മല്ലപ്പള്ളി പ്രസംഗത്തിലെ കുന്തവും കുടച്ചക്രവും തട്ടുകേടാകുമെന്നു തോന്നിയപ്പോൾ രാഷ്ട്രീയക്കാരുടെ പതിവ് ആയുധം സഖാവും പുറത്തെടുത്തു. ‘വായിൽ തോന്നിയത് കോതയ്ക്കു പാട്ട്’ എന്ന മട്ടിൽ തട്ടിവിടുന്ന നേതാക്കളെല്ലാം ഒടുവിൽ പിടിവീഴുന്പോൾ തടിതപ്പാൻ കൂട്ടുപിടിക്കുന്ന പ്രധാന ഇനമാണ് നാക്ക്. ആര് എന്തു വിളിച്ചുപറഞ്ഞാലും ഒടുവിൽ കിടക്കപ്പൊറുതിയില്ലാത്തതു നാക്കിനാണല്ലോ. മനസിൽ പോലും ഉദ്ദേശിക്കാത്ത കാര്യമാണത്രേ നാക്കു വിളിച്ചുപറഞ്ഞത്. അതായത് നാക്കുപിഴ! അതുകൊണ്ടാണ് നാക്കിനു വേണമെങ്കിൽ ചെറിയൊരു താക്കീതു കൊടുത്തു പ്രശ്നം തീർത്തേക്കാമെന്നു ജയരാജൻ സഖാവും ജുബാ സഖാവുമൊക്കെ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്. കൈവിട്ട കല്ലും (അതു കെ-റെയിൽ കല്ലായാലും) വാവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ലെന്നു ഒടുവിൽ സജി സഖാവിനും മനസിലായി. ഇനിയെന്തിനാണ് ഇവിടെ ഇങ്ങനെ കുന്തം പോലെ നിൽക്കുന്നതെന്നു കേന്ദ്രനേതൃത്വം ചോദിച്ചതോടെ രാജിയെന്ന കുന്ത്രാണ്ടം കുത്തിക്കുറിച്ചു. അങ്ങനെ സ്റ്റേറ്റ് കാറിൽ രാജകീയമായി തലസ്ഥാനത്തേക്കു വന്ന സഖാവ് പാർട്ടിക്കുന്തത്തിൽ കയറി ചെങ്ങന്നൂർക്ക്. ഇന്നത്തെ തത്ത്വചിന്ത: കുന്തം കൊള്ളുന്നിടത്തു ചിന്ത തുടങ്ങുന്നു!
മിസ്ഡ് കോൾ= ഡിവൈഎസ്പി അടക്കം ഗുണ്ടകളിൽനിന്നു മാസപ്പടി വാങ്ങിയതായി കണ്ടെത്തി.
- വാർത്ത
= തൊപ്പിവച്ച ഗുണ്ടകൾ!