“എന്താ തന്റെ ഭാര്യയ്ക്ക് ഇത്ര സംശയം?”
“അതായത് അവൾ പറയുന്നത്, നിങ്ങളുടെ പാർട്ടി 12 സീറ്റിൽ ഉറപ്പായും ജയിക്കുമെന്നു പറയുന്നു. ചിലപ്പോൾ അത് പതിനാറ് വരെ ഉയർന്നേക്കാമെന്നും പറയുന്നു. ഇതിനിടെ രണ്ടു സീറ്റിൽ ജയം ഉറപ്പാണെന്നും അതു നാലു വരെയാകാമെന്നും മിത്രങ്ങളുടെ പാർട്ടി വിലയിരുത്തിക്കഴിഞ്ഞു. ഖദറിട്ടവർ കമ്മിറ്റി കൂടിയിട്ട് പതിനെട്ട് സീറ്റ് വരെ ഉറപ്പാണെന്നും ചിലപ്പോൾ അത് ഇരുപതിൽ മുട്ടിക്കൂടെന്നില്ലെന്നും പറയുന്നു. ഈ ഉറപ്പെല്ലാം കൂട്ടിനോക്കിയിട്ട് ആകെ 40 സീറ്റ് വരും. കേരളത്തിലാണെങ്കിൽ ആകെ 20 സീറ്റ് മാത്രമേയുള്ളൂ. അപ്പോൾ പിന്നെ ഇതെല്ലാം എങ്ങനെ ശരിയാകുമെന്നാണ് അവൾ ചോദിക്കുന്നത്.”
“സഖാവേ ഇതു പോരാട്ടത്തിന്റെ ജീവിതമാണ്. അവസാന നിമിഷം വരെ ആത്മവിശ്വാസം കൈവിടരുത്. സഖാവ് ഒരു പരിപ്പുവടകൂടി കഴിക്ക്. ആത്മവിശ്വാസം കൂടട്ടെ!”
ഇതേസമയം മിത്രങ്ങളുടെ കാര്യാലയത്തിൽ:
“മിത്രമേ, ആലപ്പുഴയിൽ നമ്മുടെ ചില മിത്രങ്ങൾ ശത്രുക്കളായെന്നു കേട്ടല്ലോ. എന്തായാലും ദല്ലാൾ വന്നതോടെയാണ് നമ്മുടെ പ്രചാരണത്തിന് ഒരു ഒാളം വന്നത്.”
“എന്തു വർത്തമാനമാ മിത്രമേ ഈ പറയുന്നത്. നമ്മുടെ ദേശീയ "ജി"കൾ വന്നതുകൊണ്ട് ഒാളം വന്നെന്നേ പറയാവൂ. പത്രക്കാരെങ്ങാനും കേട്ടാൽ നമ്മുടെ ഗാരന്റി കാർഡ് കീറാൻ അതുമതി.”
“മിത്രമേ ഒരു സംശയം, നാടു മുഴുവനുമുള്ള ജനങ്ങളുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള നമ്മുടെ ഒരു നേതാവിന് പത്തു സെന്റ് സ്ഥലം വിൽക്കാൻ പണ്ടേ വിവാദത്തിൽ മുങ്ങിനിൽക്കുന്ന ദല്ലാളിനെയൊക്കെ കൂട്ടുപിടിക്കേണ്ട കാര്യമുണ്ടോ?”
“അരുത്, ഒരു മിത്രം ഒരിക്കലും ഗാരന്റിക്കു വാറന്റി ചോദിക്കാൻ പാടില്ല!”
ഇതിനിടെ, ഇന്ദിരാഭവനില്:
“20 സീറ്റ് കിട്ടിയാലും ഇരുന്ന സീറ്റ് പോയാൽ എന്താ പ്രയോജനം? സാറന്മാര് സാറ്റുകളി നിർത്തി മര്യാദയ്ക്ക് ഇരുന്ന സീറ്റ് തിരികെ തരണം. ആരെങ്കിലും എഴുന്നേറ്റ് മൂത്രമൊഴിക്കാൻ പോയാൽ പലർക്കും സീറ്റ് കിട്ടുകയും പലരുടെയും സീറ്റ് പോവുകയും ചെയ്യുന്ന പാർട്ടിയാണെന്നറിയാം. അതുകൊണ്ടാണ് പറഞ്ഞത് ഇരുന്ന സീറ്റ് കിട്ടാതെ ഞാൻ അടങ്ങിയിരിക്കില്ല!”- ഇരുത്തം വന്ന നേതാവ് കടുംപിടിത്തത്തിൽ.
“ശെടാ ഇതു വലിയ തലവേദനയായല്ലോ... തത്കാൽ നേതാവേ, അടുത്ത മീറ്റിംഗിൽ താങ്കൾ ആ സീറ്റ് ഒഴിഞ്ഞുകൊടുക്ക്. പുള്ളിക്കാരൻതന്നെ ഇരുന്നു കൊതി തീർക്കട്ടെ.”
"ഒഴിച്ചിൽ' മൂലമാണോയെന്നറിയില്ല, തത്കാൽ നേതാവ് അടുത്ത യോഗത്തിനു വന്നില്ല!
മിസ്ഡ് കോൾ= സാന്പത്തിക വിവരം എഴുതേണ്ട രജിസ്റ്റർ സർക്കാർ ഓഫീസുകളിൽ കാണാനില്ല
- വാർത്ത.
=എല്ലാം ഒരു കണക്കാ!