Services & Questions
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉത്തരവായിട്ടുണ്ടല്ലോ. നിലവിൽ 20 ശതമാനം ഡിഎ ആണല്ലോ ലഭിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവും വിശദ വിവരങ്ങളും വ്യക്തമാക്കാമോ? അതുപോലെ എന്നു മുതലാണ് ഇതു ലഭിക്കുന്നത്. പെൻഷൻകാർക്ക് കുടിശിക മൊത്തം ലഭിക്കുമോ?
ജയമോഹൻ, നെടുങ്കണ്ടം
04-02-2021ലെ സ.ഉ 21/ 2021/ധന. ഉത്തരവുപ്രകാരം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശിഖയായ ഡിഎ/ഡിആർ നൽകാൻ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലുള്ള 20 ശതമാനം ഡിഎയിൽ 01 -01- 2019 മുതൽ 23 ശതമാനം, 01- 07- 2019 മുതൽ 28 ശതമാനം, 01- 01- 2020 മുതൽ 32 ശതമാനം, 01- 07 -2020 മുതൽ 36 ശതമാനം എന്നിങ്ങനെയാണ് വർധന. ജീവനക്കാരുടെ ഈ നാലു ഗഡു ഡിഎ കുടിശിക 28-02-2021 വരെയുള്ളത് പിഎഫിൽ ലയിപ്പിക്കും. 1- 4 -2021ൽ ലഭിക്കുന്ന ശന്പളത്തിൽ 36 ശതമാനം ഡിഎ ലഭിക്കും.
പെൻഷൻകാരുടെ 2021 മാർച്ച് 31 വരെയുള്ള ഡിആർ കണക്കാക്കി നാലു ഗഡുക്കളായി നൽകും. 2021 ഏപ്രിൽ, 2021 ജൂണ്‍, 2021 സെപ്റ്റംബർ, 2021 ഡിസംബർ എന്നിങ്ങനെ. അതായത്, 2021-ൽ മുഴുവൻ കുടിശികയും ലഭ്യമാക്കും. കേന്ദ്ര സർക്കാർ മരവിപ്പിച്ച രണ്ടു ഗഡു ഡിഎയും ഇതിൽ ഉൾപ്പെടും.