"ചിറാപ്പുഞ്ചി'യിലെ സ്വർണവേട്ടക്കാരൻ!
Monday, May 14, 2018 11:16 AM IST
കാളികാവ്(കോഴിക്കോട്): വായിൽ വെള്ളി കരണ്ടിയുമായി ജനിക്കുക, സാധാരണക്കാരനു സ്വപ്നം കാണാൻ പോലും പറ്റാത്തത്ര ഉയർന്ന ശന്പളത്തിൽ പിന്നീട് വൈറ്റ്കോളർ ജോലി തന്നെ തരപ്പെടുക, എന്നിട്ടും പാരന്പര്യമായി കുടുംബം തുടർന്നു വരുന്ന കാർഷിക വൃത്തിയിലേക്ക് തന്നെ തിരിച്ചു വരിക, അവിടെ പൊന്നുവിളയിക്കുക ജോപ്പു ജോണ് തറപ്പേൽ എന്ന യുവ കർഷകനെക്കുറിച്ച് നാട്ടുകാർ പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല.
കിഴക്കനേറനാട്ടിലെ കാളികാവ്-കരുവാരകുണ്ട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മനോഹരമായ അരിമണൽ പുഴയോരത്ത് സൈലന്റ് വാലി വനമേഖലയുടെ പടിഞ്ഞാറൻ ചരുവിൽ കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന മലയോര കുടിയേറ്റ മേഖലയിൽ അക്ഷരാർഥത്തിൽ മണ്ണിൽ കനകം വിളയിക്കുകയാണിന്ന് ജോപ്പു എന്ന യുവ കർഷകൻ.
റബറും തെങ്ങും കമുകും കൊക്കോയുമെല്ലാം സമൃദ്ധമായുള്ള കൃഷിഭൂമിയായിരുന്നു പിതാവ് ജോണ് എന്ന പ്ലാന്റർ ഏകമകൻ ജോപ്പുവിനു കൈമാറിയത്. എന്നാലിന്ന് അതിനൂതന കൃഷിരീതികൾ അവലംബിച്ച് അത്യുത്പാദന ശേഷിയുള്ള വിത്തുകളും തൈകളും ഉപയോഗിച്ച് നവജാത ഫലവൃക്ഷത്തൈകൾ കൃഷി ചെയ്തു നേട്ടം കൊയ്യുന്നു. മലയോര കുടിയേറ്റ കർഷകർ പോലും അത്ഭുതാദരങ്ങളോടെയാണ് ജോപ്പുവിന്റെ നേട്ടത്തെ നോക്കിക്കാണുന്നത്.
പഴങ്ങളുടെ പറുദീസ
റന്പൂട്ടാനും ചെറിയും മാങ്കോസ്റ്ററിനും ഉൾപ്പെടെ ഒട്ടെല്ലാ തരം പഴവർഗങ്ങളും മാങ്ങയും ചക്കയുമടക്കം ഫല വൃക്ഷങ്ങളുമെല്ലാം ലക്ഷങ്ങളുടെ വരുമാനമാണിന്ന് ആഴ്ചതോറും ജോപ്പുവിനു ലഭിക്കുന്നത്. മൂന്നാം വർഷം മുതൽ കായ്ക്കുന്ന കുള്ളൻ തെങ്ങിനവും രണ്ടാം വർഷം മുതൽ ചൊട്ടയിടുന്ന കമുകിനങ്ങളും. അത്യുത്പാദനശേഷിയുള്ള ജാതിയും ഗ്രാന്പുവുമെല്ലാം ചേർന്ന് ജോപ്പു ജോണ് ഒരുക്കിയിരിക്കുന്നത് ഒരു മാതൃകാകൃഷി തോട്ടമാണ്. എയർക്രാഫ്റ്റ്സ് മെക്കാനിക്കൽ എൻജിനിയറായ ജോപ്പു 2005ലാണ് ദുബായിലെ എമിറേറ്റ്സ് ഏവിയേഷൻ വിഭാഗത്തിൽനിന്നു ജോലി രാജിവച്ച് മലയാളക്കരയിലേക്കു മടങ്ങുന്നത്. ലക്ഷങ്ങൾ ലഭിക്കുന്ന ജോലി രാജിവച്ച് കൃഷി വിദഗ്ധനായ പിതാവിന്റെ പാത പിന്തുടരാനാണ് ഉദ്ദേശിക്കുന്നത് എന്നു പറഞ്ഞപ്പോൾ ഡിഗ്രിയും ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിപ്പോമയുള്ള ഭാര്യ ബോബി മടികൂടാതെ മരുഭൂമിയിലെ മഹാനഗരത്തിൽനിന്ന് ഏഴു വർഷം നീണ്ട പ്രവാസത്തിനു ശേഷം പ്രിയതമനോടൊപ്പം പിറന്ന മണ്ണിലേക്കു വിമാനം കയറി. ഇന്നു നാണ്യവിളകളും പഴവർഗങ്ങളുമെല്ലാം സംസ്കരിക്കുന്നതിനു ജോലിക്കാർക്കു നിർദേശങ്ങളുമായി ബോബിയും രംഗത്തുണ്ട്.
സമ്മിശ്ര തന്ത്രം
ഓസ്ട്രേലിയയിലും മറ്റും പഠനത്തിലായിരിക്കുന്പോൾ അവിടങ്ങളിലെ കൃഷി രീതികൾ ജോപ്പു കണ്ടു പഠിച്ചിരുന്നു. വിഷ രാസവളപ്രയോഗങ്ങൾ തീരെയില്ലാത്തതും അത്യുത്പാദന ശേഷിയുള്ളതുമായ ഓർഗാനിക് വിളകൾ മാത്രമാണിന്ന് ഇദ്ദേഹത്തിന്റെ തോട്ടങ്ങളിലുള്ളത്.
റബറും കാപ്പിയും ഉൾപ്പെടെ തന്റെ എൺപത് ഏക്കറോളം വരുന്ന തോട്ടത്തിൽനിന്നു ലഭിക്കുന്ന വരുമാനത്തേക്കാൾ അഞ്ച് ഏക്കറിലെ റംന്പുട്ടാൻ കൃഷിയിൽനിന്നു മാത്രം വരുമാന ലാഭമുണ്ടെന്നാണ് ജോപ്പു പറയുന്നത്. 240ൽ നിന്ന് കൂപ്പുകുത്തി റബർ വില 120 ൽ എത്തി നിൽക്കുന്പോഴും തേങ്ങയ്ക്കും കൊക്കോയ്ക്കും ജാതിക്കുമെല്ലാം ഇന്നു മികച്ച വില ലഭിക്കുന്നതുകൊണ്ടും സമ്മിശ്ര കൃഷിരീതിയോടാണു ജോപ്പുവിനു താത്പര്യവും.
മാർക്കറ്റ്
എന്നാൽ, കാർഷിക നാണ്യ വിളകളുടെ വിലനിലവാരം ഒരു സൈക്കിളാണെന്നാണ് ജോപ്പുവിന്റെ പക്ഷം. റബറിനെന്നല്ല എല്ലാ വിളകളുടെയും വിലയിൽ ഇടവിട്ട് ഏറ്റക്കുറച്ചിൽ വന്നു കൊണ്ടേയിരിക്കും, ആദ്യമായി മലബാറിൽ കൊക്കോ കൃഷി ചെയ്തത് തന്റെ പിതാവായിരുന്നു. അന്നു മുതലിന്നും സംസ്കരിക്കുന്നിടത്തും മറ്റും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാൽ കാഡ്ബറി ഉൾപ്പെടെയുള്ള കന്പനികൾ നേരിട്ടെത്തി വാങ്ങി കൊണ്ടു പോകുന്നതു കൊണ്ട് ഇന്നും വൻ വരുമാനം ലഭിക്കുന്നുണ്ട്. പഴവർഗങ്ങൾ ബംഗളൂരുവിലേക്കു കയറ്റി അയയ്ക്കുന്നതോടൊപ്പം പെരിന്തൽമണ്ണയിൽ ഉൾപ്പെടെ പ്രാദേശികമായും മാർക്കറ്റ് കണ്ടെത്തുന്നുണ്ട് ഇദ്ദേഹം.
കായികരംഗത്തും
മരുതയിലുള്ള എസ്റ്റേറ്റിൽ കാർഷിക വിളകൾ സംസ്കരിക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള വൈദ്യുതി ഈ യുവാവ് സ്വന്തമായി ഉത്പാദിപ്പിക്കുന്നു. അരിമണലിലെ സ്വന്തം വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽനിന്നു വീട്ടാവശ്യം കഴിഞ്ഞ് ഗ്രിഡ്ഡിനു വൈദുതി നൽകി വരുമാനമുണ്ടാക്കുന്നുമുണ്ട്. കായിക രംഗത്തും ഈ യുവ കർഷകൻ ശ്രദ്ധേയനാണ്. മുൻവർഷങ്ങളിൽ കയാകിംഗ് ഓഫ് റോഡിംഗ് ഉൾപ്പെടെയുള്ള സാഹസിക ഇനങ്ങളിൽ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നേതൃത്വം കൊടുത്തു വരുന്നുണ്ട്. 12 ഉം 10 ഉം വയസുകാരായ രണ്ടു മക്കളാണ് ജോപ്പുവിന്. വളരുന്ന തലമുറ പഠനത്തിനൊപ്പം കൃഷിരീതികളെക്കുറിച്ചുകൂടി പഠിക്കണമെന്ന പക്ഷക്കാരനാണ് ജോപ്പു ജോണ്.
യുവകർഷകർ പറയുന്നു / ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ