ഇതിനിടയിലാണ് അടുക്കളയിൽനിന്നൊരു ഉൽക്ക ചീറിവന്നത്. “നിങ്ങളിങ്ങനെ ആകാശത്തേക്കും നോക്കിയിരുന്നോ... അടുക്കളയില്‍ മസാലപ്പൊടി തീര്‍ന്നെന്നു പറയാന്‍ തുടങ്ങിയിട്ടു ദിവസം കുറെയായി.”
“അടുക്കളയിലും മാസപ്പടിയോ?” “മാസപ്പടിയല്ല മനുഷ്യാ, മസാലപ്പൊടി.. നിങ്ങള്‍ സര്‍വസമയവും മാസപ്പടി മാസപ്പടി എന്നും പറഞ്ഞോണ്ടിരുന്നോ.അടുക്കളയില്‍ ഒരു സാധനമില്ല. ഗ്യാസ് കുറ്റി അടക്കം വാങ്ങണം.’’ “നമ്മുടെ സര്‍ക്കാരിന്റെ കിറ്റ് ഇതുവരെ വന്നില്ലേടീ...?’’ “കിറ്റല്ല കുറ്റിയാ വന്നതാ. ദേ, അപ്പുറത്തെ പറമ്പില്‍ കിടപ്പുണ്ട്, മഞ്ഞക്കുറ്റി.
രാവിലെ ഒരെണ്ണം പുഴുങ്ങട്ടെ?’’ കുറ്റിയിടാൻ മുടക്കിയ കാശുണ്ടായിരുന്നെങ്കിൽ കിറ്റ് കൊടുക്കരുതായിരുന്നോ?’’
“എടീ നമ്മുടെ ഖജനാവ് ചന്ദ്രന്റെ ഉപരിതലം പോലെ കിടക്കുകയാണ്. ചന്ദ്രനില്‍ വെള്ളമുണ്ടോയെന്നറിയാന്‍ ചന്ദ്രയാന്‍ കുഴിച്ചോ മാന്തിയോ ഒക്കെ നോക്കാന്‍ പോകുവാണെന്നല്ലേ പത്രത്തിലുള്ളത്. കാശിന്റെ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ നമ്മുടെ ഖജനാവും മന്ത്രി ഇതുപോലെ കുഴിച്ചും മാന്തിയുമൊക്കെ നോക്കിക്കൊണ്ടിരിക്കുവാ.’’
“ചന്ദ്രനില്‍ വെള്ളമില്ലെങ്കിലും നിങ്ങളുടെ ഖജനാവില്‍ വെള്ളത്തിന്റെ അംശം കാണാൻ എല്ലാ സാധ്യതയുമുണ്ട്.’’
“ശരിയാ, കാലിയായി കിടക്കുന്നതിനാല്‍ ഈര്‍പ്പം കാണും.’’- നേതാവ് നെടുവീര്‍പ്പെട്ടു.
“അയ്യോ അതുകൊണ്ടല്ല, ഇത്രയും കാലം നിങ്ങള്‍ ഈ ഖജനാവ് നിറച്ചിരുന്നതു മലയാളിയുടെ പള്ളയിലേക്കു കേയ്സ് കണക്കിനു പാനീയം ഒഴിച്ചുകൊടുത്തുകൊണ്ടായിരുന്നല്ലോ. അതുകൊണ്ടു വെള്ളത്തിന്റെ അംശം എന്തായാലും കാണും’’.
“ഈ സ്ഥിതിയായാൽ അടുത്ത റോക്കറ്റ് പോകുന്നകൂടെ ചന്ദ്രനിലേക്കോ മറ്റോ പോയാല്‍ എന്താണെന്നാ ആലോചിക്കുന്നത്.’’- സഖാവിന്റെ ആത്മഗതം.“പോകുന്നതിൽ കുഴപ്പമില്ല, ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു ദിവസം. മാസപ്പടി മാറ്റി മണിക്കൂര്പ്പടി ആക്കേണ്ടിവരും!’’
മിസ്ഡ് കോൾ=സെപ്റ്റംബർ അഞ്ചിനു ശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കെ. മുരളീധരൻ എംപി.
- വാർത്ത
=നാട്ടുകാരെക്കൊണ്ടു പറയിക്കരുത്!