പള പളാ മിനുങ്ങാൻ
Sunday, March 21, 2021 4:04 PM IST
വടിപോലെ തെല്ലും ഉടയാത്ത തൂവെള്ള ഷർട്ടും മുണ്ടുമാണ് സ്ഥാനാർഥികളുടെ വേഷം. രാഷ്ട്രീയക്കാരനെങ്കിൽ വെള്ളഷർട്ടു വേണം. ഖദറെങ്കിൽ കേമം. സ്ഥാനാർഥികളുടെ വസ്ത്രങ്ങൾ അലക്കി ഉണക്കി ഇസ്തിരിയിട്ടു മോടിയാക്കുന്ന അലക്ക് തൊഴിലാളികൾക്ക് തെരഞ്ഞെടുപ്പു കാലം തിരക്കുകാലമാണ്.
പതിവിനെക്കാൾ പതിൻമടങ്ങ് തുണികളാണ് ഇപ്പോൾ അലക്കുകേന്ദ്രങ്ങളിൽ എത്തുന്നത്. എല്ലാവർക്കും വേഗം തിരികെ കിട്ടുകയും വേണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ഹരി, ടി.എൻ. ഹരികുമാർ, കെ. അനിൽകുമാർ തുടങ്ങിയവരുടെയും പ്രമുഖ നേതാക്കളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടുന്ന നാഗന്പടം പള്ളിപ്പുറത്തുമാലിൽ പി. സജിക്ക് തിരക്കിന്റെ കാലമാണ്.
ഒരോ ആഴ്ചയും 20 ജോഡി മുതൽ 40 ജോഡി വരെ വസ്ത്രങ്ങളാണ് സ്ഥാനാർഥികളുടെ വീതം എത്തുന്നത്. വിയർത്തുകുളിച്ച ചൂടിൽ ദിവസം മൂന്നു തവണയെങ്കിലും വസ്ത്രം മാറേണ്ടിവരും. പ്രവർത്തകരോ ജോലിക്കാരോ ആയിരിക്കും അലക്കാനുള്ളവ എത്തിക്കുന്നത്. തുണികൾ മാറിപ്പോകാതിരിക്കാൻ ഓരോന്നിനും മാർക്കർ ഉപയോഗിച്ച് കോഡ് നൽകുകയാണ് ആദ്യത്തെ ജോലി.
തുടർന്നു സോപ്പുവെള്ളത്തിൽ കുതിർത്തു വയ്ക്കും. പിറ്റേദിവസം ബ്ലീച്ചിംഗ് വാട്ടറിൽ കരിന്പനും കറയും കഴുകി കളയും. പിന്നീട് മീനച്ചിലാറ്റിൽ എത്തിച്ചു നന്നായി അലക്കും. ഉണക്കിയ വസ്ത്രങ്ങൾ നീലവും പശയും മുക്കി വീണ്ടും ഉണക്കി തേച്ചെടുക്കും.
ചവ്വരി പൊടി കുറുക്കിയെടുത്ത് അതിൽ വസ്ത്രങ്ങൾ മുക്കിയെടുത്താൽ തുണിക്കു വടിവു കിട്ടുന്ന പശ ലഭിക്കും. മഴക്കാലമായാൽ ഉണക്കിയെടുക്കാൻ ഏറെ ക്ലേശമുണ്ടാകും. രാത്രിയിലാണ് വെള്ളം തളിച്ചുള്ള ഇസ്തിരിയിടൽ. ഒരു ഷർട്ടിനും മുണ്ടിനും അലക്കി പശമുക്കി ഇസ്തിരിയിടുന്നതിന് 50 രൂപയാണ് നിരക്ക്.