അഴിക്കാൻ കഴിയാത്ത സീറ്റ് ബെൽറ്റുകൾ!
Sunday, March 21, 2021 7:40 PM IST
കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്പോഴും അതൊരു എംപി സീറ്റിലോ എംഎൽഎ സീറ്റിലോ ആണ് ഇരിക്കുന്നതെങ്കിൽ അതിന്റെ സുഖം ഒന്നു വേറെ തന്നെ. ഇനി പുഷ്ബാക്ക് ഉള്ള മന്ത്രിക്കസേരയിൽത്തന്നെ ഇരിക്കാൻ പറ്റിയാൽ പറയുകയും വേണ്ട.
വണ്ടിയോടിക്കുന്പോൾ സാധാരണ പലർക്കും സീറ്റ് ബൽറ്റ് ഇടാൻ മടിയാണ്. പോലീസ് ചീത്ത വിളിക്കുമെന്നും പെറ്റിയടിക്കുമെന്നുമൊക്കെ പേടിച്ചാണ് പലരും സീറ്റ് ബൽറ്റ് ഇടുന്നത്. എന്നാൽ, രാഷ്ട്രീയത്തിൽ നേരേ തിരിച്ചാണ് കാര്യങ്ങൾ. ഒരിക്കൽ സീറ്റിൽ ഇരുന്നു ബെൽറ്റ് ഇട്ടാൽ പിന്നെ അഴിക്കാനാണ് പലർക്കും മടി. വേണമെങ്കിൽ രണ്ടോ മൂന്നോ സീറ്റ് ബെൽറ്റ് ഒന്നിച്ച് ഇട്ടു മുറുക്കാൻ തയാറായിട്ടാണ് പലരുടെയും ഇരിപ്പ്.
മരം പോലെയുള്ള ആ ഇരിപ്പു കണ്ടു നാട്ടുകാർക്കു പെരുത്തു കയറിയാലും ഒടുവിൽ പുള്ളി കിടപ്പിലായാലും സീറ്റിന്റെ വള്ളി അരയിൽതന്നെ ഉണ്ടെന്ന് ഉറപ്പിക്കാൻ മറക്കാറില്ല. ഉയരം കൂടുന്തോറും ചായയ്ക്കു രുചിയേറുമെന്നു നടൻ മോഹൻലാൽ തേയിലത്തോട്ടത്തിലെ പരസ്യത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതേ അഭിനയം രാഷ്ട്രീയ തോട്ടത്തിലാണെങ്കിൽ പ്രായം കൂടുന്തോറും അധികാരത്തിനു രുചിയേറും എന്നു ഡയലോഗ് മാറ്റി എഴുതേണ്ടി വരും.
ഓരോ തവണ മത്സരിക്കുന്പോഴും രുചി കൂടിക്കൂടി വന്നാൽ പിന്നെ എന്തു ചെയ്യും. അധികമായാൽ അമൃതും വിഷം എന്നാണ് പറയാറുള്ളത്. എന്നാൽ, അമൃതിനേക്കാൾ കൂടിയ സാധനം അധികാരമാണോയെന്നാണ് ഇപ്പോൾ നാട്ടുകാരുടെ സംശയം. കാരണം എത്ര അധികമായാലും ഇനിയും പോരട്ടെ പോരട്ടെ എന്നാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഏഴും എഴുപതും ഒരുപോലാണെന്നു കേട്ടിട്ടുണ്ട്. എഴുപതല്ല, എണ്പതും തൊണ്ണൂറും പിന്നിട്ടാലും രാഷ്ട്രീയത്തിൽ എല്ലാവരും യുവകേസരികളാണ്! ഏതു പ്രായത്തിലും ആർക്കും കേസരികളാകാം പക്ഷേ, അതിനു ശേഷമുള്ള കസേരകളികളാണ് സഹിക്കാൻ പറ്റാത്തത്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന മട്ടിൽ പാർട്ടികളുടെ തൊണ്ടയിൽ കസേരയിട്ട് ഇരുന്നു കരളുകയാണ് ചിലർ.
സീറ്റിൽ ഇരുത്തുന്ന കാലത്തോളം പാർട്ടി എന്റെ ചങ്കാണ്, ചങ്കിടിപ്പാണ്. ഒരു തവണ സീറ്റ് ഇല്ലെന്നെങ്ങാനും പറഞ്ഞുപോയാൽ അതോടെ ആ ചങ്കിനെ തിരുമ്മി ചണമാക്കും! പിന്നെ ഇക്കൂട്ടരുടെ ഡയലോഗുകൾ കേൾക്കുന്പോഴാണ് തമ്മിൽ കണ്ടാൽ കടിച്ചുകീറുന്ന അമ്മായിയമ്മയും മരുമകളുമൊക്കെ ഇവരുടെ മുന്നിൽ എത്രയോ ഭേദമാണെന്നു നമുക്കു തോന്നുന്നത്.
ഒരു തരത്തിലും സീറ്റ് വീഴില്ലെന്നു തോന്നിയാൽ ഏറ്റവും ഗുണം ചെയ്യുന്നതു സെന്റിമെന്റ്സ് ആണ്. വിറകുവെട്ടിയതിന്റെയും വെള്ളംകോരിയതിന്റെയും കണ്ണീർക്കഥകൾ കാണ്ഡം കാണ്ഡമായി പുറത്തേക്കു വരും. പിന്നാലെ പ്രശസ്തമായ ആ ഡയലോഗും, ഇത്തവണകൂടി സീറ്റ് തരണം, ഇതെന്റെ അവസാന മത്സരമാണ്! ഇതേ ഡയലോഗ് അടിച്ചു ആറാമത്തെയോ ഏഴാമത്തെയോ തവണ സീറ്റ് മേടിച്ച പുള്ളിയാണ് മുന്നിൽ നിൽക്കുന്നതെന്ന ചരിത്രം അപ്പോൾ എല്ലാവരും മറന്നുപോകും!
ഇതിനൊക്കെ ഇടയിലും സീറ്റ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല സീറ്റിനു പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ പേരൊന്നു ചേർത്തേക്കണമെന്നു വിനീതമായി അഭ്യർഥിക്കുന്നവരുടെ വിശാല മനസ്കതയും കാണാതെ പോകരുത്. സീറ്റ് കിട്ടുന്നതിലല്ല മാധ്യമങ്ങളും നാട്ടുകാരും തന്റെ പേര് ചർച്ച ചെയ്യുന്നതിലാണ് അവർക്കു ഹരം. സീറ്റ് കിട്ടാത്തതിന് ആത്മഹത്യാ ഭീഷണി, ഒരു പാർട്ടിയിലെ അംഗം മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി തുടങ്ങി രസികൻ ഇലക്ഷൻ കാഴ്ചകൾ തുടരട്ടെ.
മിസ്ഡ് കോൾ
= ഒടുവിൽ പി.സി. ചാക്കോ കോണ്ഗ്രസ് വിട്ടു.
- വാർത്ത
= സ്വപ്നമൊരു ചാക്ക്, തലയിലതു താങ്ങിയൊരു പോക്ക്!