സജീവ സാന്നിധ്യമായി ചങ്ങനാശേരി അതിരൂപത
Tuesday, July 24, 2018 11:13 AM IST
ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിത മേഖലകളിൽ സജീവ സാന്നിധ്യമായി ചങ്ങനാശേരി അതിരൂപത. ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തതുൾപ്പെടെ ഒരുകോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് വെള്ളപ്പൊക്കക്കെടുതികളനുഭവപ്പെട്ട പ്രദേശങ്ങളിൽ ചങ്ങനാശേരി അതിരൂപത നടപ്പാക്കിയത്.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നിർദേശപ്രകാരം പാരിഷ് ഹാളുകളും സ്കൂളുകളും ക്യാന്പുകൾക്കായും ആഹാരം പാകം ചെയ്യുന്നതിനുമായി തുറന്നു കൊടുത്തിരുന്നു. വിവിധ ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച മാർ പെരുന്തോട്ടം സന്നദ്ധ പ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. അടുത്ത ഞായറാഴ്ച അതിരൂപതയിലെ വിവിധ ഇടവകകളിൽ വിശുദ്ധകുർബാന മധ്യേ സ്വീകരിക്കുന്ന സ്തോത്രക്കാഴ്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം സർക്കുലറിലൂടെ അറിയിച്ചിരുന്നു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ ഒരാഴ്ചത്തെ ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി വെള്ളപ്പൊക്കമേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്.
വികാരി ജനറാൾമാരായ മോണ്‍.ജോസഫ് മുണ്ടകത്തിൽ, മോണ്‍.മാണി പുതിയിടം, മോണ്‍.ഫിലിഫ്സ് വടക്കേക്കളം, മോണ്‍.തോമസ് പാടിയത്ത്, ചാൻസലർ റവ.ഡോ.ഐസക് ആലഞ്ചേരി തുടങ്ങിയവരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, ഹൗസ് പ്രൊക്യുറേറ്റർ ഫാ.റോജൻ പുരയ്ക്കൽ എന്നിവരും സജീവമായി ദുരിതാശ്വാസ പ്രവർത്തന രംഗത്തുണ്ട്.
പുളിങ്കുന്ന് ഫൊറോന വികാരി ഫാ. മാത്യു ചൂരവടി, ചന്പക്കുളം ഫൊറോന വികാരി ഫാ. ഏബ്രഹാം കാടാത്തുകുളം, എടത്വ ഫൊറോന വികാരി ഫാ. ജോൺ മണക്കുന്നേൽ, ആലപ്പുഴ ഫൊറോന വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ എന്നിവരും കുട്ടനാട്ടിലെ വിവിധ ഇടവകകളിലെ വൈദികരും സന്നദ്ധസംഘടനാ പ്രതിനിധികളും ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ദുരിതമേഖലയിലെ വീടുകളിൽ എത്തിക്കുന്നതിന് നേതൃത്വം നൽകുന്നു.
ബെന്നി ചിറയിൽ