എന്നാൽ, അങ്ങനെ കണ്ണുംപൂട്ടി എതിർക്കാൻ താനില്ലെന്നും വിഷയം പഠിച്ചിട്ടേ നിലപാട് എടുക്കൂ എന്നുമാണ് തരൂർജി പറഞ്ഞത്. ഇതുകേട്ട പ്രതിപക്ഷ നേതാക്കൾക്കു തരിച്ചുകയറിയെന്നു പറയേണ്ടതില്ലല്ലോ. എതിർത്തില്ല എന്നു കരുതി താൻ കെ-റെയിലിനെ ഇതുവരെ അനുകൂലിച്ചിട്ടില്ലെന്നു തരൂർ പറഞ്ഞെങ്കിലും വിശ്വപൗരനെ ഈയം പൂശാൻ കിട്ടിയ അവസരം നേതാക്കൾ കൈവിട്ടില്ല. ഇതോടെ തരൂരിനും തരിച്ചുകയറിയെന്നു തോന്നുന്നു, തിരിച്ചുകൊടുത്ത അടുത്ത വെടി കോണ്ഗ്രസുകാർ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഗുണപരമായ കാര്യങ്ങളാണ് കേരളത്തിൽ നടന്നുവരുന്നതെന്നു ചെറിയൊരു പുകഴ്ത്തൽ.
ഉറങ്ങിക്കിടന്ന സിംഹങ്ങളൊക്കെ സട കുടഞ്ഞെഴുന്നേൽക്കാൻ ഇതിൽ കൂടുതൽ എന്തുവേണം. വിശ്വപൗരനായാലും കാശുള്ള പൗരനായാലും പുരയ്ക്കുമീതെ ചാഞ്ഞാൽ വെട്ടിനീക്കണമെന്നു പറഞ്ഞുകൊണ്ട് ഉണ്ണിത്താൻ എംപി അല്പം മുളകുകൂടി പുരട്ടി.
തീർന്നില്ല, വടക്കേന്ത്യൻ സംസ്ഥാനങ്ങൾ കേരളത്തെ കണ്ടുപഠിക്കണമെന്നുകൂടി പറഞ്ഞിട്ടാണ് ശശി തരൂർ വായ് പൂട്ടിയത്. കോണ്ഗ്രസ് നേതാക്കളെയെല്ലാം ഒരു കാര്യത്തിലെങ്കിലും ഒന്നിപ്പിക്കാൻ കഴിഞ്ഞെങ്കിലും സ്വന്തം പാർട്ടിക്കാരെ ഇങ്ങനെ വെട്ടിലാക്കുന്നതു ശരിയാണോ തരൂർജി?
സാധാരണ രാഷ്ട്രീയ നേതാക്കളെപ്പോലെ വളയാനും തിരിയാനും നിന്നു കൊടുത്തില്ലെങ്കിലും സ്വന്തം പാർട്ടിക്കാരെ വട്ടം ഒടിക്കാതിരിക്കാനെങ്കിലും പറ്റുമോ? ഇല്ലല്ലേ!
മിസ്ഡ് കോൾ മുഖ്യമന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇനി കറുത്ത ഇന്നോവ കാറുകൾ.
- വാർത്ത
കാറോടുന്പോൾ കറുപ്പിനഴക് എന്ന ഗാനം കേൾപ്പിക്കണമെന്നാണ് ആഗ്രഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്