കായംകുളം: കാലവർഷക്കെടുതി മൂലം ദുരിതാശ്വാസ കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുള്ള ജനങ്ങൾക്ക് സഹായഹസ്തവുമായി മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ ചേതന രംഗത്തെത്തി.
കാരിത്താസ് ഇന്ത്യയുമായി ചേർന്നാണ് ക്യാന്പുകളിൽ ഇവർ സഹായമെത്തിച്ചത് കാർത്തികപ്പള്ളി, വഴുതനം, നടുവട്ടം, പള്ളിപ്പാട്, ചെറുതന, എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അവശ്യസാധാനങ്ങളായ കുടിവെള്ളം, അരി, പഞ്ചസാര, പയർ, പച്ചക്കറി, എന്നിവ വിതരണം ചെയ്തു. ചേതന ഡയക്ടർ ഫാ. ലൂക്കോസ് കന്നിമേൽ, കാരിത്താസ് ഇന്ത്യ കോ-ഓർഡിനേറ്റർ അമൽ, ചേതനയുടെ പ്രവർത്തകർ, ബഥനി സിസ്റ്റേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
മങ്കൊന്പ്: കുട്ടനാടൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്കു കൈത്താങ്ങായി കോട്ടയം ആസ്ഥാനമായ സന്നദ്ധ സംഘടനയായ റീച്ച് വേൾഡ് വൈഡ്. ആലപ്പുഴ ജില്ലയിലെ കുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പെടെ ജില്ലയിലെ പല പ്രദേശങ്ങളിലും തുറന്ന ദുരിതാശ്വാസ ക്യാന്പുകളിൽ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായി യോജിച്ച് സന്നദ്ധ സേവനം നടത്തുകയാണ് റീച്ച് വേൾഡ് വൈഡ്. പ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ ദുരിതാശ്വാസ ക്യാന്പുകളിലുള്ള 300ഓളം കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. 150ഓളം കുടുംബങ്ങൾക്കു കുടകളും നൽകി.
വരും ദിവസങ്ങളിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും റീച്ച് വേൾഡ് വൈഡ് സിഎഫ്ഒ റോണക് മാത്യു പറഞ്ഞു. വെള്ളപ്പൊക്കം ദുരിതം വിതച്ച മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, പൊതുജനങ്ങളുടെയും സഹായത്തോടെ വള്ളങ്ങളിൽ ആണ് സഹായം എത്തിച്ചത്. മുൻസിപ്പൽ കൗണ്സിലർ കൃഷ്ണകുമാരി രാജശേഖരൻ, സാമൂഹ്യ പ്രവർത്തക, ഷേർളി ആന്റണി, റീച്ച് വേൾഡ് വൈഡ് പ്രോജക്ട് ഓഫീസർമാരായ പ്രദീഷ് കെ. ബേബി, എബി അലക്സ്, ആഗ്രഹ് മുരളി തുടങ്ങിയവർ നേതൃത്വം നൽകി.
പൂച്ചാക്കൽ: തുടർച്ചയായി പെയ്ത മഴയിൽ മുങ്ങിയ വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് സഹായവുമായി ഫോട്ടോഗ്രാഫർമാർ രംഗത്ത്. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ)പൂച്ചാക്കൽ യൂണിറ്റിലെ അംഗങ്ങളാണ് ക്യാന്പുകളിൽ കഴിയുന്നവർക്കായി ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകിയത്.
തൈക്കാട്ടുശേരി ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പള്ളിപ്പുറം പല്ലിവേലി ഗവ. യൂ.പി. സ്കൂൾ, തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പള്ളിവെളി എംഎഎൽപി സ്കൂൾ, ഉളവയ്പ്പ് ഗവ. എൽപി സ്കൂൾ എന്നീ അഞ്ച് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കാണ് അരി, പച്ചക്കറി മുതലായ സാധങ്ങൾ ഫോട്ടോഗ്രാഫർമാർ വിതരണം ചെയ്തത്.യൂണിറ്റ് പ്രസിഡന്റ് ടി.ദേവരാജൻ, സെക്രട്ടറി അശോകൻ, ട്രഷറർ പി.പി സുജിത് തുടങ്ങിയിവർ നേതൃത്വം നൽകി.