കുഴിമന്തിയെന്ന ബോർഡ് കണ്മുന്നിൽ തെളിഞ്ഞുവരുന്നതുപോലെ. മുറ്റത്തെവിടെയെങ്കിലും കുഴിയെടുത്തിട്ടിട്ടുണ്ടോ? പരിഭ്രാന്തിയോടെ പരതുന്നതിനിടയിലാണ് ഒരു പാദസരത്തിന്റെ സ്വരം അടുത്തു വരുന്നതായി കേട്ടത്. “അതെന്താ ഇവിടെത്തന്നെ നിന്നുകളഞ്ഞത്... അദ്ദേഹം അകത്തേക്കു വിളിക്കുന്നു.’’ സഖാവിന്റെ ഭാര്യയാണ് ക്ഷണിക്കുന്നത്. വീണ്ടും പിന്നിലേക്കു തിരിഞ്ഞുനോക്കി. ആ നായ അവിടെത്തന്നെയുണ്ട്.
രണ്ടും കല്പിച്ച് അകത്തേക്കു കയറാൻതന്നെ തീരുമാനിച്ചു. ചോരച്ചാലുകൾ നീന്തിക്കയറിയതും തൂക്കുമരങ്ങളിൽ ഉൗഞ്ഞാലാടിയതും മറക്കാൻ പാടില്ലല്ലോ.. ചേട്ടൻ ധൈര്യം സംഭരിച്ച് അകത്തേക്കു കയറിയതും കാർന്നോർ ഇടതുവശത്തെ മുറിയിലേക്കു വിരൽ ചൂണ്ടി. ഒരു നരബലി നേരിട്ടു കാണാൻ പോവുകയാണോയെന്ന ചങ്കിടിപ്പോടെയാണ് അവിടേക്കു നടന്നത്. എന്നാൽ, ചാരിക്കിടന്ന വാതിലിൽ മെല്ലെ തള്ളിയതും അവിടെ കണ്ട കാഴ്ചയിൽ ചേട്ടൻ അന്പരന്നു. നമ്മുടെ സഖാവ് കൈയിൽ ചെറിയൊരു ബ്രഷുമായി കണ്ണാടിക്കു മുന്നിലിരുന്നു തന്റെ മുടി കറുപ്പിക്കുന്നു. ചമ്മൽ മറച്ചുകൊണ്ട് കാർന്നോരെ തിരിഞ്ഞുനോക്കിയപ്പോൾ തലയിൽ തൊട്ടുകൊണ്ട് പുള്ളിയുടെ വിശദീകരണം: “നരബലിയാ നടക്കുന്നത്. നരയെല്ലാം ബലികൊടുത്തു കറുപ്പിക്കുവാ..!”
നരബലിയിലൂടെ ഐശ്വര്യം വരുന്ന വഴിയേ!
വീട്ടിൽനിന്നു തിരിച്ചിറങ്ങുന്പോൾ സഖാവിന്റെ ഭാര്യ ടൗവലുമായി വന്നു വരാന്തയിൽ കിടന്ന ‘രക്തത്തുള്ളികൾ’ തുടച്ചുനീക്കിക്കൊണ്ടു പിറുപിറുക്കുന്നതു കേൾക്കാമായിരുന്നു: “പടം വരയ്ക്കുന്നതുകൊള്ളാം, ചായം കലക്കി തറയിലൊഴിക്കരുതെന്ന് പിള്ളേരോട് എത്ര പറഞ്ഞാലും കേൾക്കില്ല...”
മിസ്ഡ് കോൾ =കുത്തരിവില കുതിച്ചുകയറുന്നു.
- വാർത്ത
=അതു ഞങ്ങൾക്കു പുത്തരിയല്ല!