എല്ലാക്കാലത്തേയും ഏറ്റവും നല്ല എഴുത്തുകാരിലൊരാളായി ആദരിക്കപ്പെടുന്ന പ്രതിഭാശാലിയാണു ലിയോ ടോൾസ്റ്റോയ് (18281910). റഷ്യയുടെ അഭിമാനപാത്രമായ ഈ സാഹിത്യകാരന്റെ ഏറ്റവും അറിയപ്പെടുന്ന കഥകളിലൊന്നാണു ’മാസ്റ്റർ ആൻഡ് മാൻ’.
ഈ കഥയിലെ പ്രധാന പാത്രമായ വസീലി ആൻഡ്രേയിച്ച് ബ്രെക്കനോവ് ഒരു സത്രത്തിന്റെ ഉടമയും ഭൂമിയിടപാടുകാരനുമാണ്. അതോടൊപ്പം, പള്ളിഭരണസമിതിയിലെ ഒരു പ്രധാന അംഗവുമാണ്.
ഡിസംബറിലെ ഒരു അതിശൈത്യദിവസം കുറെ അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് അയാൾക്ക് ഒരു യാത്ര പോകേണ്ടിവന്നു. അവിടെയുള്ള ഒരു കൃഷിത്തോട്ടം വളരെ ലാഭത്തിൽ വാങ്ങാൻ വേണ്ടിയായിരുന്നു ആ യാത്ര.
മഞ്ഞുവീഴുന്നതു മൂലം യാത്ര പോകേണ്ടയെന്നു ഭാര്യ പറഞ്ഞതാണ്. എന്നാൽ, ലാഭമുണ്ടാക്കാനുള്ള അത്യാർത്തിമൂലം എന്തു ത്യാഗം സഹിച്ചും ആ യാത്ര പോകാൻ അയാൾ തയാറായിരുന്നു. അപ്പോഴാണ്, സഹായത്തിനായി നികിത എന്ന ജോലിക്കാരനെ കൂടെ കൊണ്ടുപോകാൻ ഭാര്യ നിർബന്ധിച്ചത്.
ഒരു ജോലിക്കാരൻ എന്നതിലധികമായി ഒരു ആശ്രിതനായിരുന്നു നികിത. ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ട നികിത യജമാനന്റെ പുരയിടത്തിലെ ഒരു കൊച്ചു കുടിലിലാണ് താമസിച്ചിരുന്നത്. തന്മൂലം യജമാനനായ ബ്രെക്കനോവിനു തടസം നിൽക്കാൻ അയാൾക്കു സാധിക്കുമായിരുന്നില്ല. യജമാനൻ ആവശ്യപ്പെട്ടതു പോലെ, നികിത യാത്രയ്ക്കു തയാറായി.
കുതിര വലിക്കുന്ന ചക്രങ്ങളില്ലാത്ത ഹിമവണ്ടിയിലായിരുന്നു അവരുടെ യാത്ര. ശക്തിയായ മഞ്ഞുവീഴ്ചയുള്ളപ്പോൾ മഞ്ഞിലൂടെ തെന്നിനീങ്ങുന്ന ഹിമവണ്ടി മാത്രമേ യാത്രയ്ക്ക് ഉപകരിക്കുമായിരുന്നുള്ളൂ. അവർ യാത്ര തുടങ്ങി അധികം താമസിയാതെ ഹിമപാതം ശക്തമായി. തന്മൂലം, വഴി കാണാതെ തെറ്റായ ദിശയിലൂടെയായിരുന്നു അവരുടെ യാത്ര. അങ്ങനെയാണ്, ഗ്രിഷ്കിനോ എന്ന ഗ്രാമത്തിൽ അവർ എത്തിയത്.
വഴിതെറ്റി വീണ്ടും ആ ഗ്രാമത്തിലുള്ളവർ അവരെ സ്വീകരിച്ചു കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ അവിടെ താമസിക്കാൻ ക്ഷണിച്ചു. എന്നാൽ, മറ്റാരെങ്കിലും ആ കൃഷിത്തോട്ടം വാങ്ങുന്നതിനു മുൻപ് അവിടെ എത്തുകയായിരുന്നു ബ്രെക്കനോവിന്റെ ലക്ഷ്യം.
തന്മൂലം, അവർ യാത്ര തുടർന്നു. കുറെ കഴിഞ്ഞപ്പോൾ വീണ്ടും അവർക്കു വഴി തെറ്റി. അപ്പോൾ, തങ്ങളുടെ കുതിര ശരിയായ വഴിയിലൂടെ സ്വയം പോകുമെന്നു കരുതി നികിത കുതിരയുടെ കടിഞ്ഞാണ് അയച്ചുകൊടുത്തു.
കുതിരയാകട്ടെ അവരെ വീണ്ടും ഗ്രിഷ്കിനോ എന്ന ഗ്രാമത്തിൽത്തന്നെ എത്തിച്ചു. ഇത്തവണ അവിടെയുള്ളവരുടെ ആതിഥ്യം സ്വീകരിച്ച് അല്പസമയം വിശ്രമിച്ചു. രാത്രി വിശ്രമിച്ചിട്ടു പോകാമെന്നു പറഞ്ഞിട്ടും ബ്രെക്കനോവ അതിനു തയാറായില്ല. അയാൾ ആതിഥേയരോടു പറഞ്ഞു: ’ഒരു മണിക്കൂർ നഷ്ടപ്പെട്ടാൽ ഒരു വർഷംകൊണ്ടു പോലും അതു തിരിച്ചു പിടിക്കാനാവില്ല’.
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനിന്നു വണ്ടിയെ വലിച്ചുകയറ്റാൻ സാധിക്കാതെ വന്നതുകൊണ്ടു രാത്രി അവിടെ ചെലവഴിക്കുവാൻ അവർ നിർബന്ധിതരായി.
തണുപ്പിൽനിന്നു രക്ഷപ്പെടാൻ സഹായിക്കുന്ന നല്ല ഓവർകോട്ടായിരുന്നു ബ്രെക്കനോവ് ധരിച്ചിരുന്നത്. എന്നാൽ, നികിതയ്ക്കു ചൂടു പകരുവാൻ സഹായിക്കുന്ന നല്ല വസ്ത്രങ്ങളുണ്ടായിരുന്നില്ല.
അതിശക്തമായ തണുപ്പിൽ ഉറങ്ങാൻ കിടക്കുന്പോഴും ബ്രെക്കനോവിനു താൻ ജീവിതകാലത്തു സന്പാദിച്ച സ്വത്തിനെക്കുറിച്ചും തനിക്ക് ഇനിയും സന്പാദിക്കാൻ സാധിക്കുന്ന സ്വത്തിനെക്കുറിച്ചുമൊക്കെയായിരുന്നു ചിന്ത.
പെട്ടെന്നയാൾ എണീറ്റ്, നികിതയെയും ഹിമവണ്ടിയെയും ഉപേക്ഷിച്ചു കുതിരപ്പുറത്തു കയറി യാത്ര തുടർന്നു. നികിത മരിച്ചാൽ അതിൽ വിഷമിക്കേണ്ടതില്ല എന്നതായിരുന്നു അയാളുടെ ചിന്ത അപ്പോൾ.
തിരിച്ചുപോക്ക് എന്നാൽ, അയാളുടെ യാത്ര വിജയിച്ചില്ല. കുറെ ദൂരം ചെന്നപ്പോൾ കുതിരയും അയാളും ഒരു വലിയ കുഴിയിൽ വീണു. തന്മൂലം കുതിര കുഴിയിൽനിന്നു കയറാൻ വേണ്ടി കടിഞ്ഞാണ് അയാൾ വിട്ടുകൊടുത്തു.
കുഴിയിൽനിന്നു കയറിയ കുതിര പോയതു നികിതയുടെ അടുത്തേക്കായിരുന്നു. അപ്പോൾ, അയാളും കുതിര പോയ വഴിയെ പോയി. കുറെ കഴിഞ്ഞപ്പോൾ കുതിരയും അയാളും നികിതയുടെ അടുത്തെത്തി.
നികിത അപ്പോൾ മഞ്ഞിൽമൂടി മരിക്കാറായി കിടക്കുകയായിരുന്നു. ബ്രെക്കനോവ ഉടനെ നികിതയുടെ ദേഹം മൂടിയിരുന്ന മഞ്ഞു മാറ്റി അയാളെ തന്റെ ഓവർകോട്ട് കൊണ്ടു പുതപ്പിച്ചു. പിന്നീട് അയാൾക്കു ചൂട് പകരാനായി അയാളുടെ മുകളിൽ കിടന്നുകൊണ്ടു പറഞ്ഞു: ’അനങ്ങാതെ കിടക്കൂ, ദേഹം ചൂടാകട്ടെ.’
പെട്ടെന്ന്, അദ്ദേഹത്തിനു വലിയ സന്തോഷം തോന്നി, നികിതയുടെ ജീവൻ രക്ഷിക്കാൻ തന്റെ ഓവർകോട്ട് നൽകിയതിനെക്കുറിച്ച്. അപ്പോഴേക്കും, സന്പത്തിനെക്കുറിച്ചുള്ള അയാളുടെ അത്യാർത്തിയൊക്കെ ആവിയായി പോയിരുന്നു.
തന്നെ വലിഞ്ഞുമുറുക്കിയിരുന്ന വലിയ ഒരു ചങ്ങല തകർന്ന് അഴിഞ്ഞുവീണതുപോലെയുള്ള അനുഭവം. പിറ്റേന്നു, നികിത കണ്ണുതുറക്കുന്പോൾ ബ്രെക്കനോവിന്റെ തണുത്തു മരവിച്ച മൃതദേഹമാണു തന്റെ മുകളിൽ കിടക്കുന്നതായി അയാൾ കണ്ടത്.
ആ വഴി വന്ന യാത്രക്കാർ നികിതയെ താങ്ങിയെടുത്തു സുരക്ഷിത സ്ഥലത്ത് എത്തിച്ചു. അയാൾ നിരവധി വർഷങ്ങൾ പിന്നീട് ജീവിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ടോൾസ്റ്റോയി ഈ കഥ അവസാനിപ്പിക്കുന്നത്.
മാനസാന്തരം പണത്തോടുള്ള അത്യാർത്തിമൂലം തന്റെ സഹായിയെ മരണത്തിനു വീട്ടുകൊടുക്കാൻ ആദ്യം ബ്രെക്കനോവിനു മടിയില്ലായിരുന്നു. എന്നാൽ, പിന്നീട് അയാൾക്കു പെട്ടെന്നു വലിയ മാനസാന്തരമുണ്ടായി. അങ്ങനെ, സ്വന്തം ജീവൻ ബലികഴിച്ചും നികിതയെ രക്ഷിക്കാൻ അയാൾ തയാറായി.
എന്താണു ടോൾസ്റ്റോയി ഈ കഥയിലൂടെ നൽകുന്ന സന്ദേശം? പല രീതിയിൽ ഈ കഥയുടെ പൊരുൾ വായിച്ചെടുക്കാം. അതിലൊന്നു, നാം എത്ര മോശക്കാരാണെങ്കിലും ഒരു നിമിഷം മതി നമുക്കു മാനസാന്തരമുണ്ടായി നമ്മുടെ ജീവിതം അതിസുന്ദരമായി മാറാൻ എന്നതാണ്.
ബ്രെക്കനോവിന്റെ ജീവിതത്തിൽ അതാണു സംഭവിച്ചത്. പെട്ടെന്ന്, അയാൾക്കു മാനസാന്തരമുണ്ടായി. തിന്മയുടെ അന്ധകാരത്തിൽനിന്ന് അയാൾ നന്മയുടെ വെളിച്ചത്തിലേക്ക് വന്നു. അതു ദൈവത്തിന്റെ വലിയൊരു ദാനമായി വേണം നാം കരുതാൻ.
നാം ഏതെങ്കിലും തരത്തിലുള്ള തിന്മയുടെ പിടിയിലാണെങ്കിൽ അതിൽനിന്നു മോചനം നേടാൻ മാനസാന്തരം എന്ന ഈ ദിവ്യദാനത്തിനായി പ്രാർഥിക്കാം. അപ്പോൾ, ദൈവം നമ്മുടെ ഹൃദയത്തെ സ്പർശിക്കും.
അതുവഴി അന്ധകാരത്തിന്റെ പിടിയിൽനിന്നു നന്മയുടെ പാതയിലേക്കു നാം മടങ്ങും. അപ്പോൾ, ചങ്ങലകൾ പൊട്ടിവീണ അനുഭവമായിരിക്കും നമ്മുടേതും.