കർഷകരുടെ മനസ് കീഴടക്കി ജാഥയുടെ തീം സോംഗ്
Monday, May 7, 2018 12:03 PM IST
നിലന്പൂർ: കേരള കർഷക ജാഥയുടെ ഭാഗമായി ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ എഴുതി ചിട്ടപ്പെടുത്തിയ കർഷക ജാഥ തീം സോംഗ് കർഷകരുടെ മനസ് കീഴടക്കുന്നു. കർഷകരുടെ ദുരിത ജീവിതം കുറഞ്ഞ വരികളിലൂടെ ഏറെ ഹൃദ്യമായാണ് ഫാ.റോയി കണ്ണൻചിറ എഴുതിയിട്ടുള്ളത്. കർഷക ജാഥ, കേരള കർഷക ജാഥ എന്ന് തുടങ്ങുന്ന ഗാനം കേരള കർഷകജാഥയ്ക്ക് ഇന്പം പകരുകയാണ്.
ഇതിലെ ഓരോ വരിയും കർഷകന്റെ ജീവിതത്തെ തൊട്ടുണർത്തുന്നു. മണ്ണിൽ വിയർപ്പൊഴുക്കി അധ്വാനിക്കുന്ന കർഷകനു നെല്ലറയ്ക്കു പകരം കല്ലറയോ എന്ന ചോദ്യമാണ് ഈ ഗാനത്തിലൂടെ സമൂഹമനഃസാക്ഷിക്കു മുന്നിലേക്കു വയ്ക്കുന്നത്. എല്ലാവരും കർഷകനെ കൈവിടുന്പോൾ പാവപ്പെട്ട കർഷകർക്കൊപ്പം ദീപിക ഉണ്ടാകുമെന്ന സന്ദേശവും ഗാനത്തിലുണ്ട്.
കർഷകരുടെ മനസറിഞ്ഞു രൂപപ്പെടുത്തിയിട്ടുള്ള ഈ ഗാനം അവരുടെ ചുണ്ടുകളിൽ മൂളിപ്പാട്ടായി മാറിക്കഴിഞ്ഞു. ആരെയും കുറ്റപ്പെടുത്താതെ തന്നെ കർഷകന്റെ പച്ചയായ ജീവിതം വളരെ ലളിതമായും എന്നാൽ ഏറെ മൂർച്ചയേറിയ ഭാഷയിലുമാണ് ഗാനത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ചെറുകിട കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും നിലവിലെ അവസ്ഥ വരച്ചുകാട്ടുന്നതിലും ശ്രമിച്ചിട്ടുണ്ട്. മണ്ണുണരട്ടെ.. മാനവ മനസുണരട്ടെ എന്ന ആഹ്വാനം ഹൃദ്യമാണ്. വിയർപ്പു തുള്ളികൾ തൻ ചരിതം നെടുവീർപ്പു കൊണ്ടെഴുതും ചരിതം എന്നാണു കർഷക ജീവിതത്തെ അവതരിപ്പിക്കുന്നത്.
വാട്സ്ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമെല്ലാം തീം സോംഗ് ഏറെ ഹിറ്റായി കഴിഞ്ഞു. ദീപിക ജൂബിലി ഗാനങ്ങളടക്കം നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ളയാളാണ് ഫാ. റോയി കണ്ണൻചിറ. പ്രശസ്ത സംഗീതജ്ഞനും തൊടുപുഴ നാദോപാസന ഡയറക്ടറുമായ ഫാ. കുര്യൻ പുത്തൻപുര സിഎംഐ ആണു സംഗീതം നൽകിയിട്ടുള്ളത്. യുവസംഗീതപ്രതിഭയായ അനൂപ് നാദോപാസനയാണ് പശ്ചാത്തല സംഗീതം നൽകിയത്. നാദോപാസന ഗായകസംഘമാണ് തീംസോംഗ് ആലപിച്ചത്. തൊടുപുഴ ഗീതം സ്റ്റുഡിയോയിലാണു ഗാനം റിക്കാർഡ് ചെയ്തത്.