സ്വർണഖനിയിലെ സുന്ദര കാഴ്ചകൾ!
Saturday, July 18, 2020 11:58 AM IST
പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നിടത്തു കാര്യം എന്നു ചോദിച്ചു ശീലിച്ചവരാണ് നമ്മൾ. ഇനിയിപ്പോൾ അങ്ങനെ ചോദിച്ചാൽ പോരാ, പുലികൾക്കെന്ത് പൊന്നുരുക്കുന്നിടത്തു കാര്യം എന്നുതന്നെ ചോദിക്കണം. കാരണം, സ്വപ്നറാണിയുടെ സ്വർണം ഉരച്ചുനോക്കുന്തോറും തെളിഞ്ഞുവരുന്നതു വെറും പൂച്ചകളല്ല, പുലികളും സിംഹങ്ങളുമാണ്.
ഇത്രയും നാൾ സ്വർണക്കടയിൽ കിട്ടുന്ന ഹാൾമാർക്ക് സ്വർണം അഭിമാനത്തോടെ വാങ്ങി ധരിച്ചിരുന്നവരാണ് മലയാളികൾ. എന്നാൽ, ഹാൾ മാർക്കിനേക്കാൾ കൂടിയ സർട്ടിഫിക്കേഷനാണ് സ്വപ്നമാർക്ക് എന്നാണ് കേൾക്കുന്നത്. ഐഎഎസുകാർ മുതൽ സിനിമാക്കാർ വരെ സ്വപ്നമാർക്ക് സ്വർണത്തിന്റെ ആരാധകരായിരുന്നത്രേ. സ്വപ്നമാർക്കു സ്വർണം ചാർത്തി വിലസിയവരിൽ ഉന്നതന്മാരും പ്രമുഖരും രാഷ്ട്രീയക്കാരുമുണ്ടെന്നാണ് മാധ്യമങ്ങളുടെ പക്ഷം. ഈ നാട്ടിൽ ഇത്രയധികം ‘ഉന്നതന്മാരും പ്രമുഖന്മാരും’ ഉണ്ടെന്നറിഞ്ഞതു സ്വപ്നക്കേസ് വന്നതോടെയാണ്. സ്വപ്നയുടെ സ്വർണപ്പണയം വാങ്ങി ലോക്കറിലാക്കിയവർ പലരും എങ്ങനെയെങ്കിലും തലയൂരാൻ പണിപ്പെടുകയാണത്രേ.
സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം എന്നാണ് കാരണവന്മാർ പറഞ്ഞിട്ടുള്ളത്. മരമായിരുന്നെങ്കിൽ മുറിക്കാമായിരുന്നു പക്ഷേ, ഇതു മലയായിപ്പോയില്ലേ. സർക്കാരിന്റെ കോട്ടിട്ട ചില നാണമില്ലാത്തഭ്രാന്തന്മാർ ഈ മലമുകളിലേക്ക് ഉരുട്ടിക്കയറ്റിയ സ്വർണക്കല്ല് താഴേക്കു പോന്നാൽ ആരുടെയൊക്കെ തലയിൽ വീഴുമെന്ന് ഇപ്പോൾ ആർക്കും പറയാനാകാത്ത സ്ഥിതി. ഈ സ്വർണമല തുരന്ന തുരപ്പന്മാർ മുഖ്യമന്ത്രിയുടെ ആപ്പീസ് വരെ മാന്തിയിട്ടും ആരും തിരിച്ചറിഞ്ഞില്ല. അത്രയ്ക്കുണ്ട് നമ്മുടെ വിജിലൻസും ഇന്റലിജൻസും!
ഒരു തട്ടിൽ സ്വർണക്കട്ടിയും മറ്റേ തട്ടിൽ സോളാർ പാനലും വച്ചാൽ ഏതു തട്ടായിരിക്കും താഴ്ന്നുനിൽക്കുക എന്ന തർക്കമാണ് ഇപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടന്നുകൊണ്ടിരിക്കുന്നത്. വില സ്വർണത്തിനാണ് കൂടുതലെന്ന് ഒരു കൂട്ടർ, സോളാറിന്റെ വെളിച്ചം ഇപ്പോഴും കെട്ടിട്ടില്ലെന്നു മറുപക്ഷം. കൊടുത്താൽ കൊല്ലത്തു മാത്രമല്ല ഇല്ലത്തും കിട്ടുമെന്ന് ഇപ്പോൾ സഖാക്കൾ തിരിച്ചറിയുന്നു. അതും പേരിന്റെ അക്ഷരത്തിന്റെ എണ്ണത്തിൽ പോലും കുറവില്ലാതെ, സരിത- സ്വപ്ന!
സമരവും കോലാഹലവുമൊക്കെ തുടങ്ങിയെങ്കിലും ഇത്തവണ യുഡിഎഫ് നേതാക്കന്മാർക്കു പണി ഇത്തിരി കുറഞ്ഞിട്ടുണ്ട്. പ്രസ്താവന എഴുതിയും ആലോചിച്ചും കൂടുതൽ സമയം കളയേണ്ട. അതു കോവിഡ് കാലം ആയതുകൊണ്ടല്ല, സോളാർ കാലത്തെ സഖാക്കളുടെ പ്രസ്താവനയെടുത്തിട്ടു പേരും തീയതിയും മാറ്റിയാൽ മാത്രം മതി, ബാക്കിയെല്ലാം ഏതാണ്ട് ഒരുപോലെ തന്നെ!
മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ഇപ്പോൾ പെരിയ സഖാവിനും ഏതാണ്ട് പിടികിട്ടിയെന്നു തോന്നുന്നു. ഐടി വകുപ്പിന്റെ തിളക്കം കണ്ടു കണ്ണുമഞ്ഞളിച്ചതാണ് പുള്ളിക്കാരനു വിനയായി മാറിയത്. ശങ്കരേട്ടന്റെ തിളക്കം അത്ര പൊന്നല്ലെന്നു സിപിഐക്കാർ പണ്ടേ മുഖ്യനോടു പറഞ്ഞതാണത്രേ. അപ്പോൾ അവൻ “പൊന്ന’’പ്പനല്ലെങ്കിൽ “തങ്ക’’പ്പനാണെന്നായിരുന്നു പുള്ളിക്കാരന്റെ നിലപാട്. എന്നാൽ, ആ തങ്കപ്പന്റെ തങ്കം ഇപ്പോൾ ഇടിച്ചുപൊളിച്ചതു സഖാക്കളുടെ ഇരട്ടച്ചങ്കാണ്!
മിസ്ഡ് കോൾ
= താരങ്ങൾ നിർമാതാക്കളുമായി ആലോചിച്ചു പ്രതിഫലം കുറയ്ക്കുമെന്ന് അമ്മ.
- വാർത്ത
= ഫലത്തിൽ സിനിമയുടെ നീളം കുറയും!