25ന്റെ പാൽ, 500ന്റെ ആർടിപിസിആർ!
Thursday, August 12, 2021 7:23 PM IST
“മുതലാളീ ഒരുത്തൻ കുറെനേരമായി കടയുടെ മുന്നിൽ വന്നു ബഹളം വയ്ക്കുന്നു''- ജീവനക്കാരൻ ഓടിയെത്തി പറഞ്ഞതു കേട്ടു മുതലാളി തല ഉയർത്തി. ആളെങ്ങനെ? കണ്ടിട്ടു പ്രശ്നക്കാരനാണോ ? - മുതലാളിയുടെ ചോദ്യം. “ആണെന്നു തോന്നുന്നു. കാരണം കണ്ടിട്ട് ഒരു വാക്സിൻ എടുക്കാത്തവന്റെ ലുക്ക്’’.
ജീവനക്കാരനും മുതലാളിയുംകൂടി കടയുടെ മുന്നിലേക്ക് എത്തി. മുതലാളിയെ കണ്ടപാടെ കസ്റ്റമർ കൈകൂപ്പി: ""സാറേ എനിക്ക് രണ്ടു കവർ പാലു തരണം. പിള്ളേർക്കു കൊടുക്കാനുള്ളതാ. കുറെ നേരമായി ഇവിടെ നിൽക്കുന്നു. നിങ്ങളുടെ സെക്യൂരിറ്റി എന്നെ കയറ്റിവിടുന്നില്ല.’’ “എടോ പുതിയ നിയമം വന്നതൊന്നും താനറിഞ്ഞില്ലേ. തനിക്ക് രണ്ടാഴ്ച മുന്പത്തെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടോ?’’ - മുതലാളിയുടെ ചോദ്യം.
“എന്റെ സാറേ ബുക്ക് ചെയ്തു മടുത്തു. ഇതുവരെ സ്ലോട്ടും ബോൾട്ടുമൊന്നും കിട്ടിയിട്ടില്ല. പിന്നെ ഞാൻ എന്തുചെയ്യും ?’’.
“അതു പറഞ്ഞിട്ടു കാര്യമില്ല. ആട്ടെ ഒരു മാസത്തിനുള്ളിൽ തനിക്കു കോവിഡ് വന്നിട്ടുണ്ടോ?’’...
“എനിക്കു കോവിഡ് വന്നിട്ടുണ്ട്. അതു മൂന്നാലു മാസം മുന്പാണ് സാറേ.’’
“അപ്പോൾ അതും പറ്റില്ല. ഒരു കാര്യം ചെയ്യ്. താൻ പോയി ആർടിപിസിആർ ടെസ്റ്റ് നടത്തിയിട്ടു സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചോണ്ടു വാ. പാലോ പഴമോ എന്തു വേണമെങ്കിലും തരാം. ഇതൊന്നുമില്ലാതെ തന്നെ കടയിൽ കയറ്റിയാൽ എന്റെ സർട്ടിഫിക്കറ്റ് കീറും’’
ഇതു കേട്ട കസ്റ്റമർ ഒരു നിമിഷം അന്തംവിട്ടുനിന്നു. എന്നിട്ടു ചോദിച്ചു: ""അതായത് എനിക്ക് 25 രൂപയുടെ ഒരു കവർ പാൽ മേടിക്കണമെങ്കിൽ ഞാൻ 500 രൂപ മുടക്കി ആർടിപിസിആർ ചെയ്തിട്ടു വരണം. ഇതിൽ ഭേദം താലിബാനാണ് സാറേ.’’ - കസ്റ്റമർ നിരാശയോടെ തിരിച്ചുനടന്നു.
ഈ ബഹളത്തിനിടയിലാണ് ഒരു പയ്യൻ കടയിലേക്കു കയറാനൊരുങ്ങിയത്. “കൈയിൽ രേഖയുണ്ടോ? ഉണ്ടെങ്കിൽ കയറിയാൽ മതി.’’- സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. പയ്യൻ തന്റെ കൈ കാണിച്ചു.
“താനെന്താ ആളെ കളിയാക്കുവാണോ ? കൈരേഖയുടെ കാര്യമല്ല ചോദിച്ചത്. കടയിൽ കയറാനുള്ള സർട്ടിഫിക്കറ്റ് വല്ലതും ഉണ്ടോയെന്നാണ് ?’’ പയ്യൻ പോക്കറ്റിൽനിന്ന് ഒരു കടലാസ് കഷണം വലിച്ചെടുത്തു, ഇതാ വാക്സിൻ സർട്ടിഫിക്കറ്റ്.
കടലാസ് മേടിച്ചു തിരിച്ചും മറിച്ചും പരിശോധിച്ച സെക്യൂരിറ്റി പയ്യനെ അടിമുടിയൊന്നു നോക്കി. “തന്നെ കണ്ടിട്ട് പതിനെട്ട് വയസു കഴിഞ്ഞതായി തോന്നുന്നില്ലല്ലോ. പിന്നെ തനിക്കെങ്ങനെ വാക്സിൻ കിട്ടി? ഈ സർട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നു സംശയമുണ്ട്. ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് വരെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്ന കാലമാ’’.
“ചേട്ടാ, എനിക്ക് പതിനെട്ട് കഴിഞ്ഞതാ. ആശുപത്രിയിൽ പോയി കാശുമുടക്കി വാക്സിനും എടുത്തു’’- പക്ഷേ, ഇതൊന്നും കേട്ടിട്ടു സെക്യൂരിറ്റി വിടുന്ന മട്ടില്ല. ബഹളം കേട്ട് ഇറങ്ങിവന്ന മുതലാളിയും സംശയാലുവായി.
“ശരിയാണ്, തന്നെ കണ്ടാൽ ഒരു പതിനഞ്ചിനപ്പുറം തോന്നില്ല. അതുകൊണ്ട് വയസു തെളിയിക്കുന്ന രേഖയുംകൂടി കൊണ്ടുവന്നാലേ അകത്തേക്കു കയറാൻ പറ്റൂ. എസ്എസ്എൽസി ബുക്കോ ആധാറോ വല്ലതുമുണ്ടോ? അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്. തന്റെ ഈ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്നു വില്ലേജ് ഓഫീസറുടെ ഒരു സാക്ഷ്യപത്രം കൊണ്ടുവന്നാലും മതി!’’
ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു പോകാനും വിമാനത്തിൽ കയറാനുമൊക്കെ പല രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനയാണ് വീടിന് അടുത്തുള്ള പലചരക്കു കടയിൽ പോകാൻ ഇവിടെയുള്ളതെന്നു പറയുന്പോൾ അഭിമാന പൂരിതമാകണം അന്തരംഗം, തുടിക്കണം ചോര ഞരന്പുകളിൽ!
എല്ലാവർക്കും വാക്സിൻ കൊടുത്തിട്ടുണ്ടോ? ഇല്ല. മൂന്നു ദിവസം മാത്രം വാലിഡിറ്റിയുള്ള ആർടിപിസിആർ ടെസ്റ്റ് സൗജന്യമാണോ? അല്ല. 18 വയസിൽ താഴെയുള്ളവർക്കു വാക്സിൻ കൊടുത്തിട്ടുണ്ടോ? ഇല്ല. അപ്പോൾപിന്നെ കടയിലും സ്ഥാപനങ്ങളിലും പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ശരിയാണോ? ശരിയാണ്!
അതുശരി, അപ്പോൾ തെറ്റിയത് നമുക്കാണ്!
മിസ്ഡ് കോൾ
= മലയാള സിനിമയിൽ തെറി പറച്ചിൽ പെരുകുന്നു.
- വാർത്ത
= നേരത്തേ സിനിമ കണ്ടിട്ടു നാട്ടുകാരായിരുന്നു പറഞ്ഞിരുന്നത്!