ഗോളടിച്ച ശേഷവും അർജന്റീന ആക്രമിച്ചുതന്നെയാണു കളിച്ചത്. 36-ാം മിനിറ്റിൽ അവർ ലീഡുയർത്തി. ഇത്തവണ ഗോൾവന്നതു ഡി മരിയയിൽനിന്ന്. മെസി തുടങ്ങിവെച്ച മുന്നേറ്റമാണു ഗോളിൽ കലാശിച്ചത്.
മെസിയിൽനിന്നു പന്ത് സ്വീകരിച്ച് മക് അലിസ്റ്റർ ഓടിക്കയറി നൽകിയ പാസ് ഫിനിഷ് ചെയ്യണ്ട ജോലിയേ ഡി മരിയയ്ക്കുണ്ടായിരുന്നുള്ളൂ (സ്കോർ: 2-0). പിന്നാലെ ഫ്രാൻസ് പരിശീലകൻ ദിദിയെ ദേഷാംപ് ഡെംബലയെയും ജിറൂദിനെയും മടക്കിവിളിച്ചു. പകരം, മാർക്കസ് തുറാം, റൻഡാൽ കോളോ മുവാനി എന്നിവരെ കളത്തിലിറക്കി. ഒരു ഗോൾ തിരിച്ചടിക്കാനായി ഫ്രാൻസ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അർജന്റീന പ്രതിരോധം വിഫലമാക്കി.
എംബാപ്പെ കൊടുങ്കാറ്റ്രണ്ടാം പകുതിയിൽ ഫ്രാൻസ് തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ കടുപ്പിച്ചു. 64-ാം മിനിറ്റിൽ ഡി മരിയയെ പിൻവലിച്ച് അർജന്റീന അക്യൂനയെ കൊണ്ടുവന്നു. 71-ാം മിനിറ്റിൽ പന്തുമായി മുന്നേറിയ എംബാപ്പെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
79-ാം മിനിറ്റിൽ ഫ്രാൻസ് ഒരുഗോൾ മടക്കി. ബോക്സിനുള്ളിൽ വെച്ച് കോലോ മുവാനിയെ ഒട്ടമെൻഡി വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി സൂപ്പർതാരം കിലിയൻ എംബാപ്പെ വലയിലെത്തിച്ചു.
ഈ ഗോളിന്റെ ഞെട്ടൽ മാറുംമുൻപേ ഫ്രാൻസ് അടുത്തവെടി പൊട്ടിച്ചു.
ഇത്തവണയും ലക്ഷ്യംകണ്ടത് എംബാപ്പെ തന്നെ. മാർക്കസ് തുറാം ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് തകർപ്പൻ വോളിയിലൂടെ എംബാപ്പെ വലയിലെത്തിക്കുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ വഴങ്ങി അർജന്റീന ലീഡ് കളഞ്ഞുകുളിച്ചു.
മെസി-എംബാപ്പെനിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാനാകാതെ പോയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. എക്സ്ട്രാ ടൈമിൽ ലയണൽ മെസി നേടിയ ഗോളിൽ വീണ്ടും അർജന്റീന മുന്നിൽ (108’). എന്നാൽ പത്തു മിനിറ്റിനുശേഷം കിലിയൻ എംബാപ്പെയിലൂടെ ഫ്രാൻസിന്റെ മറുപടി.
സ്വന്തം ബോക്സിനുള്ളിൽ അർജന്റീന താരം മോണ്ടിയൽ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് എംബാപ്പെ ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചത്. ഇതോടെ എംബാപ്പെ ഹാട്രിക്കും തികച്ചു. മത്സരം വീണ്ടും സമനിലയിലായതോടെ വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട്. ഒടുവിൽ യുവതാരങ്ങൾക്കു പിഴച്ചതോടെ ഫ്രാൻസിന് തലകുനിച്ചു മടക്കം.