മാർപാപ്പ അവളെ തലയിൽ കൈവച്ച് ചുംബിച്ചു: ധന്യനിമിഷത്തിന്‍റെ ഓർമയിൽ മലയാളി കുടുംബം
മാർപാപ്പ അവളെ തലയിൽ കൈവച്ച് ചുംബിച്ചു: ധന്യനിമിഷത്തിന്‍റെ ഓർമയിൽ മലയാളി കുടുംബം
ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം ലോകമെങ്ങും ആവേശത്തോടെ നോക്കിക്കാണുമ്പോൾ വലിയ ഇടയനെ റോമിലെത്തി സന്ദർശിച്ച ധന്യമുഹൂർത്തം പങ്കുവയ്ക്കുകയാണ് ദുബായ് മലയാളിയായ ചങ്ങനാശേരി പെരുന്തുരുത്തി സ്വദേശി ബിജു കുന്നേൽ. ദുബായിയിലെ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ സീനിയർ മാനേജരായ ബിജു 2017 ഏപ്രിലിൽ ഭാര്യ റോസിക്കും മക്കളായ ക്രിസ്, കാതറിൻ എന്നിവർക്കുമൊപ്പമാണ് റോമിലെത്തിയത്. അന്ന് പോപ്പ്മൊബീലിൽ വിശ്വാസികളെ അനുഗ്രഹിച്ചുകൊണ്ട് സഞ്ചരിക്കുന്നതിനിടെ നാലുവയസുകാരിയായ കാതറിനെ മാർപാപ്പ കൈയിലെടുത്ത് ചുംബിക്കുകയും തലയിൽ കൈവച്ചു പ്രാർഥിക്കുകയും ചെയ്തു.

ആ ധന്യനിമിഷത്തെക്കുറിച്ച് ബിജു തന്നെ പറയുന്നു...

"ഏതാണ്ട് 06 മാസത്തോളം പാപ്പായുടെ ട്രാവൽ പ്ലാനും ആരോഗ്യസ്ഥിതിയും ഒക്കെ സസൂഷ്മം നിരീക്ഷിച്ചതിനുശേഷം "പേപൽ ഓഡിയെൻസ്" ഉണ്ടാകും എന്ന് ഞങ്ങളുടെ കുടുംബ സുഹൃത്തായ റവ.ഡോ. അരുൺ കലമറ്റത്തിൽ കൺഫേം ചെയ്തതിനുശേഷമാണ് 2017 ഏപ്രിൽ മാസത്തിൽ ഞങ്ങൾ റോമിലേക്ക് യാത്ര പുറപ്പെട്ടത്. ഞങ്ങളുടെ യാത്രക്ക് ഒരൊറ്റ ലഷ്യമേ ഉണ്ടായിരുന്നുള്ളു - സ്നേഹപിതാവായ പരിശുദ്ധ പിതാവിനെ, വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പയെ ദൂരെനിന്നെങ്കിലും ഒരുനോക്കു കാണണം. ഞങ്ങൾ ഫ്ലൈറ്റ് യാത്രയിൽ ഉടനീളം ഉരുവിട്ടുകൊണ്ടിരുന്ന പ്രാർത്ഥനയും മറ്റൊന്നായിരുന്നില്ല.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഞങ്ങൾ വത്തിക്കാനിൽ എത്തി വത്തിക്കാൻ സ്ക്വാറിനോട് ഏറ്റവും അടുത്ത ഹോട്ടലിൽ താമസമാക്കി. പിറ്റേ ദിവസം തന്നെ ദൈവത്തിന്റെ കൃപയാൽ "പേപൽ ഓഡിയെൻസ്" ടിക്കറ്റ് അരുൺ അച്ഛൻ തരപ്പെടുത്തി തന്നു. പിന്നെ പട്ടാളത്തിലെ കമാൻഡർ സബോർഡിനേറ്റസിനോട് യുദ്ധതന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്നതുപോലെ അരുൺ അച്ഛൻ ഞങ്ങളെ "പേപൽ ഓഡിയെൻസ്" നടക്കുന്ന വത്തിക്കാൻ സ്ക്വാറിനു ഏകദേശം അടുത്ത് കൊണ്ടുപോയി സ്ഥലം പരിചയപ്പെടുത്തി തന്നു - തിരികെ പോരും വഴി ഒരു പ്രധാനപ്പെട്ട ഉപദേശവും നൽകി. "പേപൽ ഓഡിയെൻസ്" സെക്യൂരിറ്റി ചെക്ക് സ്റ്റാർട്ട് ചെയ്യുന്നത് 08 മാനിക്കാണെങ്കിലും നിങ്ങൾ ഒരു 04 അല്ലെങ്കിൽ മാക്സിമം 05 മണിയാകുമ്പോൾ ഗേറ്റിൽ പോയിനിന്നോളൂ. അത്രയും നേരത്തെ ആരും വരില്ലായിരിക്കാം.

അങ്ങനെ അരുൺ അച്ചന്‍റെ ഉപദേശം ശിരസാ വഹിച്ച് "പേപൽ ഓഡിയെൻസ്" കൂടാൻ ബുധനാഴ്ച വെളുപ്പിനെ നാലുമണിക്ക് എൻട്രി ഗേറ്റിലേക്ക് ചെല്ലുമ്പോൾ സകല പ്രതീക്ഷയും അസ്ഥമിച്ചു - അതാ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള വിശ്വാസികളുടെ വലിയ ഒരു നീണ്ട നിര. കാര്യങ്ങൾ കൈവിട്ടു പോയല്ലോ എന്ന് മനസ്സിൽ വിചാരിച്ചെങ്കിലും ആ ഒൻപതു ഡിഗ്രി ടെമ്പറേച്ചറിൽ ഞങ്ങൾ പ്രതീക്ഷ കൈവിടാതെ അങ്ങനെ നിന്നു - കാരണം പാപ്പയെ ഒരു നോക്ക് കണ്ടേ ദുബായിലേക്ക് മടക്കമുള്ളൂ എന്ന് ഞങ്ങൾ തീരുമാനമെടുത്തിരുന്നു.

അങ്ങനെ നാലുമണിക്കൂറത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 08 മണിയോടുകൂടി “സെക്യൂരിറ്റി ചെക്ക് ഇൻ” കഴിഞ്ഞു വത്തിക്കാൻ സ്ക്വയറിലേക്കു പ്രവേശിച്ചപ്പോൾ സന്തോഷം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. മലയാളികൾ എന്തിനും മുന്പന്തിയിലാണല്ലോ, അതുകൊണ്ടു ഇത്തിരി കഷ്ടപ്പെട്ടെങ്കിലും ഞങ്ങൾക്ക് ആ വലിയ ജനസമുദ്രത്തിന്‍റെ മുന്നിലെത്താൻ സാധിച്ചു.

ലോകത്തിന്‍റെ പല ഭാഗത്തുനിന്നുള്ള ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത വിശ്വാസികളുടെ ഇടയിലാണ് തങ്ങൾ നിൽക്കുന്നതെന്ന യാഥാർഥ്യം ഉള്ളിലുണ്ടെങ്കിലും ഞങ്ങളുടെ പ്രാർത്ഥന പാപ്പായെ ഒന്ന് തൊടാൻ സാധിച്ചിരുന്നെങ്കിൽ എന്നായി. അത്ഭുതം എന്ന് പറയട്ടെ - ദൈവം ഞങ്ങളുടെ ആഗ്രഹം സാധിച്ചുതന്നു.


പാപ്പാ ഓഡിയൻസിന്‍റെ ഇടയിലേക്കിറങ്ങിവന്നപ്പോൾ വിശ്വാസികളുടെ സന്തോഷാരവം അതിരുകടന്നു. അതുകൊണ്ടുതന്നെ പാപ്പാ ഒന്ന് ശ്രദ്ധിക്കാനായി ഞാൻ ഞങ്ങളുടെ കുഞ്ഞു മാലാഖയെ നാലു വയസുള്ള കുഞ്ഞു കാതറീനെ എന്‍റെ തലയുടെയും മുകളിലായീ ഉയരത്തിൽ പിടിച്ചു. "ഡിയർ പാപ്പാ" എന്നർത്ഥം വരുന്ന ഇറ്റാലിയൻ ഭാഷയിൽ "കാരോ പാപ്പാ" എന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു. എന്നെ അത്ഭുതസ്തബ്ധനാക്കിക്കൊണ്ടു അതാ പാപ്പയുടെ വാഹനം എന്‍റെ മുന്നിൽ നിർത്തി - ഫ്രാൻസിസ് പാപ്പാ എന്‍റെ നേരെ കൈ നീട്ടി. ഒരു നിമിഷം ഒന്നും മനസിലായില്ല,



അപ്പോഴേക്കും പാപ്പയുടെ സെക്യൂരിറ്റി ചുമതലകളുടെ തലവൻ "ഡൊമെനിക്കോ ജിയാനി" എന്റെ കൈയിൽനിന്നും കൊച്ചു കാതറീനെ പാപ്പായുടെ കൈയിലേക്ക് എത്തിച്ചിരുന്നു. ഒരു നിമിഷം ഞാൻ സ്വപ്നം കാണുകയാണോ എന്ന് തോന്നിപ്പിക്കുമാറ് പരിശുദ്ധ പിതാവിന്‍റെ കൈകളിൽ ഇരിക്കുന്ന എന്റെ മകളെയാണ് ഞാൻ കണ്ടത്. പിതാവ് അവളുടെ തലയിൽ ചുംബിച് കൈവച്ചു അനുഗ്രഹിച്ചു തിരിച്ചു എന്റെ കൈകളിലേക്ക്. സ്വർഗം പുൽകിയ സന്തോഷം, എന്‍റെ ജീവിത പങ്കാളി സന്തോഷാശ്രുക്കൾ പൊഴിക്കുന്നു. അടുത്തുനിന്നവരെല്ലാം എന്‍റെ മകളെ ആശ്ലേഷിക്കുന്നു. ആ അപൂർവ നിമിഷം ഇന്നലെ കഴിഞ്ഞതുപോലെ ഇന്നും ഞങ്ങളുടെ ഓർമകളിൽ മങ്ങാതെ ക്ലാവുപിടിക്കാതെ പച്ചപിടിച്ചു നിൽക്കുന്നു. ഞങ്ങളുടെ സമീപത്തുണ്ടായിരുന്നവർക്കെല്ലാം ഇരട്ടിമധുരം - കാരണം കാതറീനെ എടുക്കാനായി പാപ്പാ "പേപ്പൽമൊബൈൽ" നിർത്തിയതുണ്ട് അവർക്കെല്ലാം പാപ്പയെ ഏകദേശം ഒരു മിനിറ്റോളം തങ്ങളുടെ കൈ എത്തുന്ന ദൂരത്തു കാണാൻ സാധിച്ചു.



"പേപൽ ഓഡിയെൻസ്" കഴിഞ്ഞയുടൻ ഞങ്ങൾ അരുൺ അച്ഛനെയും, കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും എല്ലാം ഈ സന്തോഷ വാർത്ത അറിയിക്കാനായി ഫോണിൽ വിളിച്ചു - പക്ഷേ ആരും ആദ്യം വിശ്വസിച്ചില്ല. പക്ഷേ അവർ എല്ലാം ഒരു കാര്യം കൂട്ടിച്ചേർത്തു - അങ്ങനെ സംഭവിച്ചെങ്കിൽ "നോ ഡൌട്ട് - ഇറ്റ് ഈസ് എ മിറക്കിൾ, ഇറ്റ് ഈസ് ഗോഡ്സ് ബ്ലസിങ്". ശരിയാണ് ലോകത്തിന്റെ പല ഭാഗത്തുള്ള ഏതാണ്ട് ഒരു ലക്ഷത്തിലധികം വിശ്വാസികളുടെ ഇടയിൽനിന്നും എന്ത് മേന്മയാണ് ഞങ്ങൾക്കുണ്ടായിരുന്നത് - "നോ ഡൌട്ട് - ഇറ്റ് ഈസ് എ മിറക്കിൾ, ഇറ്റ് ഈസ് ഗോഡ്സ് ബ്ലസിങ്".

കാതറിന് അന്ന് നാലു വയസുമാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു, അതുകൊണ്ടുതന്നെ പാപ്പായുടെ കൈയിലേക്ക് എത്തപ്പെട്ട കാതറിൻ അത്ര സന്തോഷ ഭാവത്തിലായിരുന്നില്ല. പക്ഷേ ഇന്നവൾക്കു ഏകദേശം ആറു വയസായി, തനിക്കു ലഭിച്ചത് ഒരു അപൂർവ ഭാഗ്യമായിരുന്നു എന്ന് മനസിലായിത്തുടങ്ങി.

നിങ്ങൾ ആരാണെന്നോ, നിങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്നോ, നിങ്ങളുടെ വിശ്വാസങ്ങൾ എന്താണ് എന്നോ നോക്കാതെ എല്ലാവരോടും ആദരവ് കാട്ടുന്ന ഫ്രാൻസിസ് പാപ്പാ എന്ന് കേട്ടറിവ് മാത്രമേയുണ്ടായിരുന്നുള്ളൂ - പക്ഷേ ആ പരമമായ സത്യം അന്ന് ഞങ്ങൾ കണ്ടും കൊണ്ടും അറിഞ്ഞു.."

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.