അങ്ങനെ നാട്ടിലെ അഡ്മിൻപ്രമാണിയായി വളർന്നെങ്കിലും ഗ്രൂപ്പുകളിലുള്ള ചില പാരകൾക്ക് ചങ്കിനെ ഒട്ടുംതന്നെ വകവയ്പില്ല എന്നത് ഒരു സത്യമായിരുന്നു. അഡ്മിൻ അറിയുന്നതിനു മുന്‍പേ പലരുടെയും ഹാപ്പി ബെർത്ത്ഡേയും വെഡ്ഡിംഗ് ആനിവേഴ്സറിയും മനസിലാക്കി ഈ പാരകൾ ആശംസകൾ ഇടുന്നു.
അഡ്മിൻ എന്ന നിലയിൽ എന്തെങ്കിലും ഉത്തരവുകൾ പുറപ്പെടുവിച്ചാൽ ചില താപ്പാനകൾ പുല്ലുവില പോലും കല്പിക്കുന്നില്ല. ഗ്രൂപ്പിന്റെ നിലയ്ക്കും വിലയ്ക്കും തറവാടിത്തത്തിനും ചേരാത്ത ചിലതൊക്കെ അവന്മാർ ഗ്രൂപ്പുകളിൽ തട്ടുന്നു. അഡ്മിൻപദവിയും പത്രാസുമൊക്കെയുണ്ടെങ്കിലും ഇതൊന്നും തടയാനോ ഡിലീറ്റ് ചെയ്യാനോ കഴിയാത്ത വെറും റബർ സ്റ്റാന്പ് ആണ് താനെന്നു തിരിച്ചറിയുന്പോൾ പലപ്പോഴും ചങ്കിന്റെ ചങ്കു തകരുകയായിരുന്നു.
അതിനിടയിലാണ് ഏതവനെങ്കിലും ഗ്രൂപ്പിൽ ഗുലുമാൽ മെസേജ് ഇട്ടാൽ അതിന്റെ ഉത്തരവാദി അഡ്മിൻ ആയിരിക്കുമെന്ന പോലീസിന്റെ തിട്ടൂരം, സമാധാനം പോകാൻ വേറെ വല്ലതും വേണോ? എങ്കിൽ പിന്നെ ഇവനെയൊക്കെ പിടിച്ചു പുറത്താക്കിക്കൂടേയെന്നാണ് ചോദ്യം.
ഏതാണ്ട് തോമസ് മാഷിനെ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ അവസ്ഥയായിരുന്നു അഡ്മിന്. മെസേജ് ഡിലീറ്റ് ചെയ്യാൻ അധികാരമുണ്ടോ? അതില്ല. എന്നാൽ പിടിച്ചു പുറത്താക്കാൻ ധൈര്യമുണ്ടോ? അതുമില്ല. ലെഫ്റ്റ് അടിച്ചു പോയിരുന്നെങ്കിൽ എന്നാണ് ആഗ്രഹം. ലെഫ്റ്റിലേക്കു പോകാനാണ് മോഹമെന്ന സൂചന പുള്ളി തരുന്നുണ്ടെങ്കിലും പാർട്ടിയിൽനിന്നു ലെഫ്റ്റ് അടിക്കാൻ തയാറാകുന്നില്ല. സഹിക്കുകയല്ലാതെ പിന്നെ എന്തു ചെയ്യും? കോണ്‍ഗ്രസിനു ചിന്തൻ ശിബിരത്തിലും, അഡ്മിൻമാർക്കു സുക്കറണ്ണന്റെ അപ്ഡേഷനിലുമാണ് ഇനി പ്രതീക്ഷ.
മിസ്ഡ് കോൾ=പെണ്‍കുട്ടിയെ വേദിയിൽ വിളിച്ചു സമ്മാനം നൽകിയതിന് സമസ്ത നേതാവിന്റെ അധിക്ഷേപം.
- വാർത്ത
=കാലം മാറി; പക്ഷേ, കഥ മാറിയില്ല!