നിനക്കൊന്നുമറിയില്ല, നീ കുട്ടിയാണ്!
Wednesday, November 3, 2021 2:45 PM IST
എന്താ, ഇതു കുട്ടിക്കളിയാണെന്നാണോ ഓർത്തത്... എന്നു പലരും ചോദിക്കാറുണ്ട്. എന്നാൽ, കുട്ടിക്കളി അത്ര നിസാരമായ കളിയല്ലെന്നാണ് അടുത്തകാലത്തെ ചില സംഭവങ്ങൾ തെളിയിക്കുന്നത്. സംശയമുണ്ടെങ്കിൽ നമ്മുടെ സഖാക്കളോടു ചോദിക്കാം. അടുത്തകാലത്തായി കുട്ടികളെച്ചൊല്ലിയുള്ള പൊല്ലാപ്പുകൾ സഖാക്കളെ വിടാതെ പിടിച്ചിരിക്കുകയാണ്.
പാർട്ടി സെക്രട്ടറിയുടെ കുട്ടിയെ ലഹരി ഇടപാടിലെ കള്ളപ്പണക്കേസിൽ പിടിച്ചു കൂട്ടിലടച്ചിട്ട് ഒരു വർഷം തികഞ്ഞു. ഒടുവിൽ കഴിഞ്ഞദിവസമാണ് ജാമ്യം കിട്ടിയത്. കുട്ടി അകത്തായതോടെ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്തായ അച്ഛന് കുട്ടി പുറത്തിറങ്ങിയിട്ടു വേണം അകത്തേക്കൊന്നു കയറിക്കൂടാൻ.
കുട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇപ്പോൾ കേട്ടില്ലെന്നു നടിച്ചു സ്ഥലംവിടുകയാണ് നാട്ടുനടപ്പനുസരിച്ചു സഖാക്കളുടെ പതിവ്. കുട്ട്യോളു വികൃതി കാണിക്കുന്നതിന് അവരുടെ അച്ഛനെയും അച്ഛന്റെ പാർട്ടിയെയും കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ എന്ന ഭാവം.
പേരിൽത്തന്നെ ഒരു കുട്ടിയുള്ള മന്ത്രിയാണ് നമ്മുടെ വിദ്യാഭ്യാസമന്ത്രി. ഏതാനും വർഷംമുന്പ് ബജറ്റ് തടയാനായി നിയമസഭ തല്ലിപ്പൊളിച്ചതു പോലും കുട്ടിക്കളിയായി കണ്ടു ക്ഷമിച്ചുകൂടേയെന്നു ചോദിച്ചു കോടതിക്കു മുന്നിൽ ചെന്നെങ്കിലും വടിയെടുത്തു നാലു പെട കൊടുത്തു കുട്ടിയെ തിരിച്ചുവിടുകയായിരുന്നു.
ഭരണപക്ഷത്തെ കുട്ടികൾ തങ്ങൾക്കു തരാതെ ലഡ്ഡു കഴിക്കുന്നതു കണ്ട ദേഷ്യത്തിലായിരിക്കും ഒരുപക്ഷേ, ഈ ശിവൻകുട്ടിയും കുട്ട്യോളും മേശയും കസേരയും കംപ്യൂട്ടറുമൊക്കെ തവിടുപൊടിയാക്കിയതെന്നു നാട്ടുകാർ കരുതിക്കോണം. എന്തായാലും കുട്ടികൾ ശിവൻകുട്ടിയെ വിടുന്ന മട്ടില്ല.
ഇത്തവണത്തെ എസ്എസ്എൽസി ഫലം വന്നുകഴിഞ്ഞപ്പോൾ കുട്ടികളോടു കളിച്ചാൽ കളി കാര്യമാകുമെന്നു മന്ത്രിക്കുട്ടിക്കു മനസിലായി. പ്ലസ് വണ്ണിനു സീറ്റ് കൊടുത്തില്ലെങ്കിൽ കുട്ടികൾ തന്റെ സീറ്റ് ഇളക്കുമെന്ന ഘട്ടത്തിലാണ് ശിവൻകുട്ടി ഞെട്ടിയെഴുന്നേറ്റത്.
സീറ്റ് കൂട്ടിയെന്നും ഇഷ്ടംപോലെ കിട്ടുമെന്നുമൊക്കെ തട്ടിവിടുന്നുണ്ടെങ്കിലും അടുത്ത ഘട്ടത്തിലെങ്കിലും കുട്ടികളുടെ കാര്യം ശരിയായില്ലെങ്കിൽ മന്ത്രിയുടെ കാര്യം കുട്ടികൾ കട്ടപ്പൊകയാക്കും. അതിനിടയിലാണ് പാർട്ടിക്കുട്ടികൾ തമ്മിൽ കോട്ടയത്ത് അടിയും പിടിയും അരങ്ങേറിയത്.
മുന്നണിയിലെ വല്യേട്ടന്റെ കുട്ടികളും കുഞ്ഞേട്ടന്റെ കുട്ടികളും തമ്മിലായിരുന്നു കൂട്ടയടി. പതിവുപോലെ വല്യേട്ടന്റെ കുട്ടികൾ കുഞ്ഞേട്ടൻ പാർട്ടിയിലെ പെണ്കുട്ടികളെപ്പോലും ഓടിച്ചിട്ടു തല്ലി. ഇപ്പോൾ കേസുകെട്ടുകളുമായി നേർക്കുനേർ മുട്ടുകയാണ് ഈ കുട്ടിസഖാക്കൾ.
ഇതുകൊണ്ടും പാർട്ടിയുടെ കുട്ടിരാഷ്ട്രീയക്കളികൾ തീരുന്ന മട്ടില്ല. ഏറ്റവുമൊടുവിൽ ഒരു കുട്ടിയെത്തന്നെ അമ്മയിൽനിന്നു തട്ടിയെടുത്തെന്ന വെടിപൊട്ടിച്ചിരിക്കുന്നു ഒരു പാർട്ടിക്കുട്ടി. ഇതുകേട്ടു കട്ട പാർട്ടിക്കാർ പോലും ഞെട്ടിപ്പോയി. പൊട്ടിക്കലും വെട്ടിക്കലും കൂട്ടിക്കെട്ടലും തട്ടിക്കലുമെല്ലാം പാർട്ടിക്കാരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാൽ, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ പുതിയ ഐറ്റമായിരുന്നു. അമ്മയറിയാതെ കുട്ടിയെ ദത്ത് കൊടുക്കാൻ പാർട്ടി കേന്ദ്രങ്ങൾ മുന്നിട്ടിറങ്ങിയെന്നായിരുന്നു പാർട്ടിക്കുട്ടിയുടെ പരാതി.
തന്റെ കുട്ടിയെ തിരികെ കിട്ടാൻ പാർട്ടിയിലെ പലരുടെയും പിന്നാലെ നടന്നിട്ടും നടക്കാതെ വന്നതോടെയാണ് പത്രക്കാരുടെ മുന്നിലെത്തിയതെന്നും കുട്ടിസഖാത്തി വെട്ടിത്തുറന്നടിച്ചു. പിന്നാന്പുറ കഥകൾ ഒന്നൊന്നായി പുറത്തേക്കു വന്നപ്പോഴാണ് സംഭവങ്ങൾ അത്ര ധന്യമല്ലെന്നു നാട്ടുകാർക്കും തോന്നിത്തുടങ്ങിയത്. സംഭവത്തിൽ ശരിക്കും ഏതു കുട്ടിക്കാണ് നീതി കിട്ടേണ്ടതെന്ന കണ്ഫ്യൂഷനിലാണ് ഇപ്പോൾ നാട്ടുകാർ! നാട്ടുകാർക്ക് ഒാർമിക്കാൻ ലാലേട്ടന്റെ ഡയലോഗ്; ""നിനക്ക് ഒന്നുമറിയില്ല, നീ കുട്ടിയാണ്!''
മിസ്ഡ് കോൾ
=കോവിഡ് പ്രതിരോധം പാളി; ബ്രസീൽ പ്രസിഡന്റിനെതിരേ ക്രിമിനൽ കേസിനു നീക്കം.
- വാർത്ത
=മേരേ പ്യാരേ ദേശ് വാസിയോം...!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്