പ്ലാസ്റ്റിക്കിനെതിരേയുള്ള അവബോധം വളർത്താൻ നോ പ്ലാസ്റ്റ് നടത്തിയ പ്ലാസ്റ്റിക് ഹർത്താൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽനിന്നു ടണ്‍ കണക്കിനു പ്ലാസ്റ്റിക് ആണ് ഇവർ ശേഖരിച്ചു റീസൈക്കിൾ ചെയ്യാൻ വിവിധ കന്പനികൾക്കു ഇതിനകം കൈമാ റിയത്.
റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളെ ബോധവത്കരിക്കുകയും പ്ലാസ്റ്റിക് പ്രതിരോധം ജീവിതചര്യയുടെ ഭാഗമാക്കാൻ പ്രേരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. സംഘടന കളും 10 കുടുംബങ്ങൾ വീതമുള്ള മൈക്രോഗ്രൂപ്പുകളും മുഖേനയാണ് പ്ലാസ്റ്റിക് ശേഖരണം. ഇതു കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ഒഴിവാക്കാൻ പൈറോലിസിസ് (Pyrolysis) എന്ന സാങ്കേതികവിദ്യ പ്രചരിപ്പിക്കാനും ഇവർ മുൻകൈയെടുക്കുന്നു. മറ്റു റെസിഡന്റ്സ് അസോസിയേഷനുകൾക്കും സംഘടനകൾക്കും ഇതു മാതൃകയാക്കാവുന്നതാണ്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പ്ലാസ്റ്റിക്കിനെതിരേ ഇതുപോലെ ഒറ്റപ്പെട്ട ശബ്ദങ്ങളും പ്രവർത്തനങ്ങളും ഉണ്ടാകുന്നുണ്ട്. ഭരണകൂടവും സംഘടനകളും ജനങ്ങളും ഒരുമിച്ചു കൈകോർത്ത് അതിനെ വലിയൊരു മുന്നേറ്റമാക്കി വളർത്തിയെടുക്കുന്പോഴാണ് പ്ലാസ്റ്റിക് പ്രതിരോധം ഫലവത്താകുന്നത്, അതിനായി നാടുണരട്ടെ.
ഒന്നുകിൽ ഉൗട്ടി അല്ലെങ്കിൽ ചട്ടി! കിലുക്കം എന്ന മലയാള സിനിമയിലെ പ്രശസ്തമായ ഡയലോഗുകളിൽ ഒന്നാണിത്. പ്ലാസ്റ്റിക്കിന്റെ കാര്യത്തിൽ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധകമാണ് ഈ ഡയലോഗ്. കാരണം, പ്ലാസ്റ്റിക് വിരുദ്ധ വിപ്ലവത്തിൽ ഇന്ത്യയ്ക്കാകെ മാതൃകയാണ് ടൂറിസ്റ്റ് കേന്ദ്രമായ ഉൗട്ടി.
മേട്ടുപ്പാളയത്തുനിന്ന് ഉൗട്ടിയിലേക്കുള്ള വഴിയിൽ ഒരു യാത്രക്കാരന്റെ കണ്ണിൽ ഏറ്റവുമധികം തടയുന്നതു പച്ചനിറത്തിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ രേഖപ്പെടുത്തിയിരിക്കുന്ന ബോർഡുകളാകും. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ പട്ടണമാണ് ഉൗട്ടി.
2002ൽ അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന സുപ്രിയ സാഹു ആണ് ഉൗട്ടി ഉൾപ്പെടുന്ന നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയത്. ഓപ്പറേഷൻ ബ്ലൂ മൗണ്ടൻ എന്ന പദ്ധതി വിജയകരമായ നടപ്പാക്കൽ വഴി ദേശീയ ശ്രദ്ധനേടി. നിരവധി പുരസ്കാരങ്ങളും ഈ പദ്ധതിയെ തേടിയെത്തി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ പൂർണമായും നിരോധിക്കുകയാണ് ആദ്യം ചെയ്തത്. ലംഘിക്കുന്നവർക്കു കനത്ത പിഴ ചുമത്തി. കടകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ബാഗുകൾക്കു പകരം പേപ്പർ ബാഗുകൾ ഇടംപിടിച്ചു.
ഉൗട്ടിയുടെ മനോഹാരിത നിലനിർത്താനുള്ള പോരാട്ടത്തിൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഹോട്ടലുകളുമെല്ലാം കൈകോർത്തതോടെ വൻ വിജയമായി മാറി. പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കുറഞ്ഞു. ഏതാനും മാസങ്ങൾക്കു മുന്‍പ് തെർമോകോൾ, സിൽവർ ഫോയിൽ, കപ്പ് തുടങ്ങി 17 ഇനം പ്ലാസ്റ്റിക്കുകൾ കൂടി ഇവിടെ നിരോധിച്ചു. ഈ പദ്ധതിക്കു മുന്പ,് ടൂറിസ്റ്റുകളുടെ മുഖ്യ ആകർഷണകേന്ദ്രമായ ഉൗട്ടിതടാകത്തിലേക്കാണ് പ്ലാസ്റ്റിക്കുകൾ വൻതോതിൽ തള്ളപ്പെട്ടിരുന്നത്. തെരുവോരങ്ങളെല്ലാം പ്ലാസ്റ്റിക് ചവറുകളാൽ വൃത്തിഹീനമായിരുന്നു...
ഇങ്ങനെ പോയാൽ ഉൗട്ടിയുടെ സൗന്ദര്യം അകാല ചരമമടയും എന്നു തിരിച്ചറിഞ്ഞാണ് അധികാരികൾ ഉണർന്നത്. ഇന്ന് ഉൗട്ടിയിലൂടെ സഞ്ചരിക്കുന്ന ഏതൊരാളും പറയും പ്ലാസ്റ്റിക് മാലിന്യങ്ങളൊക്കെ എങ്ങോ പോയി മറഞ്ഞിരിക്കുന്നു. വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കൂടുക ളോ കുപ്പികളോ കാണാനില്ല. ഭരണകൂടം ഇച്ഛാശക്തിയോടെ ഇറങ്ങിത്തിരിച്ചാൽ ഏതു ദൗത്യവും വിജയപ്രദമാകും എന്നതിന്റെ തെളിവാണ് ഉൗട്ടിയുടെ പ്ലാസ്റ്റിക് പ്രതിരോധം. ഉൗട്ടിയെ കണ്ടുപഠിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയാറാവണം, അല്ലെങ്കിൽ നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഭാവിയിൽ ചട്ടിയെടുക്കേണ്ടി വരും!
എന്താണ് പൈറോലിസിസ്?ലളിതമായ ഭാഷയിൽ പറഞ്ഞാൽ പ്ലാസ്റ്റിക് സംസ്കരിച്ച് ഒായിൽ ഉണ്ടാക്കുന്ന പ്രവർത്തനം ആണിത്. യാതൊരു പരിസ്ഥിതി മലിനീകരണവും കൂടാതെ പ്ലാസ്റ്റിക്കിനെ ഉന്നതഉൗഷ്മാവിൽ വിഘടിപ്പിച്ചു ഫർണസ് ഓയിലും ഡീസലും പെട്രോളും ഹൈഡ്രോ കാർബണ്‍ ഗ്യാസും ഗ്രീസും ഉത്പാദിപ്പിക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്നാണ് നോ പ്ലാസ്റ്റ് പദ്ധതിയുടെ ചെയർമാൻ സി.ജെ.ജോസഫും ചീഫ് ഓർഗനൈസർ ഷാജി തോമസും പറയുന്നത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജന രംഗത്ത് ഈ സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനപ്പെടുത്തണം. വിവിധ രാജ്യങ്ങൾ ഇത്തരം പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രവർത്തനംപ്രത്യേകം രൂപകല്പന ചെയ്ത പൈറോലിസിസ് റിയാക്ടറിൽ 370 മുതൽ 550 വരെ ഡിഗ്രി സെൽഷ്യസിൽ പ്ലാസ്റ്റിക്കിനെ തന്മാത്രാ സ്ഫോടനത്തിനു വിധേയമാക്കും. തെർമോലൈസിസ്, ഡീപോളമറൈസേഷൻ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർബണ്‍ ബ്ലാക്ക് ഒരു രാസത്വരകമായി പ്രവർത്തിച്ചു തുടർന്നു പ്രവർത്തനത്തിന് ഉൗർജസ്രോതസായി മാറുന്നു. മറ്റൊരു ഉത്പന്നമായ ഹൈഡ്രോ കാർബണ്‍ ഗ്യാസ് ഇന്ധനമായി ജ്വലിക്കുകയും ഉൗർജവും ചൂടും നൽകുകയും ചെയ്യും. ഓക്സിജൻ ഇല്ലാത്തതിനാൽ ഡയോക്സിൻ, ഫ്യൂറൈൻ, കാർബണ്‍ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ഉണ്ടാകുന്നുമില്ല.
സാധ്യതകൾഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന പൈറോലിസിസ് ഓയിലിൽ 90 ശതമാനം ഡീസൽ അടങ്ങിയിട്ടുണ്ട്. കാർബണ്‍ ബ്ലാക്ക്, കാർബണ്‍ നാനോ ട്യൂബുകളുടെ നിർമാണത്തിനു പ്രയോജനപ്പെടുത്താം. പൈറോലിസിസ് ഗ്യാസ് (ഹൈഡ്രോ കാർബണ്‍ ഗ്യാസ്) വൈദ്യുതി ഉത്പാദനത്തിനും റിയാക്ടറുകളുടെ പ്രവർത്തനത്തിനും ഉപയോഗിക്കാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പൈറോലിസിസ് ഒായിൽ തുല്യഅളവിൽ ഡീസലുമായി ചേർത്ത് ഇലക്ട്രിക് ജനറേറ്ററുകളിലും ഡീസൽ പന്പുകളിലും നേരിട്ടുപയോഗിക്കാം. ഈ പദ്ധതിക്കു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുണ്ടെന്നും തദ്ദേശഭരണ സ്ഥാപനങ്ങളും പൈറോലിസിസ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചു പഠിക്കണമെന്നും ഇവർ പറയുന്നു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും സംശയ നിവാരണവും ഇവർ നൽകി വരുന്നുണ്ട്. ഫോണ്‍: സി.ജെ.ജോസഫ് : 9447145081, ഷാജി തോമസ്: 8921471643.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യന്-7 / ജോൺസൺ പൂവന്തുരുത്ത്