മാനം തെളിഞ്ഞിട്ടും ഒഴിയാത്ത ദുരിതവുമായി അപ്പർകുട്ടനാട്
Monday, July 23, 2018 3:46 PM IST
കോട്ടയം: മഴ മാറി മാനം തെളിഞ്ഞിട്ടും അപ്പർകുട്ടനാട്ടിലെ ദുരിതമൊഴിയുന്നില്ല. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിയിട്ടില്ല. ഒരാഴ്ചയായി തുടരുന്ന വെള്ളപ്പൊക്കം പൂർണമായും ഒഴിയാത്തതിനാൽ വീടുകളിലേക്കു തിരികെ വരാനാകാതെ ക്യാന്പുകളിൽ കഴിയുകയാണ് പ്രദേശവാസികൾ. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ, ചങ്ങനാശേരി താലൂക്കിന്റെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കത്തിന്റെ ദുരിതമൊഴിയാത്തത്.
വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളായ തലയാഴം, കല്ലറ, വെച്ചൂർ പഞ്ചായത്തുകളിലും വെള്ളം പലയിടത്തും ഇറങ്ങിയിട്ടില്ല. പാടങ്ങളെല്ലാം പൂർണമായും വെള്ളത്തിലാണ്. ബന്ധു വീടുകളിൽ അഭയം തേടിയവർ വീടുകളിലേക്കു മടങ്ങി വന്നിട്ടില്ല. വെള്ളം ഇറങ്ങി തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിൽ തിരിച്ചെത്തിയവർ വീടും പരിസരവും വൃത്തിയാക്കുന്ന തിരിക്കലാണ്. വീട്ടുപകരണങ്ങളും സാധന സാമഗ്രികളും പൂർണമായും നശിച്ചു. കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും വൻ തോതിലാണ് അടിഞ്ഞു കൂടിയിരിക്കുന്നത്. ഇന്നലെ പകൽ മഴ മാറിനിന്ന് തെളിഞ്ഞ കാലാവസ്ഥയായതിനാൽ പലർക്കും വീടും പരിസരവും വൃത്തിയാക്കാൻ കഴിഞ്ഞു.
കെഎസ്ഇബിക്ക് വൻ നഷ്്ടം
കനത്ത മഴയിൽ ജില്ലയിലൊന്പാടും 742 പോസ്റ്റുകൾ ഒടിഞ്ഞു വീണതായാണ് കെഎസ്ഇബിയുടെ പ്രാഥമിക കണക്ക്. 310 എച്ച്ഡി ലൈനുകളും 3124എൽടി ലൈനുകളും പൊട്ടിയിട്ടുണ്ട്. 72 ട്രാൻസ്ഫോർമറുകൾ തകരാറിലായി. പടിഞ്ഞാറൻ മേഖലയിൽ പല സ്ഥലത്തും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി
മഴ മാറി വെള്ളം ഇറങ്ങി തുടങ്ങിയപ്പോൾ പടിഞ്ഞാറൻ ഗ്രാമങ്ങളെ കാത്തിരിക്കുന്നതു ഭീകരമായ സ്ഥിതിവിശേഷം. പാന്പും പഴുതാരയും മുതൽ പ്ലാസ്റ്റിക്കും മത്സ്യ, മാംസ അവശിഷ്ടങ്ങളും വരെയാണ് വീട്ടുമുറ്റത്തും പറന്പിലും ജലസ്രോതസുകളിലുംവന്ന് അടിഞ്ഞിരിക്കുന്നത്. വീട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും കഴുകി കളയുന്നതിനു പുറമേ ഇത്തരം പ്രശ്നങ്ങൾ കൂടിയാകുന്പോൾ ജനജീവിതം സാധാരണ നിലയിലാകണമെങ്കിൽ കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും വേണ്ടി വരും. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ചാക്കിൽക്കെട്ടിയ നിലയിൽ ഇറച്ചിമാലിന്യം വരെയാണ് പലരുടെയും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തുന്നത്. ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണു വെള്ളം കയറി ഇറങ്ങിപ്പോയ പുരയിടങ്ങളിലും വീടുകളും അടിഞ്ഞിരിക്കുന്നത്. മീനച്ചിലാറിന്റെ ഈരാറ്റുപേട്ട മുതൽ കോട്ടയം വരെയുള്ള പ്രദേശത്തെ പാലങ്ങളുടെ സമീപത്തും കൈത്തോടുകളിലും ടണ് കണക്കിനു പ്ലാസ്റ്റിക് മാലിന്യമാണ് കുന്നു കൂടിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളാണ് ഏറെയും. വെള്ളം കയറിയിറങ്ങിയ പ്രദേശത്ത് ചതുപ്പുകളിലും തോടുകളിലെ പാലത്തിന്റെ ചുവട്ടിലും പ്ലാസ്റ്റിക്കുകൾ കുന്നു കൂടിയിരിക്കുകയാണ്.
ഉറക്കം കെടുത്തി ഇഴജന്തുക്കൾ
വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത് ഇഴജന്തുക്കളാണ്. മൂർഖൻ മുതൽ സർവ വിഷപാന്പുകളും തേളും പഴുതാരയുമൊക്കെ ഒഴുകിയെത്തി തന്പടിച്ചിരിക്കുന്നതു വെള്ളം കയറി ഇറങ്ങിപ്പോയ വീടുകളുടെ പരിസരങ്ങളാണ്. വെള്ളത്തിൽ മുങ്ങിയ സാധനങ്ങൾ തിരികെയെടുക്കാനും വീടു വൃത്തിയാക്കാനുമെത്തുന്പോൾ പലർക്കും ഇഴജന്തുക്കളുടെ ആക്രമണം ഏൽക്കേണ്ടിവരുന്നത്.
പകർച്ചവ്യാധി ഭീഷണിയിൽ
വെള്ളപ്പൊക്ക മേഖലയിൽ പകർച്ചവ്യാധികളും പടരുന്നതോടെ ജനങ്ങളുടെ ഭീതി വർധിക്കുന്നു. മോശമായ ജലത്തിന്റെ ഉപയോഗമാണ് പകർച്ച വ്യാധി പിടിപെടാനുള്ള പ്രധാന കാരണം. പലർക്കും നല്ല വെള്ളം കുടിക്കാനില്ല. കിണറുകളിലും കുളങ്ങളിലുമെല്ലാം മലിന ജലം നിറഞ്ഞു കിടക്കുകയാണ്. ശക്തമായ നിരീക്ഷണം ആരോഗ്യവകുപ്പ് നടത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിലും അപ്പുറമാണു കാര്യങ്ങൾ. ദുരിതാശ്വാസ ക്യാന്പുകളിലേക്കുള്ള പ്രതിരോധ മരുന്നു വിതരണം ആരോഗ്യ വകുപ്പ് നടത്തിവരുന്നു.
നിലവിൽ ക്യാന്പുകളിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാമെന്നു ആരോഗ്യവിഭാഗം അറിയിച്ചു. ക്യാന്പുകളിലുള്ളവർക്കായി 24 മണിക്കൂർ മെഡിക്കൽ സേവനം, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ നടത്തുന്നുണ്ട്. ക്യാന്പുകളിലുള്ളവരുടെ മാനസികാവസ്ഥ പരിഗണിച്ചു മരുന്നുകൾക്കൊപ്പം കൗണ്സലിംഗും നൽകുന്നുണ്ടെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. പാന്പു കടിപോലുള്ള സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നൽക്കണ്ട് പ്രതിരോധ മരുന്നുകൾ ആശുപത്രി കേന്ദ്രങ്ങളിലെത്തിക്കാൻ നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.