അറബികൾ ധരിക്കുന്ന വേഷത്തിൽ ഖത്തർ മുഴുവൻ ചുറ്റിക്കറങ്ങുകയാണ് കക്ഷി. ഈ ലോകകപ്പിന്റെ പ്രത്യേകതകളിൽ ഒന്നാണത്, തദ്ദേശിയരുടെ വേഷം അനുകരിച്ചാണ് കുറേ ആരാധകർ ഖത്തറിലൂടെ നടക്കുന്നത്. കാലാവസ്ഥയ്ക്കു പറ്റിയ വേഷം ആണെന്നാണ് അവരുടെ മറുപടി.
സിൽവസ്റ്റർ ഒരു സോഷ്യൽ വർക്കറാണ്. കുട്ടികളുടെ മേഖലയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ, യുവാക്കളെ ജീവിതത്തിന്റെ വഴിത്താരയിലേക്കു കൈപിടിച്ച് നടത്തിക്കുന്നതിൽ സിൽവസ്റ്ററിന്റെ സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യയെക്കുറിച്ച് പ്രത്യേകിച്ച് നമ്മുടെ നാടിനെക്കുറിച്ചും അവിടുത്തെ വ്യവസ്ഥിതികളും കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളെക്കുറിച്ചുമെല്ലാം സിൽവസ്റ്റർ ചോദിച്ചു. കഴിഞ്ഞ 17 ദിവസങ്ങൾ ഇവിടെ ചിലവഴിച്ച് അദ്ദേഹം നാട്ടിലേക്ക് തിരികെ മടങ്ങുകയാണ്.
അടുത്ത ലോകകപ്പ് നേരിട്ട് കാണുവാൻ ഞങ്ങളെ ക്ഷണിച്ചിട്ടായിരുന്നു അദ്ദേഹം പിരിഞ്ഞത്. തന്റെ ജോലി മേഖലയിൽ കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കാൻ സിൽവസ്റ്ററിനു സാധിക്കട്ടെ...