Jeevithavijayam
11/21/2018
    
കുറവുകളുള്ള കുതിരകള്‍
അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും താരത്തിളക്കമുള്ളയാളാണ് ഏബ്രഹാം ലിങ്കണ്‍ (1809 1865). അമേരിക്കയിലെ അടിമത്ത വ്യവസ്ഥിതി നിര്‍മാര്‍ജനം ചെയ്തതിലൂടെ ചരിത്രത്തില്‍ ഉന്നതസ്ഥാനം നേടിയെടുത്ത അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ നല്ല കഥകളുണ്ട്.

ലിങ്കണ്‍ അഭിഭാഷകനായി ജോലിചെയ്തിരുന്ന കാലം. പരിചയക്കാരനായിരുന്ന ഒരു കര്‍ഷകനെ യാത്രയ്ക്കിടയില്‍ അദ്ദേഹം കണ്ടുമുട്ടി. സന്തോഷപൂര്‍വം ലിങ്കണ്‍ അയാളുടെ വിശേഷങ്ങള്‍ തിരക്കി. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഒരു കേസിന്റെ കാര്യവും പരാമര്‍ശിക്കപ്പെട്ടു. തന്റെ ഒരു അയല്‍ക്കാരനെതിരായി കേസ് കൊടുക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നു കര്‍ഷകന്‍ ലിങ്കണോടു പറഞ്ഞു. അപ്പോള്‍ ലിങ്കണ്‍ ചോദിച്ചു: ''നിങ്ങള്‍ എത്ര നാളായി അയല്‍ക്കാരായി കഴിയാന്‍ തുടങ്ങിയിട്ട്?''

''പതിനഞ്ചു വര്‍ഷം,'' കര്‍ഷകന്‍ മറുപടി പറഞ്ഞു.

''ഈ പതിനഞ്ചു വര്‍ഷത്തിനിടയില്‍ നിങ്ങള്‍ പലതവണ പിണങ്ങുകയും ഇണങ്ങുകയും ചെയ്തിട്ടില്ലേ?'' ലിങ്കണ്‍ ചോദിച്ചു. ''ഉണ്ട്,'' കര്‍ഷകന്‍ പറഞ്ഞു.

''നിങ്ങള്‍ എന്റെ കുതിരയെ നോക്കൂ,'' താന്‍ സവാരി ചെയ്തിരുന്ന കുതിരയെ ചൂണ്ടിക്കാണിച്ചുകൊണ്ടു ലിങ്കണ്‍ പറഞ്ഞു. ''ചിലപ്പോള്‍ എന്റെ കുതിരയോട് എനിക്കു ദേഷ്യം വരും. കാരണം, ഞാന്‍ ആഗ്രഹിക്കുന്നതുപോലെ അവന്‍ പ്രവര്‍ത്തിക്കില്ല. എന്നിരുന്നാലും അവന്‍ എന്നെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നുണ്ട്. അതുകൊണ്ട് അവന്റെ പോരായ്മകള്‍ ഞാന്‍ അവഗണിക്കുകയാണു പതിവ്. ഞാന്‍ വേറെ ഒരു കുതിരയെ വാങ്ങിയാലും അവനും അത്ര കേമനായിക്കൊള്ളണമെന്നില്ല.'' ലിങ്കന്റെ വാക്കുകള്‍ ആ കര്‍ഷകന്റെ മനസ് മാറ്റി. അയാള്‍ അയല്‍ക്കാരനോടു കേസിനു പോയില്ല. തന്റെ അയല്‍ക്കാരന്റെ പോരായ്മകള്‍ ഊതിപ്പെരുപ്പിക്കാതെ കര്‍ഷകന്‍ അയാളോടു വിവേകപൂര്‍വം പെരുമാറി.

നമുക്കുമുണ്ട് അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹിതരുമൊക്കെ. അവരാരും എല്ലാം തികഞ്ഞവരല്ല. അവര്‍ക്കുമുണ്ട് ധാരാളം പോരായ്മകള്‍. ഇത്തരം കുറവുകളുള്ള നമ്മുടെ ബന്ധുക്കളോടും സ്‌നേഹിതരോടും അയല്‍ക്കാരോടുമൊക്കെ നാം എങ്ങനെയാണു പെരുമാറുന്നത്? അവരുടെ പോരായ്മകള്‍ മനസിലാക്കി അവരോടു നാം കാരുണ്യം കാണിക്കാറുണ്ടോ? അതോ, അവരോട് ഏറ്റുമുട്ടി അവരുടെയും നമ്മുടെയും ജീവിതം നരകതുല്യമാക്കുകയാണോ ചെയ്യുന്നത്?

അയല്‍ക്കാരനോടു ക്ഷമാപൂര്‍വം പെരുമാറാന്‍ കര്‍ഷകസുഹൃത്തിനെ ഉപദേശിച്ച ലിങ്കന്റെ വ്യക്തിജീവിതത്തിലേക്കു നമുക്കൊന്നു കടന്നുചെല്ലാം: യുവാവായിരുന്നപ്പോള്‍ ലിങ്കണ്‍ ആന്‍ റുട്‌ലെഡ്ജ് എന്നൊരു യുവതിയെ വിവാഹംചെയ്യാനാണ് ആഗ്രഹിച്ചത്. പക്ഷേ, വിവാഹത്തിനു മുന്‍പ് ആ യുവതി മരിച്ചുപോയി.

പിന്നീട്, കുലീന കുടുംബത്തില്‍പ്പെട്ട മേരി ടോഡ് എന്ന സ്ത്രീയെയാണ് ലിങ്കണ്‍ വിവാഹം കഴിച്ചത്. പക്ഷേ, ലിങ്കണ് യോജിക്കുന്ന ഒരു ഭാര്യയായിരുന്നില്ല മേരി. ആഡംബരജീവിതം ഇഷ്ടപ്പെട്ട ഒരു പൊങ്ങച്ചക്കാരിയായിരുന്നു ആ സ്ത്രീ. ലിങ്കന്റെ ഉന്നതചിന്തയും ലളിതജീവിതവുമൊന്നും അവര്‍ ലവലേശം ഇഷ്ടപ്പെട്ടില്ല. സാധാരണക്കാരായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊക്കെ മേരിക്കു പുച്ഛമായിരുന്നു. അഭിഭാഷകവൃത്തിയില്‍ ആജീവനാന്തം ലിങ്കന്റെ പങ്കാളിയായിരുന്ന വില്യം ഹെര്‍നടണ്‍ എന്നയാളോടു മേരിക്കുണ്ടായിരുന്ന അപ്രീതി അവള്‍ ഒരിക്കലും മറച്ചുവച്ചിരുന്നില്ല.


മേരിയുടെ സ്വഭാവവും പ്രവര്‍ത്തനശൈലിയുമൊന്നും ലിങ്കണ് ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും അദ്ദേഹം ഭാര്യയോടു വളരെ ക്ഷമാപൂര്‍വം പെരുമാറി. ഭാര്യയ്ക്കു നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും അവയുടെ പേരില്‍ നിരന്തരം വഴക്കിടാനല്ല ലിങ്കണ്‍ തുനിഞ്ഞത്; പകരം, അവരോടു ദയാപൂര്‍വം പെരുമാറി.

ഭാര്യയുടെ കുറ്റങ്ങളും കുറവുകളും ക്ഷമാപൂര്‍വം സഹിച്ച ലിങ്കണ്‍ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും വിഭിന്നനായിരുന്നില്ല. ലിങ്കണ്‍ പ്രസിഡന്റായിരുന്നപ്പോഴാണ് അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

അന്ന് ലിങ്കന്റെ കീഴില്‍ വടക്കന്‍ സംസ്ഥാനങ്ങളുടെ പട്ടാള കമാന്‍ഡര്‍മാരിലൊരാളായി പ്രവര്‍ത്തിച്ചത് യുലിസസ് ഗ്രാന്റ് ആയിരുന്നു. ഒരു മുക്കുടിയനായിരുന്നു ഗ്രാന്റ്. ഗ്രാന്റിന്റെ മദ്യപാനശീലത്തെ പലരും അതിനിശിതമായി വിമര്‍ശിച്ചപ്പോഴും ലിങ്കണ്‍ അനുകമ്പാപൂര്‍വമാണു ഗ്രാന്റിനോടു പെരുമാറിയത്. അതിനു ഫലംകാണുകയും ചെയ്തു. തെക്കന്‍ സംസ്ഥാനങ്ങളുടെ മുന്നേറ്റം അവസാനിപ്പിക്കുന്നതില്‍ ഗ്രാന്റ് പ്രമുഖ സ്ഥാനംതന്നെ വഹിച്ചു.

മറ്റുള്ളവരുടെ പോരായ്മകള്‍ ലിങ്കണെപ്പോലെ എപ്പോഴും ക്ഷമിക്കാനോ അവരോട് അനുകമ്പാപൂര്‍വം പെരുമാറാനോ നമുക്കത്ര എളുപ്പമായിരിക്കില്ല. എന്നാല്‍, നാം ഒരുകാര്യം ഓര്‍മിക്കണം. നമ്മുടെ സ്വഭാവരീതിയിലും പ്രവര്‍ത്തനശൈലിയിലുമൊക്കെ എത്രയോ പോരായ്മകള്‍ ഉണ്ട്. അവയൊക്കെ മറ്റുള്ളവര്‍ കാരുണ്യപൂര്‍വം ക്ഷമിക്കുന്നതുകൊണ്ടല്ലേ നമുക്കു സന്തോഷത്തോടെ മുന്നോട്ടു പോകാന്‍ സാധിക്കുന്നത്?

നമ്മുടെ ജീവിതത്തിലെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവര്‍ വളരെ ഗൗരവപൂര്‍വം എടുക്കുന്നുവെന്നു കരുതുക. അപ്പോള്‍ നമ്മുടെ ജീവിതം വളരെ ക്ലേശകരമായി മാറില്ലേ? നമ്മുടെ പല പോരായ്മകളും ചുറ്റുമുള്ളവര്‍ കണ്ടില്ലെന്നു നടിക്കുകയല്ലേ ചെയ്യുന്നത്? അതുകൊണ്ടല്ലേ വളരെ ഹൃദ്യമായി അവര്‍ക്കു നമ്മോടു പെരുമാറാന്‍ സാധിക്കുന്നത്?

അതുപോലെ, നാമും മറ്റുള്ളവരുടെ പോരായ്മകള്‍ക്ക് അവ അര്‍ഹിക്കുന്ന സ്ഥാനമേ നല്‍കാവൂ. സാധിക്കുമെങ്കില്‍ അവയെല്ലാം അവഗണിക്കുകയാണു നല്ലത്. എന്നാല്‍, അവ ഗൗരവമേറിയവയാണെങ്കില്‍ അനുകമ്പയോടെ മാത്രമേ നാം അവയോടു പ്രതികരിക്കാവൂ. നാമാരും പൂര്‍ണരല്ല. നമുക്കും മറ്റുള്ളവര്‍ക്കും പല പോരായ്മകളുമുണ്ടാകും. ആ പോരായ്മകള്‍ പരിഹരിക്കാന്‍ നാം ആത്മാര്‍ഥമായി ശ്രമിക്കണം. എന്നാല്‍, അതോടൊപ്പം മറ്റുള്ളവരുടെ പോരായ്മകള്‍ പെരുപ്പിച്ചുകാണാതെ അവരോടു ക്ഷമാപൂര്‍വം പെരുമാറുകയും വേണം.
    
To send your comments, please clickhere