ബസിലും ട്രെയിനിലും കയറുന്പോഴാണ് നേരത്തേ ഇത്തരം കാർഡുകൾ കണ്ടിട്ടുള്ളത്. അച്ഛൻ കാൻസർ ബാധിതനാണ്, അമ്മ തളർന്നു കിടക്കുകയാണ്.. കുടുംബത്തെ സഹായിക്കണം...എന്നിങ്ങനെയായിരിക്കും കാർഡിലെ കഥ നീളുന്നത്. പത്തു പേരുടെ കാർഡ് നോക്കിയാലും കഥ ഏതാണ്ട് ഒരുപോലെയൊക്കെ ആയിരിക്കും. കഥ കേട്ടു വിഷമിച്ച് ആളുകൾ എന്തെങ്കിലുമൊക്കെ കൊടുക്കും...
നമ്മുടെ നാട്ടിലെ കാപ്പ അപ്പീൽ കമ്മിറ്റിയും ഏതാണ്ട് ഇതുപോലെയൊക്കെയാണ്. 25 കേസിൽ പ്രതിയാണെങ്കിലും കാപ്പ അപ്പീൽ സമിതിക്കു മുന്നിലെത്തി ഇതുപോലെയൊരു കാർഡ് എടുത്തു നീട്ടും. അമ്മ വീട്ടിൽ തനിച്ചാണ്, അമ്മയ്ക്കു ഞാൻ മാത്രമേയുള്ളൂ, എന്നെ നാടു കടത്തരുത്, കുടുംബം പട്ടിണിയാകും..!
ഇതൊക്കെ കേൾക്കുന്പോൾ അപ്പീൽ സമിതിയിൽ ഇരിക്കുന്നവരുടെ മനസു തേങ്ങും, കണ്ണുനിറയും. മോൻ വേഗം പോകണം, അമ്മയ്ക്കു കൂട്ടിരിക്കണം. യാത്രയ്ക്കു ചെലവുകാശ് എന്തെങ്കിലും വേണോ? നാട്ടിൽ ചെന്നു കഴിയുന്പോൾ മോന് സമയം കിട്ടിയാൽ ഇടയ്ക്കു ഡിവൈഎസ്പി ഓഫീസിൽ പോയി ഒരു ഒപ്പിട്ടു കൊടുക്കണം.
ഒത്തിരി പോലീസുകാരൊക്കെയുള്ള നാടാ, സൂക്ഷിച്ചുപോകണം കേട്ടോ... ഇങ്ങനെ ഉപദേശിച്ച് ഒരു കോപ്പ കാപ്പിയും കൊടുത്തിട്ട് അപ്പീൽ സമിതി കേഡികളെ നിറകണ്ണുകളോടെ യാത്രയാക്കുന്നു. അവർ സന്തോഷത്തോടെ നാട്ടിലെത്തി ആളെ വെട്ടി ബോഡി പോലീസ് സ്റ്റേഷനിൽ തട്ടുന്നു.
ഇപ്പോൾ നാട്ടുകാർക്കൊരു സംശയം, നാട്ടിൽ കൊള്ളയും കൊലയുമായി നടക്കുന്നവരൊക്കെച്ചെന്ന് കള്ളക്കണ്ണീർക്കഥ പറയുന്പോൾ അലിഞ്ഞുപോകുന്ന പിഞ്ചുമനസുകളാണോ നമ്മുടെ കാപ്പ അപ്പീൽ സമിതിയിൽ മുഴുവൻ?
മിസ്ഡ് കോൾചുരുളി സിനിമയിലെ ഭാഷ അതിരുവിട്ടതല്ലെന്നു പോലീസ് സമിതി.
- വാർത്ത
എന്നു ബഹുഭാഷാ പണ്ഡിതർ!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്