കുപ്പിപ്പാത്രങ്ങളും ക്ലേപാത്രങ്ങളുമാണ് ചൂട് വിഭവങ്ങൾ എടുക്കാൻ കൂടുതൽ സുരക്ഷിതം. ഭക്ഷണം തയാറാക്കാനുള്ള ചേരുവകൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്നതും കഴിവതും ഒഴിവാക്കണം. ചുരുക്കിപ്പറഞ്ഞാൽ ഭക്ഷ്യവിഭവങ്ങളുമായുള്ള പ്ലാസ്റ്റിക്കിന്റെ സന്പർക്കം കഴിയുന്നത്ര ഒഴിവാക്കുന്നതാണ് ആരോഗ്യപ്രദം.
കത്തിച്ചാൽ കളി മാറും!തനിക്കു തന്നെയും മറ്റുള്ളവർക്കും പ്രകൃതിക്കും വലിയ ദുരന്തമാണ് പ്ലാസ്റ്റിക് കത്തിക്കുന്നവർ ക്ഷണിച്ചുവരുത്തുന്നത്. പ്ലാസ്റ്റിക് കൂടുകളും മറ്റു വസ്തുക്കളും ചപ്പുചവറുകൾക്കൊപ്പം കൂട്ടിയിട്ടു കത്തിക്കുന്നതു നാട്ടിലെങ്ങും സ്ഥിരം കാഴ്ചയാണ്. പ്ലാസ്റ്റിക് എളുപ്പത്തിൽ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ കത്തിക്കൽ ഒരായിരം പ്രശ്നങ്ങൾക്കാണ് തിരികൊളുത്തുന്നത്.
പ്ലാസ്റ്റിക് കത്തിക്കുന്പോൾ അപകടകാരികളായ നിരവധി രാസവസ്തുക്കളാണ് അന്തരീക്ഷത്തിലേക്കു വമിക്കുന്നത്. കാർബണ്മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഡയോക്സിനുകൾ, ഫ്യൂറൻസ്, മറ്റു ലോഹപദാർഥങ്ങൾ തുടങ്ങി നിരവധി കെമിക്കലുകൾ അന്തരീക്ഷത്തിലും അല്ലാതെയും വ്യാപിക്കും. ഇവ ശ്വാസകോശത്തിൽ ചെന്നാൽ കാൻസർ അടക്കമുള്ള രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയായിരിക്കും ഫലം.
ഡയോക്സിൻ ശ്വസിച്ചുകഴിഞ്ഞാൽ ശ്വാസതടസം, മന്ദത തുടങ്ങിയവ അനുഭവപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ ഇതു കാൻസർ പോലുള്ള രോഗങ്ങളിലേക്കും വ്യക്തിയെ നയിക്കും. സ്റ്റൈറൈൻ അടങ്ങിയ പ്ലാസ്റ്റിക് ആണ് കത്തിക്കുന്നതെങ്കിൽ സ്റ്റൈറൈൻ വാതകം ശ്വാസകോശം വഴിയും ത്വക്കിലൂടെയും ശരീരത്തിൽ കടക്കും. പല പ്രാവശ്യം ഇത് ആവർത്തിച്ചാൽ നാഡീവ്യവസ്ഥയെതന്നെ ഇവ താറുമാറാക്കും. തലവേദന, തളർച്ച, വിഷാദം ഒക്കെ പിറകെ എത്തിക്കോളും. ഹാനികരമായ വാതകങ്ങൾ പുറത്തേക്കു വമിക്കാതിരിക്കണമെങ്കിൽ 1,000 ഡിഗ്രി സെൽഷ്യസിൽ വേണം പ്ലാസ്റ്റിക് കത്തിച്ചുകളയാൻ. ഇതു ശേഷി കൂടിയ ആധുനിക ഇൻസിനറേറ്റർ ഉപയോഗിച്ചു ശാസ്ത്രീയമായി ചെയ്യേണ്ടതാണ്. ചെറുകിട സ്ഥാപനങ്ങളിലും വീടുകളിലുമൊക്കെ ഇത് അപ്രായോഗികവുമാണു താനും.
സാനിറ്ററി നാപ്കിൻപ്ലാസ്റ്റിക് മാലിന്യങ്ങളിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ ഏറ്റവും വലിയ ഭീഷണി സൃഷ്ടിച്ചകൊണ്ടിരിക്കുന്ന ഒന്നാണ് സാനിറ്ററി നാപ്കിനുകളും പാഡുകളും ഡയപ്പറുകളും. ലക്ഷക്കണക്കിനു സാനിറ്ററി പാഡുകളാണ് ഓരോ ദിവസം തെരുവിലോ പറന്പുകളിലോ ഒക്കെ മാലിന്യങ്ങളായി ഉപേക്ഷിക്കപ്പെടുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകൾ മിക്കവരും വീട്ടുവളപ്പുകളിൽതന്നെ കൂട്ടിയിട്ടു കത്തിച്ചുകളയുകയാണ് പതിവ്. അല്ലെങ്കിൽ എവിടെയെങ്കിലും കൊണ്ടുവലിച്ചെറിയും.
അശാസ്ത്രീയമായ ഈ ഒഴിവാക്കൽ രീതി മനുഷ്യനും പ്രകൃതിക്കും വരുത്തുന്ന ദോഷം ഇനിയും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പ്ലാസ്റ്റിക് അടങ്ങിയ സാനിറ്ററി പാഡുകൾ കത്തിക്കുന്നതു വൻ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്. ഇതിലെ പ്രധാന ഘടകം പ്ലാസ്റ്റിക് ആണെന്ന ബോധ്യം പോലും മിക്കവർക്കും ഇല്ല എന്നതാണ് സത്യം. ഇവ കത്തിക്കുന്പോൾ അപകടകാരികളായ ഡയോക്സിനും ഫ്യൂറിനും വമിക്കും. ഇത്തരം മാലിന്യങ്ങൾ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും ശരിയായ സംവിധാനവും ബോധവത്കരണവും നടത്തിയില്ലെങ്കിൽ ഈ ദുരന്തം ആവർത്തിച്ചുകൊണ്ടേയിരിക്കും.
ചില പഠനങ്ങൾ പറയുന്നത് ഇന്ത്യയിൽ എന്പാടുമായി ഒരു മാസം നൂറു കോടിയോളം സംസ്കരിക്കാനാകാത്ത (Non-compostable sanitary pad) സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചുതള്ളുന്നുണ്ടെന്നാണ്. ഇന്ത്യയിലെ 12 ശതമാനം സ്ത്രീകൾ നാപ്കിൻ ഉപയോഗിക്കുന്പോൾതന്നെ 9,000 ടണ് മാലിന്യമാണു സൃഷ്ടിക്കപ്പെടുന്നത്. ഈ സംഖ്യ ഒാരോ ദിവസവും കൂടിവരികയാണ്. ഇതു മുന്നിൽകണ്ടു പ്രകൃതിയിൽ അലിഞ്ഞു ചേരുന്ന (Bio-Degradable Sanitary Pads) പാഡുകൾ പ്രചരിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രസർക്കാരും കുറഞ്ഞ വിലയിൽ ഇത്തരം പാഡുകൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
സുവിധ എന്ന പേരിൽ കേവലം രണ്ടര രൂപയ്ക്കാണ് പാഡ് പുറത്തിറക്കിയിരിക്കുന്നത്. ജൻഒൗഷധി കേന്ദ്രങ്ങൾ വഴിയാണ് ഇപ്പോൾ ഇവ വിതരണം ചെയ്യുന്നത്.
ഒാക്സോ ബയോഡീഗ്രേഡബിൾ (oxo-biodegradable) പ്ലാസ്റ്റിക് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഏറെ കാലതാമസം എടുക്കാതെ വിഘടിച്ച് ഇല്ലാതാകുന്നവയാണ് ഇത്തരം പ്ലാസ്റ്റിക്കുകളെന്നാണു പറയുന്നത്. വിഘടിച്ചുപോകാൻ സഹായിക്കുന്ന ചില രാസത്വരകങ്ങൾ ചേർത്തതാണ് ഈ പ്ലാസ്റ്റിക്. അതേസമയം, ഈ പ്ലാസ്റ്റിക്കിനോടും വിയോജിപ്പുള്ളവരുമുണ്ട്.
മാത്രമല്ല, സാധാരണ പ്ലാസ്റ്റിക് ചേർന്ന സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നതു സ്ത്രീകൾക്ക് അലർജി, അണുബാധ, രാസവസ്തുക്കൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ, ഗർഭാശയ പ്രശ്നങ്ങൾ എന്നിവയ്ക്കും വഴിതെളിച്ചേക്കാമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ പ്രകൃതിക്കും മനുഷ്യനും ദോഷം വരാത്ത ഉത്പന്നങ്ങൾ അധികൃതർ പ്രചരിപ്പിക്കുകയും സമൂഹം പിന്തുടരുകയും ചെയ്യണം.
ഇപ്പറഞ്ഞതൊക്കെ പ്ലാസ്റ്റിക്കുമായുള്ള അതിരുവിട്ട സഹവാസം, ഉപയോഗം മനുഷ്യനു നേരിട്ടുണ്ടാക്കുന്ന ചില ദോഷങ്ങളെക്കുറിച്ചാണ്. എന്നാൽ, മനുഷ്യന്റെ ഒൗചിത്യമില്ലാത്ത പ്ലാസ്റ്റിക് ഉപയോഗം പ്രകൃതിക്കു വരുത്തിവയ്ക്കുന്ന ദോഷങ്ങൾ വിവരണാതീതമാണ്. അതിനെക്കുറിച്ചു നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യന്-5/ ജോൺസൺ പൂവന്തുരുത്ത്