കർഷകർക്കുവേണ്ടി നിലകൊണ്ട ജനകീയ നേതാവ്: കാഞ്ഞിരപ്പള്ളി രൂപത
Wednesday, April 10, 2019 11:32 AM IST
കാഞ്ഞിരപ്പള്ളി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തിൽ കാഞ്ഞിരപ്പള്ളി രൂപത അനുശോചിച്ചു. കർഷകർക്കുവേണ്ടി നിലകൊണ്ട ജനകീയനായ നേതാവായിരുന്നു അദ്ദേഹം.
അവതരിപ്പിച്ച ബജറ്റുകളിലെല്ലാം കർഷകർക്കായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. വെളിച്ച വിപ്ലവം, കുടിയേറ്റ മേഖലയിൽ പട്ടയം, വിവിധ ക്ഷേമ പെൻഷനുകൾ, കാരുണ്യ പദ്ധതി തുടങ്ങി നിരവധി ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ അദ്ദേഹത്തിനായി. ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും സഭാസ്നേഹി എന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാവുന്നതല്ലെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലും സഹായ മെത്രാൻ മാർ ജോസ് പുളിക്കലും അനുശോചന സന്ദേശത്തിൽ പറഞ്ഞു.