കോവിഡ്... കടക്കു പുറത്ത്!
Wednesday, July 28, 2021 12:48 PM IST
കോവിഡ് മഹാമാരിയെ അതിജീവിച്ച് ശക്തമായി തുടരുന്ന ഒളിന്പിക്സിൽ അതേ കോവിഡിനെ തോൽപ്പിച്ചവനു സ്വർണത്തിളക്കം. പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ സ്വർണം നേടിയ ബ്രിട്ടീഷ് താരം ടോം ഡീൻ രണ്ടു തവണയാണു കോവിഡിനെ അതിജീവിച്ചത്.
സെപ്റ്റംബറിൽ ആദ്യ കോവിഡ് ബാധിച്ച ഡീനിനെ നാല് മാസത്തിനു ശേഷം വീണ്ടും രോഗം തളർത്തി. ശ്വാസകോശത്തിൽ വൈറസ് പിടിമുറുക്കിയതോടെ ആശുപത്രിയിലായി. നിർത്താതെയുള്ള ചുമ കാരണം ബുദ്ധിമുട്ടി. ഇതേത്തുടർന്നു പരിശീലനം മുടങ്ങി.
ഏപ്രിലിൽ നടക്കുന്ന ഒളിന്പിക് ട്രയൽസിന് അന്നു മൂന്നു മാസം മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ഇതിനിടെ പരിശീലകൻ ഡേവിഡ് മക്നൾട്ടി ഡീനിന്റെ രക്ഷകനാകുകയായിരുന്നു. ചുമ കുറഞ്ഞതോടെ നീന്തൽക്കുളത്തിൽ തിരിച്ചെത്തി. ട്രയൽസിൽ പങ്കെടുത്ത് ഒളിന്പിക് യോഗ്യത നേടി.
ടോക്കിയോയിൽ ഡീനിനേക്കാൾ മെഡൽ സാധ്യത സഹതാരം ഡങ്കൻ സ്കോട്ടിനായിരുന്നു.എന്നാൽ, നേരിയ വ്യത്യാസത്തിൽ സ്കോട്ടിനെ പിന്നിലാക്കി ഡീൻ സ്വർണം കഴുത്തിലണിഞ്ഞു. ബ്രിട്ടീഷ് താരങ്ങൾ ഒളിന്പിക് നീന്തലിൽ ഒരേ ഇനത്തിൽ സ്വർണവും വെള്ളിയും നേടുന്നത് 113 വർഷങ്ങൾക്കു ശേഷം ഇതാദ്യമാണ്. ഇതിന് മുന്പ് 1908-ലെ ലണ്ടൻ ഗെയിംസിലാണു സ്വർണവും വെള്ളിയും ഒരുമിച്ചു ബ്രിട്ടനിലെത്തിയത്.