ഒരിക്കൽപോലും എന്നെ അവഗണിച്ചിട്ടില്ല, നിറഞ്ഞ ചിരിയോടെയല്ലാതെ എന്നെ സ്വീകരിച്ചിട്ടില്ല. പ്രമുഖരെയും ബിസിനസുകാരെയുമൊക്കെ സന്ദർശിക്കാൻ പോകുന്പോൾ മുൻനിരയിൽ എന്നെ നിർത്തും. ഞാനാണ് പലപ്പോഴും മുന്നിൽനിന്ന് അവരെ നയിച്ചുകൊണ്ടുപോയിരുന്നത്. എന്നെ കാണുന്പോഴേ ആളുകൾ ഭയഭക്തി ബഹുമാനങ്ങളോടെ എഴുന്നേൽക്കുന്നതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രയൊക്കെ ബഹുമാനിക്കാൻ മാത്രം ഞാനൊരു വിഐപിയാണോ?
ഇന്റർനെറ്റ് ബാങ്കിംഗിന്റെയും ഗൂഗിൾ പേയുടെയും ഇക്കാലത്തും അവർ ഞാനുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചിട്ടില്ല. കാരണം, അവരെ അവരാക്കിയത് ഞാനാണ്. ഇന്നു നാട്ടിൽ തല ഉയർത്തിനിൽക്കുന്ന പല പാർട്ടിക്കെട്ടിടങ്ങളുടെയും പിന്നിൽ വിയർപ്പൊഴുക്കിയത് ഞാനാണ്. നാടൊട്ടുക്കും ഞാനോടി ഉണ്ടാക്കിയതാണ് പലതും. ഇത്രയുമൊക്കെ പറഞ്ഞപ്പോൾ നിങ്ങൾക്ക് എന്നെ മനസിലായിക്കാണുമെന്നാണ് കരുതുന്നത്... മനസിലാകാത്തവരുണ്ടെങ്കിൽ പറയാം. ഞാനാണ് ബക്കറ്റ്! സഖാക്കളുടെ അക്ഷയപാത്രം..
ഇതൊക്കെ എന്തിനാണ് ഇപ്പോൾ പറയുന്നതെന്നായിരിക്കും നിങ്ങളുടെ സംശയം. കാരണമുണ്ട്, ഇക്കാലമത്രയും ഞാൻ കരുതിയിരുന്നത് കേരളത്തിൽ ഏറ്റവും വലിയ പിരിവുകാരൻ ഞാൻ ആയിരിക്കുമെന്നാണ്. എന്നാൽ, ധനമന്ത്രി ബാലഗോപാൽ സഖാവ് എന്നെ ഞെട്ടിച്ചുകളഞ്ഞു. ഞാൻ കുറച്ചൊക്കെ പിരിച്ചിട്ടുണ്ടെന്നുള്ളതു സത്യമാണ്. പക്ഷേ, ഇതുപോലെ പാവപ്പെട്ടവന്റെ വരെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെക്കിപ്പിഴിഞ്ഞ് ഊറ്റിയിട്ടില്ല. ശരിക്കും പറഞ്ഞാൽ ഇതിനു കേരള ബജറ്റ് എന്നതിനു പകരം ‘കെ-ബക്കറ്റ്’എന്നല്ലേ പേരിടേണ്ടിയിരുന്നത്!
മിസ്ഡ് കോൾ= വാലന്റൈൻസ് ഡേ വേണ്ട, പകരം പശു ആലിംഗന ദിനം മതിയെന്നു കേന്ദ്ര മൃഗസംരക്ഷണ ബോർഡ്.
- വാർത്ത
= ഒരു ഫ്രഞ്ച് കിസ് കൂടി ഉണ്ടെങ്കിൽ!