ഗുണനിലവാരമുള്ളതു തെരഞ്ഞെടുക്കാതെ പരസ്യങ്ങളിലും മറ്റും കുടുങ്ങി വിലക്കുറവ് മാത്രം നോക്കി സോളാര്‍ പ്ലാന്റുകളുടെ പിന്നാലെ പോയാല്‍ കൈയിലെ കാശും പോകും വീടിനു മുകളിലെ സ്ഥലവും നഷ്ടമാകും (കാശു തന്നെയല്ല, പലരുടെയും മാനവും പോയെന്നാണ് കേട്ടത്. വീടിനു മുകളിലെ മാത്രമല്ല, ചിലര്‍ക്കു വീടിനുള്ളിലെ ഇടവും പോയി).
ഏതൊക്കെ ഉപകരണങ്ങളാണ് സോളാര്‍ പവറില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന ഒരു ധാരണ ആദ്യമേയുണ്ടായാല്‍ കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തെരഞ്ഞെടുക്കാന്‍ സാധിക്കും (ആരെയൊക്കെ ഉപകരണമാക്കണമെന്ന ധാരണ നേരത്തേതന്നെ ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ കൃത്യമായി കത്തില്‍ പേരെഴുതി ചേര്‍ത്തത്).
സൂര്യപ്രകാശം ഉള്ളപ്പോള്‍ മാത്രമേ സോളാര്‍ പാനലുകള്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയുള്ളൂ (അങ്ങനെ സദാചാരബോധത്തിന്റെ ബാറ്ററി ഇല്ലാത്തവർ പാനല്‍ ഇടയ്ക്കിടെ മാറിമാറി പരീക്ഷിക്കും!).
ഏറ്റവുമൊടുവിലായി സോളാര്‍ പാനലുകള്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സിലിക്കണിനും വെള്ളിക്കും പകരമായി വില കുറഞ്ഞ ബദല്‍ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം (എന്തായാലും ഇപ്പോള്‍ കള്ളി വെളിച്ചത്തായി). ചുരുക്കിപ്പറഞ്ഞാല്‍, സൗരോര്‍ജം ‘ശരിതോര്ജ’മായി മാറുന്ന പ്രവര്‍ത്തനമാണ് കേരളത്തിലെ രാഷ്ട്രീയം!
മിസ്ഡ് കോള്‍= നവംബറോടെ സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് അഭ്യൂഹം.
- വാര്‍ത്ത
=നാട്ടിൽ ഒരു പണിയും നടക്കുന്നില്ലെന്ന പരാതി മാറുമല്ലോ!