Jeevithavijayam
12/10/2018
    
കരുണയുടെ കണ്ണികള്‍
ഹൗ ഡു യു സ്‌പെല്‍ ഗോഡ്'' എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താക്കളായ റബ്ബി ജല്‍മെന്‍, മോണ്‍. തോമസ് ഹാര്‍ട്ട്മന്‍ എന്നിവര്‍ പറയുന്ന ഒരു കഥ:

വൃദ്ധനായ ഒരു രാജാവ് മരണത്തോടടുക്കുന്ന സമയം. അദ്ദേഹം തന്റെ മൂന്നു പുത്രന്മാര്‍ക്കുവേണ്ടി മൂന്നു മോതിരങ്ങള്‍ തയാറാക്കിവച്ചു. അതോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന കുറിപ്പും അദ്ദേഹം എഴുതിവച്ചു:

''എന്റെ പ്രിയ മക്കളേ, ഈ മൂന്നു മോതിരങ്ങളില്‍ ഒരെണ്ണം മാത്രമേ എല്ലാ രീതിയിലും മികച്ചതായിട്ടുള്ളൂ. മറ്റു രണെ്ടണ്ണവും മികച്ചവയല്ല. മികച്ചത് ആര്‍ക്കാണു ലഭിച്ചിരിക്കുന്നത് എന്നറിയുവാന്‍ ഒരു മാര്‍ഗമുണ്ട്. അതിതാണ്: നല്ല മോതിരം അണിയുവാന്‍ ഭാഗ്യം ലഭിക്കുന്നയാള്‍ മറ്റുള്ളവരോട് എപ്പോഴും ദയാലുവും ഉദാരമതിയുമായിരിക്കും.''

രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂന്നു മക്കള്‍ക്കും ഓരോ മോതിരം ലഭിച്ചു. ഏറ്റവും മികച്ച മോതിരത്തിന്റെ ഉടമ താനാണെന്നു വരുത്തുവാന്‍ വേണ്ടി അവര്‍ ഓരോരുത്തരും എല്ലാവരോടും കാരുണ്യപൂര്‍വവും ഔദാര്യപൂര്‍വവും പെരുമാറി.

നമ്മുടെയിടയില്‍, മറ്റുള്ളവരോടു കാരുണ്യപൂര്‍വവും ഔദാര്യപൂര്‍വവും പെരുമാറുന്നവര്‍ മികച്ച മോതിരം അണിയുന്നവരല്ലായിരിക്കാം. എന്നാല്‍ അങ്ങനെയുള്ളവര്‍ മികച്ച വ്യക്തിത്വത്തിന്റെ ഉടമകളാണെന്നതില്‍ സംശയമില്ല.

കരുണയോടെ, ഔദാര്യപൂര്‍വം മറ്റുള്ളവരോട് പെരുമാറുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, കാരുണ്യം അല്പം പോലുമില്ലാതെ സഹജീവികളോടു പെരുമാറുന്നവരും കുറവല്ല നമ്മുടെയിടയില്‍. ഒരുപക്ഷേ, മറ്റുള്ളവരോടു കാരുണ്യം കാട്ടിയാല്‍ അതുവഴി വലിയ നഷ്ടമുണ്ടാകും എന്നാകും അവരുടെ ഭയം.

എന്നാല്‍ നാം കാരുണ്യം കാണിച്ചാല്‍ അതുവഴി നമുക്കുണ്ടാകുന്നതു നഷ്ടത്തെക്കാള്‍ പതിന്മടങ്ങ് ലാഭമാണെന്നതാണു വസ്തുത. പണത്തിന്റെ തലത്തില്‍ മാത്രം ജീവിതത്തിലെ ലാഭനഷ്ടങ്ങളെക്കുറിച്ച് കണക്കുകൂട്ടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് എപ്പോഴും ശരിയല്ലായിരിക്കാം. എന്നാല്‍ ജീവിതത്തെ സമഗ്രമായി വീക്ഷിച്ച് ലാഭനഷ്ടങ്ങളെക്കുറിച്ചു വിലയിരുത്തുന്നവര്‍ക്ക് സ്വന്തം കാരുണ്യവും ഔദാര്യവുമൊക്കെ തങ്ങള്‍ക്കു നേടിത്തരുന്ന നേട്ടങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.

നാം മറ്റുള്ളവരോടു കാരുണ്യം കാണിച്ചാല്‍ നമുക്കും കാരുണ്യം ലഭിക്കും എന്നതാണു സത്യം. അതുപോലെ, നാം ഔദാര്യപൂര്‍വം പെരുമാറിയാല്‍ നമുക്കും ഔദാര്യപൂര്‍വമുള്ള പെരുമാറ്റം ലഭിക്കും എന്നതില്‍ സംശയംവേണ്ട.

അടുത്ത നാളില്‍ അമേരിക്കയില്‍നിന്ന് ഇമെയില്‍ വഴി ഒഴുകിയെത്തിയ ഒരു സംഭവകഥ ഇവിടെ കുറിക്കട്ടെ:

ഷിക്കാഗോ നഗരത്തിനടുത്തുള്ള ഒരു കൊച്ചുപട്ടണം. അവിടെയുണ്ടായിരുന്ന ഒരു വലിയ ഫാക്ടറി അടച്ചുപൂട്ടിയപ്പോള്‍ മറ്റു പലരെയുംപോലെ ബ്രയന്‍ എന്ന ചെറുപ്പക്കാരനും തൊഴില്‍രഹിതനായി.

ബ്രയന്റെ കൂട്ടുകാരില്‍ പലരും ജോലി തേടി മറ്റു സ്ഥലങ്ങളിലേക്കു പോയി. എന്നാല്‍, ബ്രയന്റെ മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ആ കൊച്ചുപട്ടണത്തിലായിരുന്നതുകൊണ്ട് അവിടെനിന്നു താമസം മാറ്റുവാന്‍ ബ്രയനു മനസുതോന്നിയില്ല.

അയാള്‍ ഒരു ദിവസം ജോലി അന്വേഷിച്ച് നിരാശനായി തന്റെ പഴയ കാറില്‍ മടങ്ങിവരുമ്പോള്‍ വഴിയരികില്‍ പാര്‍ക്കുചെയ്തിരുന്ന കാറിന് സമീപമായി ഒരു സ്ത്രീ നില്‍ക്കുന്നതു കണ്ടു. അപ്പോള്‍ നേരം ഇരുണ്ടുതുടങ്ങിയിരുന്നു. തണുപ്പു കാലമായിരുന്നതുകൊണ്ട് ചെറിയതോതില്‍ മഞ്ഞു വീഴുന്നുണ്ടായിരുന്നു.

ബ്രയന്‍ പെട്ടെന്നു കാര്‍ നിര്‍ത്തി വിവരം തിരക്കി. കാറിന്റെ ടയര്‍ പംക്ചറായതുമൂലം യാത്ര തുടരാനാകാതെ വിഷമിച്ചു നില്‍ക്കുകയായിരുന്നു അവര്‍. ആ സ്ത്രീക്കാണെങ്കില്‍ കാറിന്റെ ടയര്‍ മാറ്റുവാന്‍ അറിയുകയുമില്ലായിരുന്നു.


ബ്രയന്‍ വേഗം കാറിന്റെ ടയര്‍ മാറ്റിയിട്ടുകൊടുത്തു. ആ സ്ത്രീ ഷിക്കാഗോയില്‍നിന്നു സെന്റ് ലൂയീസിലേക്കു പോവുകയായിരുന്നുവെന്നു സംഭാഷണത്തിനിടയില്‍ ബ്രയനു വ്യക്തമായി. അയാള്‍ ടയര്‍ മാറ്റുന്ന പണി തീര്‍ത്തപ്പോള്‍ അതിന് എന്തു പ്രതിഫലം വേണം എന്നു സ്ത്രീ ചോദിച്ചു.

ബ്രയന് എന്തു പ്രതിഫലവും കൊടുക്കാന്‍ ആ സ്ത്രീ തയാറായിരുന്നു. കാരണം, ആ വഴി പലരും അതിനു മുമ്പു കടന്നു പോയെങ്കിലും അവരെ സഹായിക്കുവാനുള്ള സന്നദ്ധത ബ്രയനു മാത്രമേ ഉണ്ടായുള്ളൂ.

തനിക്കു പ്രതിഫലമൊന്നും വേണെ്ടന്നു ബ്രയന്‍ പറഞ്ഞു. എന്നാല്‍ ആ സ്ത്രീ പ്രതിഫലം വാങ്ങുവാന്‍ ബ്രയനെ നിര്‍ബന്ധിച്ചു. പണത്തിനു വളരെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അയാള്‍ പ്രതിഫലം സ്വീകരിക്കുവാന്‍ തയാറായില്ല. അയാള്‍ അവരോടു പറഞ്ഞു: പ്രതിഫലം നല്‍കണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഇനി നിങ്ങളുടെ സഹായം ആവശ്യമായി വരുന്ന ആരെയെങ്കിലും കാണുമ്പോള്‍ എന്നെ ഓര്‍മിച്ചുകൊണ്ട് അവരെ സഹായിക്കുക.

ആ സ്ത്രീക്കു സ്വീകാര്യമായിരുന്നു ബ്രയന്റെ നിര്‍ദേശം. അവര്‍ ബ്രയനു നന്ദി പറഞ്ഞുകൊണ്ട് യാത്രയായി.

സ്ത്രീ യാത്ര തുടങ്ങി നാലഞ്ചുമൈല്‍ കഴിഞ്ഞപ്പോള്‍ ഒരു ചെറിയ റെസ്റ്ററന്റ് കണ്ടു. ഭക്ഷണം കഴിക്കുവാന്‍വേണ്ടി അവര്‍ അവിടെ കയറി.

ഗര്‍ഭിണിയായ ഒരു വെയ്ട്രസ് ആണ് അവരെ അവിടെ സ്വീകരിച്ചത്. ദിവസം മുഴുവന്‍ ജോലി ചെയ്തു തളര്‍ന്നിരുന്ന ആ യുവതി സന്തോഷപൂര്‍വം അവരെ സ്വീകരിച്ച് അവര്‍ ആവശ്യപ്പെട്ട ഭക്ഷണം തയാറാക്കിക്കൊടുത്തു.

ഭക്ഷണത്തിന്റെ ബില്‍ ചെറിയ തുകയുടേതായിരുന്നു. എങ്കിലും നൂറു ഡോളറിന്റെ നോട്ടാണ് ആ സ്ത്രീ വെയ്ട്രസിന്റെ കൈയില്‍ കൊടുത്തത്. വെയ്ട്രസ് കൗണ്ടറില്‍ ബില്ലടച്ച് ബാക്കി തുകയുമായി മടങ്ങിയെത്തിയപ്പോള്‍ ആ സ്ത്രീയെ കാണുവാനില്ലായിരുന്നു. എന്നാല്‍ അവര്‍ ഭക്ഷണം കഴിച്ച ടേബിളില്‍ നാനൂറു ഡോളറും അതോടൊപ്പം ഒരു കുറിപ്പും കണ്ടു. ആ കുറിപ്പ് ഇപ്രകാരമായിരുന്നു:

നിങ്ങള്‍ക്ക് എന്നോട് ഒരു കടപ്പാടും വേണ്ട. എന്നാല്‍ എന്റെ ഈ പ്രവൃത്തിക്ക് പ്രതിഫലം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സ്‌നേഹത്തിന്റെ ചങ്ങല നിങ്ങളില്‍ അവസാനിക്കാതിരുന്നാല്‍ മാത്രം മതി.

ജോലി കഴിഞ്ഞ് ആ വെയ്ട്രസ് വീട്ടിലെത്തുമ്പോള്‍ അവരുടെ ഭര്‍ത്താവായ ബ്രയന്‍ അവരെ കാത്തിരിപ്പുണ്ടായിരുന്നു.

ഒരപരിചിതയായ സ്ത്രീ തന്നെ സഹായിച്ച കഥയാണു ബ്രയന്റെ ഭാര്യയ്ക്ക് പറയുവാനുണ്ടായിരുന്നത്. ആ കഥ കേട്ടപ്പോള്‍ ബ്രയന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി ഊറി. അതോടൊപ്പം ബ്രയന്‍ നന്ദിപൂര്‍വം കണ്ണുകള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തി.

തനിക്കു പ്രതിഫലം കിട്ടുവാന്‍ വേണ്ടിയായിരുന്നില്ല ബ്രയന്‍ അപരിചിതയെ സഹായിച്ചത്. ആ സ്ത്രീ പ്രതിഫലം നല്‍കുവാന്‍ തയാറായിട്ടും തന്റെ കാരുണ്യപ്രവൃത്തിക്കു ബ്രയന്‍ പ്രതിഫലം വാങ്ങിയില്ല. എന്നാല്‍ ദൈവത്തിന്റെ പരിപാലനയില്‍ ആ സ്ത്രീയില്‍നിന്നുതന്നെ ബ്രയനു സഹായം ലഭിച്ചു.

ഇക്കഥ അവിശ്വസനീയമായി തോന്നാം. എന്നാല്‍ ദൈവത്തിന്റെ മക്കളായ സഹജീവികളോടു നാം കരുണയും ഔദാര്യവും കാണിച്ചാല്‍ ഈ ലോകത്തില്‍ത്തന്നെ ദൈവം അതിനു പ്രതിഫലം തരും എന്നതില്‍ സംശയം വേണ്ട. കരുണയുള്ളവര്‍ക്കു കരുണ ലഭിക്കും എന്നു യേശു പറഞ്ഞതു വെറുതെയല്ലല്ലോ.
    
To send your comments, please clickhere