Services & Questions
ഡിസിആർജിക്ക് അവകാശമുണ്ട്
എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരിച്ചു. ഞങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ഞാൻ ഏക മകളാണ്. ഒരു വർഷം മുന്പ് ഞാൻ വിവാഹിതയായതാണ്. അമ്മയുടെ പേരിലുള്ള ഫാമിലി പെൻഷനും മറ്റ് ആനുകൂല്യങ്ങളും എനിക്കു ലഭിക്കുമോ? അതുപോലെ കംപാഷണേറ്റ് ബേസിൽ എനിക്കു ജോലി ലഭിക്കാൻ അർഹതയുണ്ടോ? ഞാൻ പ്ലസ്ടു ജയിച്ച ആളാണ്. ഭർത്താവിന് സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ട്.
സ്നേഹ, ഒാമല്ലൂർ
ഫാമിലി പെൻഷനുള്ള അർഹത ഭർത്താവിനും 25 വയസിൽ താഴെയുള്ള കുട്ടികൾക്കുമാണ്. നിങ്ങളുടെ പിതാവ് രണ്ടാമതു വിവാഹം കഴിച്ചതുകൊണ്ട് പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയില്ല. 25 വയസിൽ താഴെയുള്ള അവിവാഹിതരായ മക്കൾക്കാണ് ഫാമിലി പെൻഷനുള്ള അർഹത. ഏക അവകാശിയായ താങ്കൾക്ക് ഡിസിആർജിക്ക് അർഹതയുണ്ട്. കംപാഷണേറ്റ് വ്യവസ്ഥയിൽ ജോലി ലഭിക്കാൻ താങ്കൾ മരണമടഞ്ഞ ആളിന്റെ ആശ്രിതയായിരുന്നു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതുപോലെ കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ താഴെയായിരിക്കണം. ആവശ്യമായ മറ്റു രേഖകൾ സഹിതം ജീവനക്കാരി ജോലിചെയ്തിരുന്ന ഓഫീസിലെ മേധാവിക്കു സമർപ്പിക്കുക.