അപകടകാരിഎന്നാൽ, പൂർണതോതിലുള്ള സിന്തറ്റിക് പ്ലാസ്റ്റിക് എന്നു പറയാവുന്നതു രൂപപ്പെടുത്തിയത് 1907ൽ ലിയോ ബേക്കലാൻഡ് എന്ന യുഎസ് ഗവേഷകനാണ്. ബേക്ലൈറ്റ് എന്നാണ് അദ്ദേഹം തന്റെ ഉത്പന്നത്തെ വിളിച്ചത്. അതുവരെയുള്ള പ്ലാസ്റ്റിക്കുകളിൽ പ്രകൃതിയിൽ കാണപ്പെടുന്ന തന്മാത്ര ഉപയോഗിച്ചിരുന്നെങ്കിൽ ബേക്കലാൻഡ് കണ്ടെത്തിയ പ്ലാസ്റ്റിക്കിൽ പ്രകൃതിയിൽ കാണപ്പെടുന്ന തന്മാത്രകൾ ഒന്നുമില്ലായിരുന്നു. നൂറു ശതമാനം കൃത്രിമ പ്ലാസ്റ്റിക്. ഇതോടെയാണ് പ്ലാസ്റ്റിക് അപകടകാരിയായി രൂപം മാറുന്നതെന്നും വേണമെങ്കിൽ പറയാം. പ്രകൃതിദത്ത ഇലക്ട്രിക്കൽ ഇൻസുലേറ്ററായ (വൈദ്യുതി കടത്തിവിടാത്ത) ഷെല്ലാക്കിനു പകരം ഉപയോഗിക്കാൻ കഴിയുന്ന കൃത്രിമ വസ്തുതേടിയുള്ള പരീക്ഷണമാണ് ബേക്ലൈറ്റിൽ എത്തിയത്.
അമേരിക്കയിൽ ദ്രുതഗതിയിൽ നടന്ന വൈദ്യുതീകരണത്തിന് ഉപയോഗപ്പെടുത്താനായിരുന്നു ഈ ഗവേഷണം. വൈദ്യുതി കടത്തിവിടില്ല എന്നതു മാത്രമായിരുന്നില്ല ബേക്ലൈറ്റിന്റെ ഗുണങ്ങൾ. ഏറെക്കാലം ഈടുനിൽക്കൽ, ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി, വൻതോതിലുള്ള ഉത്പാദന സാധ്യതകൾ എന്നിങ്ങനെ പല ഗുണങ്ങളുമുണ്ടായിരുന്നു. ആയിരം ഉപയോഗങ്ങൾക്കുള്ള വസ്തു എന്ന പേരിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് ഏതു രൂപത്തിലും വസ്തുക്കൾ നിർമിക്കാമെന്നത് അനന്ത സാധ്യതകളിലേക്കു വാതിൽ തുറന്നു.
മാന്ദ്യമില്ലാതെരണ്ടാം ലോകമഹായുദ്ധത്തോടെ സൈനിക ആവശ്യങ്ങൾ പെരുകിയപ്പോൾ പ്രകൃതിദത്ത വസ്തുക്കൾക്കു ബദലായി ഉപയോഗിക്കാൻ കഴിയുന്നവ തേടിയുള്ള ഗവേഷണങ്ങൾ ത്വരിതഗതിയിലായി. 1935ൽ നൈലോണ് കണ്ടുപിടിക്കപ്പെട്ടു. പാരാഷ്യൂട്ട്, ഹെൽമറ്റ്, റോപ് തുടങ്ങി പല ആവശ്യങ്ങൾക്കും നൈലോണ് പ്രയോജനപ്പെട്ടു.
വിമാനങ്ങളിൽ ഗ്ലാസുകൾക്കു പകരം പ്ലക്സിഗ്ലാസ് എന്ന മെറ്റീരിയൽ ഉപയോഗിച്ചു തുടങ്ങി. ഇതു പ്ലാസ്റ്റിക്കിനും സുവർണകാലമായിരുന്നു. അമേരിക്കയിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് 300 ശതമാനമാണ് പ്ലാസ്റ്റിക് ഉപയോഗം വർധിച്ചതെന്നു ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു.
യുദ്ധത്തിനു ശേഷം ലോകമെന്പാടും മഹാമാന്ദ്യം കടന്നുവന്നെങ്കിലും പ്ലാസ്റ്റിക് രംഗം മാത്രം മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. പ്ലാസ്റ്റിക് യുഗത്തിലേക്കു ലോകം നീങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. നമ്മുടെ വീടുകളിലും വാഹനങ്ങളിലും ഉപകരണങ്ങളിലും വസ്ത്രങ്ങളിലും എന്നു വേണ്ട സർവരംഗത്തേക്കും പ്ലാസ്റ്റിക് കടന്നുകയറി. എന്നാൽ, ചുറ്റും കാണുന്ന എല്ലാ പ്ലാസ്റ്റിക്കുകളും ഒന്നല്ല എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യം വേണ്ടത്. ഗുണത്തിലും ദോഷത്തിലുമെല്ലാം പ്ലാസ്റ്റിക് പലവിധം. അവയെക്കുറിച്ച് നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ - 2 / ജോൺസൺ പൂവന്തുരുത്ത്