“ഇതെന്താ സാർ മാസ്കും മറയുമൊക്കെ..?” സീനിയർ നടിക്ക് ആകാംക്ഷ. കുറെ ദിവസമായി കണ്ണ്, അല്ല തൊണ്ട പഴുത്തുചീഞ്ഞ് ഇരിക്കുന്നതിനാൽ മാസ്ക് മാറ്റാനാവില്ലെന്ന് ഭാവാഭിനയം. നിപ്പയും ബൊക്കെയുമൊക്കെ കിട്ടാൻ സാധ്യതയുള്ളതിനാൽ മുഖം കാണിക്കാതിരിക്കുകയാണ് നല്ലതെന്നു ചിലർക്കു മനസിൽ തോന്നിയെങ്കിലും വെളിച്ചത്തു പറഞ്ഞില്ല.
തലൈവർ വന്ന സ്ഥിതിക്കു യോഗം തുടങ്ങുകയല്ലേ... യുവനടൻ സ്വാഗതം പറയാൻ എഴുന്നേറ്റു: പ്രിയപ്പെട്ടവരേ, ചില്ലറ നാത്തൂൻപോരുകളും അടുക്കള കലഹങ്ങളുമൊഴിച്ചാൽ അമ്മായിയമ്മ എന്ന സംഘടനയ്ക്ക് ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടായിട്ടില്ല. നമ്മുടെ അംഗങ്ങളിൽ പലരെയും നാട്ടുകാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. തടയാൻ ആരുമില്ല, കാശു മുടക്കി ഫാൻസിനെ വളർത്തിയവരെല്ലാം ഇപ്പോൾ ഫൂൾസ് ആയിരിക്കുന്നു.
“അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഹോട്ടലിലെ കതകിൽ മുട്ടിയെന്ന് ഒരാളല്ലല്ലോ പരാതിപ്പെട്ടിരിക്കുന്നത്”- പ്രമുഖ നടി രോഷാകുലയായി. “മുട്ടുക മാത്രമല്ല ചിലർ തട്ടിയെന്നും ചവിട്ടിയെന്നും പരാതിയുണ്ട്”- മറ്റൊരു താരത്തിനും കലിപ്പ്.
ചൂടേറിയ ചർച്ച. തീപ്പൊരി ഡയലോഗുകളുമായി താരങ്ങൾ കൊന്പുകോർത്തു. നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കണം. അമ്മായിയമ്മ എന്ന സംഘടനയ്ക്ക് ഈ നാട്ടിൽ തല ഉയർത്തി നിൽക്കണം. കൈനീട്ടം കൊടുക്കുന്നവരാണ് നമ്മൾ, അല്ലാതെ കൈനീട്ടി ഒരെണ്ണം തരേണ്ടിവരുമെന്നു പറയിക്കരുത്.
മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ അമ്മായിയമ്മയുടെ നിലപാട് തലൈവർ പ്രഖ്യാപിച്ചു: കതകിൽ മുട്ടുന്നതാണ് പ്രധാന പ്രശ്നമെന്നാണ് ഈ ചർച്ചയിലൂടെ നമ്മൾ കണ്ടെത്തിയിരിക്കുന്നത്. കതകില്‍ മുട്ടുന്നത് അത്ര നിസാരമായി കാണാന്‍ കഴിയില്ല. കതകില്‍ മുട്ടുമ്പോഴുണ്ടാകുന്ന ശബ്ദമാണ് ഏറ്റവും പ്രശ്നം. ഈ ശബ്ദമലിനീകരണം നമ്മുടെ കര്‍ണപുടത്തിന് ഏല്പിക്കുന്ന ആഘാതം മുട്ടുന്നവര്‍ പരിഗണിക്കുന്നില്ല. ഈ ശബ്ദശല്യം ഇല്ലാതാക്കാന്‍ ഇടപെടാനുള്ള ധാര്‍മിക ഉത്തരവാദിത്വം അമ്മായിയമ്മ എന്ന സംഘടനയ്ക്കുണ്ട്.
മുട്ടുമ്പോള്‍ ശബ്ദം കേള്‍ക്കാത്ത തരത്തിലുള്ള മെറ്റീരിയല്‍ കതകു നിര്‍മിക്കാന്‍ ഉപയോഗിക്കേണ്ടതിനെക്കുറിച്ചു ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടതാണ്. സർക്കാരും ഹോട്ടൽ അധികൃതരുമായി ചർച്ച ചെയ്ത് കതകുകൾ മാറ്റാൻ അടിയന്തര നടപടിയെടുക്കും. അമ്മായിയമ്മ എന്നും ഇരകളോടൊപ്പമാണെന്ന് ഇതിനാൽ പ്രഖ്യാപിച്ചുകൊള്ളുന്നു.
മിസ്ഡ് കോൾനെഹ്റു ട്രോഫി വള്ളംകളിക്കു കാശു തരാനാവില്ലെന്ന് സർക്കാർ.
- വാർത്ത.
കാരവാനിൽ തുഴഞ്ഞുനോക്കൂ, കാശ് റെഡി!