വിവിധ ഏജൻസികളും ആരോഗ്യവിദഗ്ധരുമൊക്കെ നടത്തിയ പഠനങ്ങൾ പ്രകാരം നമ്മൾ ഇന്നത്തെ രീതിയിൽതന്നെ പ്ലാസ്റ്റിക് ഉപയോഗം മുന്നോട്ടുപോയാൽ നമ്മെ കാത്തിരിക്കുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കും.
ആമാശയത്തിലേക്കുംവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് എന്താണെന്നും അത് ഏതൊക്കെ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബഹുഭൂരിപക്ഷത്തിനും അറിവില്ല എന്നതാണ് യാഥാർഥ്യം. പ്ലാസ്റ്റിക് എന്താണെന്ന തിരിച്ചറിവും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ബോധ്യവും അതിന്റെ ഉപയോഗത്തിലുള്ള നിയന്ത്രണവുമാണ് ഈ നിശബ്ദനായ കൊലയാളിയെ വരുതിയിലാക്കാനുള്ള മാർഗം.
മണ്ണും കുളവും പുഴയുമൊക്കെ പ്ലാസ്റ്റിക് നിറഞ്ഞുകഴിഞ്ഞു. എന്തിനെയും സ്വീകരിക്കാൻ കൈവിരിച്ചു നിൽക്കാറുള്ള കായലും കടലും പോലും പ്ലാസ്റ്റിക്കിന്റെ തള്ളിക്കയറ്റം കണ്ട് കൈമലർത്തുന്നു, ഇതൊക്കെ നമ്മൾ ദിവസവും മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ ചിലത്...
എന്നാൽ, നാം കണ്ടിട്ടും തിരിച്ചറിയാതെ പോകുന്ന കാഴ്ചകൾ ഇതിനേക്കാൾ ആശങ്കാജനകമാണ്. മനുഷ്യൻ നിത്യജീവിതത്തിൽ പ്ലാസ്റ്റിക് തിന്നുകൊണ്ടിരിക്കുന്നു എന്നതാണ് ആ ഞെട്ടിക്കുന്ന യാഥാർഥ്യം. കേൾക്കുന്പോൾ തമാശയെന്നു തോന്നിയേക്കാം, ഞാൻ എപ്പോൾ പ്ലാസ്റ്റിക് തിന്നുന്നു? എന്ന ചോദ്യവും മനസിൽ ഉയർന്നേക്കാം.
എന്നാൽ, പ്ലാസ്റ്റിക്കിന്റെ സ്വഭാവവും രാസഘടനയും പ്രവർത്തനരീതിയുമൊക്കെ മനസിലാക്കിയ ശേഷം അതിനെ നമ്മുടെ പ്ലാസ്റ്റിക് ഉപയോഗരീതികളോടു ചേർത്തുവച്ചു ചിന്തിക്കുന്പോൾ നിങ്ങളും പറഞ്ഞുപോകും ശരിയാണ്, നമ്മൾ പ്ലാസ്റ്റിക് ഭക്ഷിക്കുന്നുണ്ട്! അറിഞ്ഞും അറിയാതെയും ഇതു നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിനെ വേണ്ടവിധം മനസിലാക്കാതെ തോന്നിയതുപോലെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അനുവാദമില്ലാതെ ആമാശയത്തിലേക്കും ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വരെ ഇതു നുഴഞ്ഞുകയറിത്തുടങ്ങിയത്.
നമ്മുടെയൊക്കെ ജീവിതത്തെ അലട്ടുന്ന പല ആരോഗ്യപ്രശ്നങ്ങളുടെയും പിന്നിലെ യഥാർഥ വില്ലൻ ഒരുപക്ഷേ ഈ പ്ലാസ്റ്റിക് ആയിരിക്കാമെന്ന് പഠനങ്ങളുടെ വെളിച്ചത്തിൽ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടലിൽ പ്ലാസ്റ്റിക് സാന്നിധ്യം പെരുകിയതോടെ കടൽവെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പിൽ പോലും പ്ലാസ്റ്റിക് അംശങ്ങൾ കലരാനിടയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ലാസ്റ്റിക്കിന്റെ സ്വഭാവസവിശേഷതകൾ തിരിച്ചറിഞ്ഞ് വിവേകത്തോടെയുള്ള ഉപയോഗരീതികളിലേക്കു മാറിയില്ലെങ്കിൽ ഫീഡിംഗ് ബോട്ടിൽ മുതൽ വാട്ടർ ടാങ്കുകൾ വരെ അപകടകാരികളായി മാറുമെന്നാണ് ഈ രംഗത്തുപഠനം നടത്തുന്നവർ പറയുന്നത്.
വിവേകത്തോടെ പ്ലാസ്റ്റിക്കിനെ കൈകാര്യം ചെയ്യണമെങ്കിൽ പ്ലാസ്റ്റിക് എന്താണെന്നും അവയുടെ സ്വഭാവം എന്താണെന്നും പ്രവർത്തനരീതികൾ എങ്ങനെയാണെന്നും അറിയണം. അതിനെക്കുറിച്ചു നാളെ.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യൻ -1 / ജോൺസൺ പൂവന്തുരുത്ത്