ന്യൂനമർദവും ഇടിമിന്നലും ചേർത്തൊരുക്കുന്ന ഡിജെ പാർട്ടി കഴിയുന്പോൾ ഒരു പ്രദേശം തന്നെ മണ്ണിനടിയിലാകുന്ന സ്ഥിതിയാണ്. തോക്കിന്റെ പാത്തിക്ക് അടിക്കുന്നതിനേക്കാൾ കഷ്ടമാണ് ന്യൂനമർദ പാത്തിയുടെ അടി. ന്യൂനമർദങ്ങൾ തനിച്ചല്ല ഇപ്പോൾ ഗുണ്ടാപ്പിരിവിന് ഇറങ്ങുന്നത്. ചക്രവാതച്ചുഴി എന്ന ഗുണ്ടാത്തലവനെയും കൂട്ടുപിടിച്ചാണ് നാട്ടുകാരെ കൈകാര്യം ചെയ്യുന്നത്.
അറബിക്കടൽ ആകെ ചൂടായി നിൽക്കുന്നതാണ് ഈ ന്യൂനമർദ ഗുണ്ടകളെല്ലാം ഒന്നിനു പിറകെ മറ്റൊന്നായി എത്താൻ കാരണമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. അറബിക്കടൽ മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രവും ആകെ ചൂടിലാണത്രേ.
നമ്മൾ മലയാളികൾ വല്ലതും ചെയ്തിട്ടാണ് ചൂടു കൂടുന്നതെന്നു തെറ്റിദ്ധരിച്ചാണോ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും നമ്മളെ കൈകാര്യം ചെയ്യാൻ ഈ ന്യൂനമർദങ്ങളെയെല്ലാം പറഞ്ഞുവിടുന്നതെന്നാണ് ഇപ്പോഴത്തെ സംശയം.
എന്നാൽ, കാലാവസ്ഥാ വ്യതിയാനമാണ് ന്യൂനമർദങ്ങളെ സൃഷ്ടിക്കുന്നതെന്നും മനുഷ്യൻ ചെയ്യുന്നതിന്റെ ഫലമാണ് അവർ ഇപ്പോൾ ലോകമെന്പാടും അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകമെന്പാടും തന്നെ ഇങ്ങനെ ന്യൂനമർദ ഗുണ്ടകൾ ഇറങ്ങി നാട്ടുകാരെ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനെ തടയാൻ നമ്മൾ സാധാരണ കുട ചൂടിയാൽ പോരാ, ഭൂമിക്കൊരു കുടതന്നെ പിടിക്കേണ്ടിവരും.
മിസ്ഡ് കോൾപുനഃസംഘടന: കോണ്ഗ്രസിൽ വീണ്ടും തർക്കം മുറുകി.
- വാർത്തതർക്കിച്ചോ, പക്ഷേ സെമികേഡർ നിലവാരത്തിലായിരിക്കണം!