ചെളിയിൽ മുങ്ങി വീടുകൾ; പ്രളയശേഷം ദുരിതപ്രളയം
Tuesday, July 24, 2018 11:44 AM IST
ഏറ്റുമാനൂർ: വെള്ളമിറങ്ങിയ വീടുകൾ മാലിന്യക്കൂന്പാരം. നാട്ടുവഴികളാകെ ചെളിക്കുളം. പ്രളയശേഷവും ദുരിതം ബാക്കി. വെള്ളമിറങ്ങിയിട്ടും വെള്ളപ്പൊക്കത്തിന്റെ ദുരിതമൊഴിയുന്നില്ല. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്റെ പടിഞ്ഞാറൻ മേഖലകളായ കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ പഞ്ചായത്തുകൾ ദുരിതത്തിൽ തന്നെ. വീടുകളിൽനിന്ന് വെള്ളമിറങ്ങിയെങ്കിലും വീടിനു ചുറ്റും വെള്ളം കെട്ടി നിൽക്കുന്നു.
സ്വാഭാവികമായി ഒഴുകിപ്പോകുന്നതിന് തടസമുള്ളതിനാൽ എങ്ങും വെള്ളക്കെട്ടുകൾ. വീടിന് പുറത്തേക്ക് ഇറങ്ങാൻ വയ്യാത്ത അവസ്ഥ.
വെള്ളമിറങ്ങിയ വീടുകൾ ആകെ ചെളി നിറഞ്ഞിരിക്കുന്നു. ചെളിയും മറ്റ് മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന വീടുകൾ ശുചിയാക്കുന്നതിന് ദിവസങ്ങളെടുക്കും. അന്തരീക്ഷത്തിൽ ചൂടില്ലാത്തതിനാൽ വീടുകൾക്കുള്ളിലെ ഈർപ്പം വിട്ടുമാറില്ല.
ഗ്രാമീണ റോഡുകളിൽ ടാർ ചെയ്തവ തകർന്നു. ടാർ ചെയ്യാത്ത റോഡുകൾ ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വാഹനങ്ങൾ മാത്രമല്ല, കാൽനടക്കാരും ചെളിയിൽ താഴ്ന്നു പോകുന്ന അവസ്ഥയാണുള്ളത്.
പാടശേഖരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജലനിരപ്പ് താഴാൻ ഏറെ സമയമെടുക്കും. ജലനിരപ്പ് താഴുകയും വെയിൽ തെളിഞ്ഞ് മണ്ണിന് ഉറപ്പുണ്ടാകുകയും ചെയ്യുന്നതുവരെ സഞ്ചാരം ബുദ്ധിമുട്ടാകും.
ആർപ്പൂക്കര പഞ്ചായത്തിൽ കരിപ്പൂത്തട്ടു വരെയുള്ള ഭാഗത്ത് വെള്ളമിറങ്ങി ജീവിതം സാധാരണ നിലയിലേക്കാകുന്നു. ഇവിടെവരെ ബസ് സർവീസും പുനരാരംഭിച്ചു കഴിഞ്ഞു.
എന്നാൽ അവിടം മുതൽ വേന്പനാട് കായൽ വരെയുള്ള പ്രദേശങ്ങളിലുള്ളവർ ദുരിതത്തിൽ തന്നെയാണ്. അയ്മനം പഞ്ചായത്തിലുള്ളവരുടെ അവസ്ഥ ഇതിലേറെ കഷ്ടമാണ്. ഉൾപ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യമേയില്ലാത്ത ഇവിടെ മണ്റോഡുകൾ അപ്പാടെ തകർന്നു. ബഹു ഭൂരിഭാഗം പ്രദേശങ്ങൾക്കും ഇപ്പോഴും പുറം ലോകവുമായി ബന്ധമേയില്ല.
വീടുകൾ ഉപേക്ഷിച്ചു പോയവർ തിരികെയെത്തിത്തുടങ്ങി. പലരും കുട്ടികളെ ബന്ധുവീടുകളിൽ നിർത്തിയാണ് എത്തിയിട്ടുള്ളത്. ഇവിടെയൊക്കെ ജീവിതം സാധാരണ നിലയിലേക്കെത്തിയിട്ടില്ല. പലയിടത്തും വീടിനുള്ളിൽ ഭക്ഷണം പാകം ചെയ്യാനാകുന്നില്ല. അതിനു സാധിക്കുന്നിടത്ത് ഗ്യാസ് സിലിണ്ടറോ വിറകോ ലഭിക്കാൻ മാർഗമില്ല.
കർഷകത്തൊഴിലാളികളും കൂലി തൊഴിലാളികളുമാണ് ഇവിടങ്ങളിലെല്ലാം ഏറെയും. രണ്ടാഴ്ചയിലേറെ നീണ്ട പെരുമഴയിലും വെള്ളപ്പൊക്കത്തിലും ഇവർക്ക് തൊഴിലില്ലാതായി. പട്ടിണിയാണെങ്ങും. ദുരിതാശ്വാസ ക്യാന്പുകൾ കൊണ്ട് ആശ്വാസ നടപടികൾ അവസാനിക്കുകയാണ്. വീടുകളിൽ പട്ടിണിയിൽ കഴിയുന്നവർക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല. കടകൾ അടഞ്ഞുകിടക്കുന്നതിനാലും ഉണ്ടെങ്കിൽ തന്നെ കടകളിലേക്ക് എത്തിപ്പെടാൻ മാർഗമില്ലാത്തതിനാലും നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നുമില്ല.വീടുകളിൽ കഴിയുന്ന ദുരിതബാധിതരെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന ആക്ഷേപമാണുയരുന്നത്. രണ്ടാഴ്ചയോളമായിട്ടും ദുരിതബാധിതർക്ക് സൗജന്യ റേഷൻ അനുവദിക്കാൻ പോലും നടപടിയായിട്ടില്ല.