പാവപ്പെട്ടവന് അല്പം റേഷനരി വാങ്ങണമെങ്കിൽ ഇപോസ് മെഷീനിൽ കൈയും കാലുമൊക്കെ മാറിയും മറിച്ചും വയ്ക്കണം. ഇതിനിടെ, സെർവർ എങ്ങാനും പ്രശ്നത്തിലായാൽ കാലവും നേരവും നോക്കിയെത്തണം. കുത്തരി ചോദിച്ചാൽ റേഷൻ കടക്കാരന്റെ കണ്ണുരുട്ടൽ വേറെ. എന്നാൽ, അരിക്കൊന്പനു റേഷൻ കാർഡും വേണ്ട, ഇപോസ് മെഷീനിൽ തുന്പിക്കൈയും വയ്ക്കേണ്ട. അരിക്കൊന്പൻ വരാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞാൽത്തന്നെ റേഷൻകടക്കാരൻ അടുത്ത പഞ്ചായത്തു കടക്കും.
അരിക്കൊന്പനെ തത്കാലം പിടിക്കേണ്ട എന്നു പറഞ്ഞപ്പോൾ മയക്കുവെടി തോക്കുമായി മയങ്ങിനിന്ന വനംവകുപ്പ് മനംനൊന്തു കരഞ്ഞെന്നാണ് ചിലരെങ്കിലും ധരിച്ചുപോയതെന്നു തോന്നുന്നു. എന്നാൽ, പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകനെ പഞ്ചാബികളുടെ വീട്ടിൽ പണയംവച്ചിട്ട് തിരികെ നടക്കുന്ന ബോട്ട് മുതലാളിയെയാണ് ഇടുക്കിക്കാർക്ക് ഓർമ വരുന്നത്.
കാട്ടാന നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കിയാൽ ആനയെയല്ല ആളിനെയാണ് ഒഴിപ്പിക്കേണ്ടതെന്നാണ് പുതിയ കണ്ടെത്തൽ. അതായത് ഈ നാട്ടിൽ ആനയാണ് ആള്!
മൂന്നോ നാലോ കേസിൽ പ്രതിയായാൽ മനുഷ്യനെ കാപ്പാ ചുമത്തി നാടുകടത്താൻ ഈ നാട്ടിൽ നിയമമുണ്ട്. എന്നാൽ, നാട്ടിലിറങ്ങി ഏഴ് മനുഷ്യരെയും തട്ടി, നൂറിലേറെ വീടും തകർത്ത്, ഏക്കർ കണക്കിനു കൃഷിയും നശിപ്പിച്ച കാട്ടുക്കൊന്പനെ നാടുകടത്താൻ നിയമമില്ല! അരിക്കൊന്പനു കോപ്പ, നാട്ടുകാർക്കു ചാപ്പ.
ആനയ്ക്കു ഭ്രാന്തുപിടിച്ചാൽ ചങ്ങലയ്ക്ക് ഇടാം, ചങ്ങലകൾക്കു ഭ്രാന്തുപിടിച്ചാൽ...
മിസ്ഡ് കോൾ=ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവത്തിൽ നഷ്ടപരിഹാരം രണ്ടു ലക്ഷം, പരിഹസിക്കരുതെന്നു യുവതി.
- വാർത്ത
=കത്രിക കൊണ്ടുപോയതിനു കേസെടുക്കാതിരുന്നതു ഭാഗ്യം!