തിരുവനന്തപുരത്തുതന്നെ പ്രസംഗമത്സരവേദിയിൽ പെണ്കുട്ടികളാണ് മിന്നും പ്രകടനം നടത്തിയത്. ചിന്തയുള്ള വാക്കുകൾ പന്തം പോലെ വേദിയിൽ കത്തിപ്പടർന്നു. ശന്പളക്കുടിശിക എന്ന വിഷയത്തിലായിരുന്നു പ്രസംഗം. അതേസമയം, അപ്പീലും പ്രതിഷേധവുമൊക്കെയായി ചിലർ രംഗത്തുവന്നതോടെ പ്രസംഗമത്സരത്തിന്റെ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിനു വേദിയായത് കോട്ടയമായിരുന്നു. സമകാലിക വിഷയങ്ങളാണ് പോസ്റ്ററിൽ നിറഞ്ഞത്. നേരത്തേ ജില്ലാതല മത്സരത്തിൽ യൂത്ത് കോണ്ഗ്രസ് ഡിസൈൻ ചെയ്ത പോസ്റ്ററാണ് ചർച്ചയായത്. ആ പോസ്റ്ററുകളിൽ ഐ ഗ്രൂപ്പ് തലകൾ കാണാനില്ലായിരുന്നു. എന്നാൽ, സംസ്ഥാന തലത്തിൽ എത്തിയപ്പോഴേക്കും സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ തലയില്ലാതെതന്നെ പോസ്റ്റർ ഡിസൈൻ ചെയ്തു ഡിസിസി പുതിയ പരീക്ഷണത്തിനും തുടക്കമിട്ടു. തലയും വാലുമില്ലെങ്കിലും നല്ല നിലവാരമാണ് മത്സരാർഥികൾ പുലർത്തിയതെന്നു വിധികർത്താക്കൾ പറഞ്ഞു.
ഇതിനിടെ, മത്സരങ്ങൾ പുരോഗമിക്കവേ വേദികൾക്കു സമീപം ഭക്ഷ്യസുരക്ഷാ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഭക്ഷണശാലകളും വാർത്തകളിൽ നിറയുകയാണ്. അൽഫാം, കുഴിമന്തി, ഷവർമ തുടങ്ങിയ പുതിയതും പഴയതുമായ വിഭവങ്ങൾ ആവശ്യാനുസരണം ഭക്ഷ്യസുരക്ഷാവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർഥികളെ സഹായിക്കാൻ മെഡിക്കൽ സംഘവും ആംബുലൻസും സമീപത്തുതന്നെയുള്ളതിനാൽ ഭക്ഷണം കഴിക്കുന്നതിൽ ഒട്ടും പേടി വേണ്ടെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചിരിക്കുന്നത്! എന്തെങ്കിലും സംഭവിച്ചാൽ ഒരാഴ്ചത്തേക്കു റെയ്ഡ് നടത്താനും അവർ റെഡിയായി നിൽപ്പുണ്ട്!
മിസ്ഡ് കോൾ= ഏതാണ് നല്ല ഹോട്ടൽ എന്നറിയാൻ സർക്കാരിന്റെ ആപ്പ് വരുന്നു.
- വാർത്ത
= ചായ കുടിക്കാം, ആപ്പ് കടിക്കാം!