സെമി ഫൈനലിൽ ക്രൊയേഷ്യയെ 3-0ന് അർജന്റീന തോൽപ്പിച്ചപ്പോൾ പ്ലെയർ ഓഫ് ദ മാച്ച് ആയ ലയണൽ മെസിക്ക് പുരസ്കാരം സമ്മാനിച്ചത് അഗ്വേറോ ആയിരുന്നു. ഖത്തറിൽ ലയണൽ മെസിക്കൊപ്പമാണ് അഗ്വേറോ താമസിക്കുന്നതെന്നാണ് റിപ്പോർട്ട്.
മൂന്നാം കിരീടംമൂന്നാം ലോകകപ്പ് ട്രോഫിക്കായാണ് അർജന്റീനയും ഫ്രാൻസും ഇന്ന് കളത്തിലുള്ളത്. 1978, 1986 ലോകകപ്പുകളാണ് അർജന്റീന സ്വന്തമാക്കിയതെങ്കിൽ 1998, 2018 എഡിഷനുകളിൽ ഫ്രാൻസ് ജേതാക്കളായി. ഫ്രാൻസിന്റെ നാലാം ലോകകപ്പ് ഫൈനലാണ് (1998, 2006, 2018, 2022). അർജന്റീനയുടെ ആറാമത്തേതും (1930, 1978, 1986, 1990, 2014, 2022).
ഫിഫ ലോകകപ്പ് കിരീടം നിലനിർത്തുന്ന മൂന്നാമത് രാജ്യം എന്ന ചരിത്രം കുറിക്കാനുള്ള അവസരമാണ് ഫ്രാൻസിനുള്ളത്. ഇറ്റലി (1934, 1938), ബ്രസീൽ (1958, 1962) ടീമുകൾ മാത്രമേ തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ളൂ.
അർജന്റീനയെ പിന്തുണച്ച് ബ്രസീൽലോകകപ്പ് ഫൈനലിൽ ലയണൽ മെസിയെയും അർജന്റീനയെയും പിന്തുണച്ച് ബ്രസീൽ. ലോകകപ്പിൽ ബ്രസീൽ പുറത്തായ പശ്ചാത്തലത്തിൽ ലയണൽ മെസിക്കും അർജന്റീനയ്ക്കും ഒപ്പമാണ് തങ്ങളെന്നാണ് അവരുടെ നിലപാട്. 2002 ഫിഫ ലോകകപ്പ് ജേതാക്കളായ ബ്രസീലിന്റെ റിവാൾഡോ, കഫു എന്നിവർ പ്രത്യക്ഷമായി ലയണൽ മെസിക്കും അർജന്റീനയ്ക്കും പിന്തുണ അറിയിച്ചു.
2002ൽ ബ്രസീൽ ജേതാക്കളായതിനുശേഷം ലോകകപ്പ് ട്രോഫിയിൽ ചുംബിക്കാൻ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് സാധിച്ചിട്ടില്ല. 2006 മുതൽ യൂറോപ്യൻ രാജ്യങ്ങളാണ് ഫിഫ ലോകകപ്പ് ട്രോഫി സ്വന്തമാക്കുന്നത്.
അർജന്റീന പഴയ അർജന്റീനയല്ല2018ൽ ഫ്രാൻസ് കീഴടക്കിയ അർജന്റീന അല്ല ഇപ്പോൾ ഖത്തറിലേത് എന്ന് ഉസ്മാൻ ഡെംബെലെ. ആൻത്വാൻ ഗ്രീസ്മാനൊപ്പം ചേർന്ന് ഫ്രാൻസിന്റെ മധ്യനിര നിയന്ത്രിക്കുന്നത് ഡെംബെലെയാണ്. അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത് യുവ സ്ട്രൈക്കർ ജൂലിയൻ ആൽവരസ് ആണെന്നും ഡെംബെലെ പറഞ്ഞു.
ജൂലിയൻ ആൽവരസിന്റെ സോളോ റണ്ണുകൾ ലയണൽ മെസിക്കും മറ്റ് താരങ്ങൾക്കും കളിക്കാനുള്ള ഇടം ഒരുക്കുന്നുണ്ടെന്നും അതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലിയൻ ആൽവരസിനെ ഫൈനലിൽ പൂട്ടാനുള്ള വഴികണ്ടെത്തിയിട്ടുണ്ടെന്നും ഡെംബെലെ വ്യക്തമാക്കി.