ദുരിതക്കയത്തിൽ മുങ്ങി ക്ഷീരകർഷകർ
Monday, July 23, 2018 2:23 PM IST
മങ്കൊന്പ്: മഹാപ്രളയത്തിന്റെ ഇരകളായ ക്ഷീരകർഷകർ ദുരിതത്തിൽ. പശുക്കളെ കറന്നെടുക്കാനാവുന്നില്ല. പാലിന്റെ സംഭരണം നടക്കുന്നില്ല. തീറ്റയില്ല. കന്നുകാലികളെ വളർത്തിയാണ് കുട്ടനാട്ടിൽ ഏറെപ്പേരും കുടുംബം പോറ്റുന്നത്. നാലഞ്ചുദിവസങ്ങളായി ഉത്പാദിപ്പിക്കപ്പെടുന്ന പാൽ സംഭരിക്കാൻ മിൽമ അധികൃതർ സൗകര്യമൊരുക്കുന്നില്ല. ഇതു മൂലം കർഷക കുടുംബങ്ങളും കന്നുകാലികളും ഒരുപോലെ പട്ടിണിയിലായി.
കന്നുകാലികൾക്കുണ്ടാകാവുന്ന രോഗങ്ങളാണ് മറ്റൊരു ഭീഷണി. ക്ഷീരസഹകരണ സംഘങ്ങളുടെ കീഴിലുള്ള പാൽസംഭരണ കേന്ദ്രങ്ങളിലെത്തി മിൽമ പാൽ സംഭരിക്കുകയായിരുന്നു പതിവ്. എന്നാൽ, വെള്ളപ്പൊക്കം തുടങ്ങിയപ്പോഴേ പാൽവണ്ടികളുടെ ഒാട്ടം നിലച്ചു. ഇതെത്തുടർന്ന് രണ്ടു മൂന്നു സംഘങ്ങൾ സംയുക്തമായി ഓട്ടോറിക്ഷകളിൽ ചതുർത്ഥ്യാകരിയിലെത്തിച്ചു പാൽ വാഹനങ്ങളിൽ കയറ്റി അയച്ചിരുന്നു. ഇവിടെയും ഗതാഗതം നിലച്ചതോടെ വള്ളങ്ങളിൽ 12 കിലോമീറ്ററുകളോളം അകലെയുള്ള മങ്കൊന്പ് തെക്കേക്കരയിൽ എത്തിച്ചു പാൽ കൊടുത്തിരുന്നു. എന്നാൽ, എസി റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചതോടെ നാലഞ്ചു ദിവസങ്ങളായി ഇതും നിലച്ചു.
തൊഴുത്തുകളെല്ലാം തന്നെ വെള്ളത്തിനടിയിലായി. വാഴപ്പിണ്ടിയും പലകയുമൊക്കെയുപയോഗിച്ചു നിലകെട്ടിയാണ് കന്നുകാലികളെ വെള്ളക്കെട്ടിൽ സംരക്ഷിക്കുന്നത്. ചിലർ സമീപത്തെ പാലങ്ങളിലും മറ്റും പടുത കെട്ടിമറച്ചു സംരക്ഷണമൊരുക്കി.
ഇത്തരം സൗകര്യങ്ങളില്ലാത്തയിടങ്ങളിൽ കന്നുകാലികൾ വെള്ളക്കെട്ടിലാണ്. ഇവയ്ക്ക് കാലുകളിൽ വൃണവും അകിടുവീക്കവും ഉണ്ടായേക്കാം. ഒരു വർഷത്തേക്കായി കരുതിയിരുന്ന വൈക്കോൽ കൂനകൾ വെള്ളംകയറി നശിച്ചു. പുല്ലും കിട്ടാനില്ലാതെയായി. ക്ഷീരസംഘങ്ങളിൽനിന്നും മറ്റുമായി വാങ്ങി സൂക്ഷിച്ചിരുന്ന കാലിത്തീറ്റയും വെള്ളം കയറി നശിച്ചു.
ജോമോൻ കാവാലം