മെസിയുടെ തോളിൽ പിടിച്ചുവലിച്ച് നിർത്താനായി പിന്നാലെ ഗ്വാർഡിയോൾ. ബോക്സ് വരയ്ക്ക് സമാന്തരമായി എത്തിയതോടെ മെസി ഒന്ന് വേഗം കുറച്ചു, വീണ്ടും മുന്നോട്ട് കുതിച്ചു... വിടാതെ പിന്തുടർന്ന് ഗ്വാർഡിയോൾ. ബോക്സിനു പുറത്തുകൂടി ഒാടുന്നതിനിടെ മെസി തിരിച്ച് രണ്ടു മൂന്നു ചുവട് വച്ചു; ഗ്വാർഡിയോളിനെ ഒന്നു വട്ടംകറക്കുന്ന രീതി... വീണ്ടും വെട്ടിത്തിരിഞ്ഞ് മുന്നോട്ടു പാഞ്ഞ് കോർണർ ലൈനു സമാന്തരമായി ബോക്സിനുള്ളിൽ. അപ്പോഴും ഗ്വാർഡിയോൾ പിന്നാലെ...
ഇൻസൈഡ് ബോക്സിനുള്ളിലേക്ക് കടക്കുന്നതിനു തൊട്ടുമുന്പ് മെസിയുടെ പാസ്. ഇൻസൈഡ് ബോക്സിനു പുറത്തായി മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹൂലിയൻ ആൽവരസിന്റെ ക്ലിനിക്കൽ ഫിനിഷ്... പന്ത് ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ചിനെ കീഴടക്കി വലയിൽ... അസാമാന്യ സോളോ റണ് അസിസ്റ്റിനെ സാധൂകരിക്കുന്ന ക്ലിനിക്കൽ ഫിനിഷ്... ഖത്തർ ലോകകപ്പിൽ മെസിയുടെ മൂന്നാം അസിസ്റ്റ് ആയിരുന്നു അത്. പന്തുകൊണ്ടൊരു കവിത രചിച്ച അസിസ്റ്റ്...
ഒരു ചോദ്യം...മെസി ആരാധകരല്ലാത്തവർക്കിടയിൽ ഉത്തരമില്ലാത്ത ഒരു ചോദ്യമുണ്ട്. മധ്യവരയ്ക്ക് സമീപത്തുനിന്ന് മെസിക്ക് പന്ത് ലഭിച്ചിട്ടും അത്രയും നേരം പിന്നാലെ ഓടിയിട്ടും എന്തുകൊണ്ട് ഗ്വാർഡിയോൾ ഫൗൾ ചെയ്തില്ല? ഫൗൾ ചെയ്യപ്പെടാനും ഫ്രീകിക്ക് നേടാനുമായാണ് മെസി ഓട്ടം തുടങ്ങിയത്. അതു മനസിലാക്കിയ ഗ്വാർഡിയോൾ വീഴ്ത്താൻ ശ്രമിച്ചില്ല. വീഴ്ത്തിയിരുന്നെങ്കിൽ മഞ്ഞക്കാർഡും ഫ്രീകിക്കും വഴങ്ങുമായിരുന്നു.
മെസിയുടെ അസിസ്റ്റിൽ ഒരു ഗോൾ പിറക്കുമെന്ന് ഗ്വാർഡിയോൾ സ്വപ്നത്തിൽപോലും വിചാരിച്ചില്ല എന്നതാണ് വാസ്തവം...