അധ്യാപകരുടെയും പിള്ളേരുടെയും മാത്രം വേഷം നന്നായാൽ പോരെന്നു തോന്നിയതു കൊണ്ടാവണം സർക്കാർ ഉദ്യോഗസ്ഥരെല്ലാം ആഴ്ചയിൽ ഒരു ദിവസം ഖാദി തന്നെ വേഷമാക്കണമെന്നു നിർദേശിച്ചിരിക്കുകയാണ് സർക്കാർ. ഖാദിയുടെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു വേഷത്തെക്കുറിച്ച് ഓർത്തത്.
ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്തേക്കു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇനി ഈ വേഷംകെട്ടലിനു എന്നെക്കിട്ടില്ല, ഇതുവരെ തന്ന വേഷങ്ങൾക്കു സന്തോഷം... എന്നു പറഞ്ഞു ചെറിയാൻ ഫിലിപ്പ് ഇടതു കുപ്പായവും അഴിച്ചുവച്ചിട്ടു സ്ഥലം വിട്ടത്.
ഇതിനിടെ, പരാതിയുമായി എത്തിയ പെണ്‍കുട്ടിയുടെ അടുത്തു വേഷംകെട്ട് ഇറക്കിയതിന്റെ പേരിൽ ഒരു സിഐ ഏമാന്റെ പോലീസ് വേഷം അഴിപ്പിച്ചിട്ടേയുള്ളൂ എന്ന മട്ടിൽ കോണ്‍ഗ്രസുകാർ വേഷം പോലും മാറാതെ പോലീസ് സ്റ്റേഷനു മുന്നിൽ ഫ്ളാഷ്മോബ് നടത്തി. സ്ഥിതിവിശേഷം മോശമാകുമെന്നു കണ്ടതോടെ ഏമാന്റെ വേഷം സർക്കാർ അഴിപ്പിച്ച് അലക്കാനിട്ടു.
ഒരു വേഷം ഇട്ടാൽ പിന്നെ സകലരുടെയും മാഷാണ് താനെന്നു കരുതുന്നവർക്കുള്ള ചെറിയൊരു ഡോസ്.
ഇത്രയും പറഞ്ഞപ്പോൾ മറ്റൊരു വേഷത്തെക്കുറിച്ചുകൂടി പറയാതെ നിർത്താൻ പറ്റില്ല. ഇതിനകം പല വേഷങ്ങളും കെട്ടി നമ്മളെ വേട്ടയാടിയ കോവിഡ് പുതിയൊരു വേഷം കെട്ടി ഇറങ്ങിയിരിക്കുന്നു, ഒമിക്രോണ്‍! ആശാനെ, ഇനി ഞങ്ങളെ അശേഷം തീർത്തിട്ടേ ഈ കത്തിവേഷം അഴിക്കുകയുള്ളൂ എന്നാണോ തീരുമാനം?
മിസ്ഡ് കോൾ* സമരത്തിനിടെ കർഷകർ മരിച്ചോ? അറിയില്ലെന്നു കേന്ദ്രസർക്കാർ.
- വാർത്ത
* ശരിക്കും അറിഞ്ഞുവരുന്നതേയുള്ളൂ!
ഔട്ട് ഓഫ് റേഞ്ച്/ ജോണ്സണ് പൂവന്തുരുത്ത്