ഒരു കാര്യവുമില്ലാത്ത രാഷ്ട്രീയ വെടിയൊച്ചകൾ കേരളത്തിൽ അടുത്തകാലത്തു പതിവായി മാറിയോയെന്നാണ് ഒരു സംശയം. കേൾക്കുന്നതിനു പിന്നാലെ പത്രക്കാരും നാട്ടുകാരും അതിനു പിന്നാലെ പായും. പിന്നെ മൂന്നാലു ദിവസത്തേക്കു വെടിയും പുകയും ചർച്ച. അതിന്റെ ഒച്ച കുറഞ്ഞെന്നു തോന്നുന്പോൾ അടുത്ത വെടി ആരെങ്കിലും പൊട്ടിക്കും.
മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി വെടിപൊട്ടിക്കൽ ഒരാഴ്ചയാണ് കത്തിപ്പിടിച്ചത്. അതൊന്ന് ഒതുങ്ങി വന്നപ്പോഴേക്കും പൂഞ്ഞാർ ആശാനെ പിടിച്ച് അകത്തിട്ടു മാലപ്പടക്കത്തിനു തീ കൊളുത്തി. ചോദ്യംചെയ്യൽ, അറസ്റ്റ്, കോടതിയാത്ര എന്നിങ്ങനെ അതു കുറെ ദിവസം നിന്നുപൊട്ടി. ഇതൊന്നു കെട്ടടങ്ങി വന്നപ്പോഴാണ് നിയമസഭയിൽ മണിയാശാന്റെ വക പൂക്കുറ്റി. അപ്പോൾത്തന്നെ ഒരു ഖേദപ്രകടനം നടത്തിയാൽ തീരാവുന്ന വിഷയത്തെ മുഖ്യനും പരിവാരങ്ങളും ന്യായീകരിച്ചു വഷളാക്കി. പ്രതിപക്ഷവും മാധ്യമങ്ങളും അതിന്റെ പിന്നാലെ വച്ചുപിടിച്ചു. അതു കഴിഞ്ഞപ്പോഴാണ് ഇൻഡിഗോ വിമാനത്തെ വെടിവച്ചിടാൻ ഇ.പി. ആശാൻ തോക്കുമായി; ക്ഷമിക്കണം, നാക്കുമായി ഇറങ്ങിയത്. ഇനി കുറെ ദിവസത്തേക്ക് എല്ലാവർക്കും ആഘോഷിക്കാൻ ഈ സ്റ്റേജ് ഷോ മതിയാകും. ഇതിന്റെ പുകയടങ്ങിക്കഴിയുന്പോൾ അടുത്തതു പൊട്ടിക്കാം.
സ്വർണക്കടത്ത്, ബിരിയാണിച്ചെന്പ്, സ്വപ്ന, ഡോളർ കടത്ത്, പ്രോട്ടോക്കോൾ ലംഘനം... അതെല്ലാം മറക്കൂ, ഈ സ്റ്റേജ് ഷോകൾ കണ്ട് ആസ്വദിക്കൂ!
മിസ്ഡ് കോൾ
ഏഴാം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തിൽ മൈക്കൽ ആഞ്ചലോയുടെ അന്ത്യവിധി ചിത്രവും തെറ്റി.
-വാർത്ത
വിദ്യാർഥികളുടെ വിധി!
ഔട്ട് ഓഫ് റേഞ്ച് ജോണ്സണ് / പൂവന്തുരുത്ത്