പാലക്കാടൻ മണ്ണിന് ആവേശമായി കേരള കർഷകജാഥ
Tuesday, May 8, 2018 11:12 AM IST
പാലക്കാട്: കർഷകർ രാജ്യ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് ഉദ്ഘോഷിക്കുകയും കർഷകദുരിതങ്ങൾക്കെതിരെ കണ്ണടയ്ക്കുകയും ചെയ്യുന്ന അധികൃതരുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ കാസർകോഡു നിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള കർഷക ജാഥയ്ക്ക് നെല്ലറയുടെ മണ്ണിൽ ഉജ്വല സ്വീകരണം. കാലങ്ങളായി നിരവധി യാത്രകൾക്കു സാക്ഷ്യംവഹിച്ച പാലക്കാടൻ കർഷകജനതയ്ക്ക് തങ്ങളോടൊപ്പം എന്നും നിലകൊള്ളുന്ന ദീപികയുടെ നേതൃത്വത്തിലുള്ള ജാഥ വേറിട്ട അനുഭവമായി. ജില്ലയിൽ മണ്ണാർക്കാട്, മുണ്ടൂർ, പാലക്കാട് ടൗണ്‍, വടക്കഞ്ചേരി എന്നിവിടങ്ങളിലാണു യാത്രയ്ക്കു സ്വീകരണം നല്‍കിയത്. നാലു സ്വീകരണയോഗങ്ങളിലും കർഷകരുടെയും ദീപികയുടെ അഭ്യുദയകാംക്ഷികളുടെയും വൻ സാന്നിധ്യം ശ്രദ്ധേയമായി.
വോട്ടുബാങ്കല്ലാത്ത കർഷകസമൂഹത്തെ അവഗണിക്കുന്ന രാഷ്ട്രീയ, ഭരണ വർഗത്തിന് താക്കീതാകുകയും കൃഷിയിടങ്ങളിലെ വിലാപങ്ങൾക്ക് അറുതിവരുത്തുകയും, സ്വന്തം മണ്ണിൽ അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം കർഷകന് ഒരുക്കുകയും ചെയ്യുക എന്നിവയാണ് കർഷകജാഥയുടെ മുഖ്യ ലക്ഷ്യങ്ങൾ. വന്യമൃഗങ്ങൾക്ക് നല്കുന്ന പ്രാധാന്യം കർഷകർക്ക് നല്‍കാത്ത ഭരണവർഗത്തിന്റെ നിലപാടുകൾ കാർഷിക മേഖലയുടെ തന്നെ നാശത്തിന് ഇടയാക്കുമെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് ഉണ്ടാകേണ്ടതാണെന്നു ജാഥയിൽ പ്രസംഗിച്ചവർ ഉൗന്നിപ്പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനു തയാറാക്കുന്ന നിവേദനത്തിലേക്ക് ഒരു കോടി ജനങ്ങളുടെ ഒപ്പു ശേഖരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽനിന്നുള്ള ഒപ്പുകൾ ജാഥാ ക്യാപ്റ്റൻ ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് സണ്ണി വി. സക്കറിയ ഏറ്റുവാങ്ങി.
കാസർഗോട്ടെ വെള്ളരിക്കുണ്ടിൽനിന്ന് ആരംഭിച്ച് അഞ്ചു ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ രാവിലെ പാലക്കാട് ജില്ലയിൽ പ്രവേശിച്ച ജാഥയുടെ പ്രഥമസ്വീകരണം മണ്ണാർക്കാട്ടായിരുന്നു. തുടർന്ന് മുണ്ടൂർ, പാലക്കാട് ടൗണ്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം നാലിന് വടക്കഞ്ചേരിയിൽ ജില്ലയിലെ പ്രയാണം സമാപിച്ചു.
ഡിഎഫ്സി സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റം, സംസ്ഥാന ട്രഷറർ ടോമി തുരുത്തിക്കര, കെസിവൈഎം ഫലസമൃദ്ധി ജനറൽ കണ്‍വീനർ സിറിയക് ചാഴിക്കാടൻ, കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ എന്നിവർ ജാഥാംഗങ്ങളായി ജില്ലയിലെ സ്വീകരണയോഗങ്ങളിൽ സംബന്ധിച്ചു.
ജിമ്മി ജോർജ്