല്‍ ആ വ്രണങ്ങള്‍ സുഖപ്പെടുത്തുവാന്‍ നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ഓര്‍മിക്കുക.

''നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ച് വല്ലപ്പോഴും വിഷമം തോന്നുവാന്‍ കാരണമുണെ്ടങ്കിലും മറ്റുള്ളവരെ വിഷമിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്നറിയുക.


''നിങ്ങള്‍ മറ്റുള്ളവരോടു ക്ഷമിച്ചാല്‍ മാത്രം പോരെന്നും സ്വയം ക്ഷമിക്കണമെന്നും മനസിലാക്കുക.

''യഥാര്‍ഥ സുഹൃത്തുക്കള്‍ അപൂര്‍വമാണെന്നും ഒരു യഥാര്‍ഥ സുഹൃത്തിനെ കണെ്ടത്തിയാല്‍ ഒരു നിധി കണെ്ടത്തിയതുപോലെയാണെന്നും കരുതുക.

''നിങ്ങള്‍, പറയാത്ത കാര്യങ്ങളുടെ ഉടമയും പറയുന്ന കാര്യങ്ങളുടെ അടിമയുമാണെന്ന് അറിയുക.

''നിങ്ങള്‍ വിതയ്ക്കുന്നതു മാത്രമേ കൊയ്യുകയുള്ളൂ എന്നും സ്‌നേഹം വിതച്ചാല്‍ സന്തോഷം കൊയ്‌തെടുക്കാമെന്നും ഓര്‍മിക്കുക.

''ലക്ഷ്യങ്ങള്‍ നേടുന്നതില്‍ മാത്രമല്ല സന്തോഷം അടങ്ങിയിരിക്കുന്നതെന്നും ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള പരിശ്രമവും സന്തുഷ്ടി പ്രദാനം ചെയ്യുമെന്നും അറിയുക.

''സത്യസന്ധതയും ആത്മാര്‍ഥതയുമുള്ളവര്‍ ജീവിതത്തില്‍ ബഹുദൂരം പോകുമെന്ന് അറിയുക.

''കൊടുക്കുവാന്‍ നിങ്ങളുടെ പക്കല്‍ ഒന്നുമില്ലെന്നു നിങ്ങള്‍ കരുതുമ്പോഴും മറ്റുള്ളവരുടെ കണ്ണീരു തുടയ്ക്കുവാനും ദുഃഖം ശമിപ്പിക്കുവാനും നിങ്ങള്‍ക്കു നിരവധി വഴികളുണെ്ടന്ന് ഓര്‍മിക്കുക.

''ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതായി നിങ്ങള്‍ക്ക് എന്തുണെ്ടന്നല്ല ആരുണെ്ടന്നാണ് നിങ്ങള്‍ ചോദിക്കേണ്ടത്.

''നിങ്ങള്‍ സമ്പാദിക്കുന്ന പണം നിങ്ങള്‍ക്കു ശാശ്വതസൗഭാഗ്യം നേടിത്തരികയില്ലെന്ന് അറിയുക.

''നിങ്ങളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവരുണെ്ടന്നും എന്നാല്‍ അവര്‍ക്ക് തങ്ങളുടെ സ്‌നേഹം പ്രകാശിപ്പിക്കാനറിയില്ലെന്നും ഓര്‍മിക്കുക.

''സ്‌നേഹം എന്ന വാക്കിന് പല അര്‍ഥമുണെ്ടന്നും യഥാര്‍ഥ സ്‌നേഹത്തില്‍ ത്യാഗം ഉള്‍ക്കൊണ്ടിട്ടുണെ്ടന്നും മറക്കാതിരിക്കുക.

''ഞാന്‍ നിങ്ങളെ എപ്പോഴും സ്‌നേഹിക്കുന്നുണെ്ടന്നും നിങ്ങളുടെ ഹൃദയം എന്നിലേക്കു തുറന്നിരുന്നാല്‍ നിങ്ങള്‍ എന്റെ സ്‌നേഹം എപ്പോഴും അനുഭവിക്കുമെന്നും ഓര്‍മിക്കുക.

''എന്നോടു ബന്ധപ്പെടുവാനുള്ള ഏറ്റവും എളുപ്പമുള്ള വഴി പ്രാര്‍ഥനയാണെന്നും അറിയുക.''

ദൈവത്തിനു പിന്നെയും വളരെക്കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുവാനുണ്ടായിരുന്നു. എന്നാല്‍, ഇന്റര്‍വ്യു ചെയ്യുവാനെത്തിയ ആളിനു തിടുക്കമുണ്ടായിരുന്നതുകൊണ്ട് ആ ഇന്റര്‍വ്യു ഇവിടംകൊണ്ടവസാനിക്കുകയാണു ചെയ്തത്. എങ്കിലും പ്രാര്‍ഥനയിലൂടെ പിന്നെയും ബന്ധപ്പെട്ടുകൊള്ളാമെന്ന വാഗ്ദാനത്തോടെയാണ് ഇന്റര്‍വ്യുകാരന്‍ പിരിഞ്ഞത്.

നമ്മുടെ ജീവിതം വിജയപ്രദവും സന്തോഷപൂര്‍ണവുമാക്കുവാന്‍ സഹായിക്കുന്ന കാര്യങ്ങളാണു ദൈവത്തില്‍ നിന്നുള്ള ഉപദേശമായി ഇന്റര്‍വ്യു തയാറാക്കിയ ആള്‍ മുകളില്‍ കൊടുത്തിരിക്കുന്നത്. ഇന്റര്‍വ്യു കെട്ടിച്ചമച്ചതാണെങ്കിലും ഇന്റര്‍വ്യുവില്‍ അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ വെറും ഭാവനാസൃഷ്ടിയല്ല. അവ നാം ഓര്‍മിക്കുകയും പാലിക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ തന്നെ.

ദൈവത്തിന്റെ പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഉപദേശങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമുണെ്ടങ്കില്‍ അവിടുത്തോടു നേരിട്ടു ചോദിക്കുവാന്‍ മടിക്കേണ്ട. അവിടുത്തോടു ബന്ധപ്പെടുവാനുള്ള വഴിയും അവിടുന്ന് പറഞ്ഞുതന്നിട്ടുണ്ടല്ലോ.
    
To send your comments, please clickhere