ഫിഫ ലോകകപ്പിൽ ഇരു ടീമും നേർക്കുനേർ ഇറങ്ങുന്നത് ഇതാദ്യമാണ്. ജൂണിൽ നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ 5-1ന് ദക്ഷിണകൊറിയയെ തോൽപ്പിച്ചിരുന്നു. 2010നുശേഷം ദക്ഷിണകൊറിയയുടെ ആദ്യ ലോകകപ്പ് നോക്കൗട്ട് മത്സരമാണിത്.
ജപ്പാൻ x ക്രൊയേഷ്യ, 8.30 pmലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും കറുത്ത കുതിരകളായ ജപ്പാനും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ആദ്യ പ്രീക്വാർട്ടർ. 37കാരനായ മോഡ്രിച്ച്, അടുത്തൊന്നും രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കില്ലെന്ന സൂചന ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്കൊ ഡാലിച്ച് ഇന്നലെ നടത്തിയെന്നതും ശ്രദ്ധേയം. നാല് ലോകകപ്പും നാല് യൂറോകപ്പും കളിച്ച മോഡ്രിച്ചിന്റെ 159-ാം രാജ്യാന്തര മത്സരമാണ് ഇന്ന് ജപ്പാന് എതിരേ നടക്കുക.
ജർമനിയെയും സ്പെയ്നിനെയും അട്ടിമറിച്ചാണ് ജപ്പാൻ ഗ്രൂപ്പ് ഇ ചാന്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നത്. അതുകൊണ്ട് ക്രൊയേഷ്യ കരുതിയിരിക്കേണ്ടിവരും എന്നുറപ്പ്. ക്രൊയേഷ്യയെയും കീഴടക്കി ക്വാർട്ടറിൽ പ്രവേശിക്കുക എന്നതാണ് ജപ്പാന്റെ ലക്ഷ്യം. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാൻ കരുത്തുള്ളവരാണ് സാമുറായികൾ എന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു.
ഇരു ടീമും ഫിഫ ലോകകപ്പ് ഫുട്ബോളിൽ കളിക്കുന്നത് ഇത് മൂന്നാം തവണ. 1998ൽ 1-0നു പരാജയപ്പെട്ട ജപ്പാൻ 2006ൽ ക്രൊയേഷ്യയെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. രണ്ട് തവണയും ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇരു ടീമും ഏറ്റുമുട്ടിയത്. ഇതുവരെ ക്വാർട്ടറിൽ കടക്കാൻ സാധിച്ചിട്ടില്ല എന്ന ചരിത്രം തിരുത്താനാണ് സാമുറായികളുടെ പടപ്പുറപ്പാട്.