മലപ്പുറത്തിന്റെ മനസ് കീഴടക്കി കർഷക ജാഥ
Monday, May 7, 2018 12:03 PM IST
മലപ്പുറം: നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച കർഷകർ നേരിടുന്ന വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ കാസർഗോട്ടുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന കേരള കർഷക ജാഥയ്ക്കു മലപ്പുറം ജില്ലയിൽ ഉജ്വല സ്വീകരണം. വയനാട് ജില്ലയിൽനിന്നു താമരശേരി വഴി മലപ്പുറം ജില്ലയിൽ പ്രവേശിച്ച ജാഥയ്ക്കു ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലായിരുന്നു സ്വീകരണമൊരുക്കിയിരുന്നത്. ജില്ലയുടെ മലയോര മേഖലയിലൂടെ കടന്നുപോയ ജാഥയ്ക്കു നാടുനീളെ വൻ വരവേൽപ്പു ലഭിച്ചു.
ദുരിത പൂർണമായ കർഷകജീവിതം കാണാൻ സർക്കാരുകൾക്ക് കഴിയുന്നുമില്ല. ജില്ലയിലെ സുപ്രധാന കർഷകമേഖലയായ മലയോര മേഖലയിലെ കർഷകർ കാർഷിക വൃത്തി ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ്. കർഷകരുടെ രോദനം കേൾക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥൻമാരോ തയാറല്ല. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടിയും കർഷകർ സംഘടിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുമായിരുന്നു യാത്ര ജില്ലയിൽ പ്രയാണം നടത്തിയത്.
ആദ്യ സ്വീകരണം മണിമൂളിയിലായിരുന്നു. ഉച്ചയ്ക്കു 11.45നു മണിമൂളി ക്രിസ്തുരാജ ഫൊറോനാ ദേവാലയ പാരിഷ് ഹാളിനു മുന്നിലെത്തിയ ജാഥയിലെ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്റുമായ ഡോ.സണ്ണി വി.സഖറിയ, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ തുടങ്ങിയവരെ ഫൊറോന വികാരി ഫാ. ചാക്കോ മേപ്പുറത്ത്, ഡിഎഫ്സി മാനന്തവാടി സോൺ പ്രസിഡന്റ് അലക്സാണ്ടർ കടയ്ക്കാട്ട്, മുതിർന്ന കർഷകൻ മണിമൂളി തഴവയൽ ടി.ജെ. ജോർജ് തെക്കേക്കുറ്റ് എന്നിവർ ചേർന്ന് ജാഥാംഗങ്ങൾക്കു സ്വീകരണം നൽകി. തുടർന്നു ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം നിർവഹിച്ചു. കർഷകരെ ചൂഷണം ചെയ്യുന്ന ഭരണവർഗത്തിന്റെ നിലപാടുകളും സമീപനങ്ങളുമാണ് അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞത്. ഇതിന് അറുതിവരുത്താൻ കർഷക സമൂഹം ഉണരണമെന്നും അദ്ദേഹം പറഞ്ഞു.
ഇടവക സമൂഹവും സന്യസ്തരും നാട്ടുകാരും അടക്കം നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്നു ജാഥാ ക്യാപ്റ്റൻ ഡോ. സണ്ണി വി. സഖറിയ മറുപടി പ്രസംഗം നടത്തി. ഇതിനുശേഷം മുതിർന്ന കർഷകരടക്കം ഒന്പതു കർഷകരെ ഫാ.റോയി കണ്ണൻചിറ ആദരിച്ചു. ചടങ്ങിൽ പൗരോഹിത്യ ജീവിതത്തിൽ രജത ജൂബിലി ആഘോഷിക്കുന്ന ഫൊറോനാ വികാരി ഫാ. ചാക്കോ മേപ്പുറത്തിനെ ഫാ.റോയി കണ്ണൻചിറ ഉപഹാരം നൽകി ആദരിച്ചു. കർഷക സമൂഹം ഒപ്പിട്ട ബുക്ലെറ്റ് റീജൺ സെക്രട്ടറി ആന്റണി ഊറ്റാഞ്ചേരി ജാഥ്യാക്യാപ്റ്റനു കൈമാറി.
ഉച്ചയ്ക്കുശേഷം കരുവാരക്കുണ്ടിലായിരുന്നു ജാഥയ്ക്കു രണ്ടാമത്തെ സ്വീകരണം. കരുവാരക്കുണ്ട് അങ്ങാടിയിലൊരുക്കിയ പൊതുവേദിയിൽ നടന്ന സ്വീകരണ സമ്മേളനം കരുവാരക്കുണ്ട് തിരുക്കടുംബ ഫൊറോന വികാരി ഫാ.ജോയ്സ് വയലിൽ ഉദ്ഘാടനം ചെയ്തു. കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കും വരെ ദീപികയുടെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഡിഎഫ്സി സോൺ ട്രഷറർ മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കർഷകരെയും ആദരിച്ചു.
കർഷകരുടെ ഒപ്പുകൾ മാത്യു സെബാസ്റ്റ്യൻ ജാഥാ ക്യാപ്റ്റനു കൈമാറി. പ്രമുഖർ പ്രസംഗിച്ചു. തുടർന്നു സമാപന സ്വീകരണം പെരിന്തൽമണ്ണ കോടതിപ്പടിയിലായിരുന്നു.
പെരിന്തൽമണ്ണ സെന്റ് അൽഫോൻസാ ചർച്ച് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളന്പിൽ ഉദ്ഘാടനം ചെയ്തു. യുവാക്കളെ കൃഷിയിൽ നിന്നു പിന്തിരിപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടിവരുന്നതിലുള്ള ആശങ്ക അദ്ദേഹം പങ്കുവച്ചു. ഇത്തരം ശ്രമങ്ങൾ ഉണ്ടായിക്കൂടാ. ഭക്ഷണമില്ലെങ്കിൽ ജീവിക്കാനാകില്ല. കാർഷികമേഖലയിലേക്കു പൊതുസമൂഹം കടന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. പാലൂർക്കോട്ട സെന്റ് മേരീസ് ചർച്ച് വികാരി ഫാ. സെബാസ്റ്റ്യൻ പാട്ടശേരി അധ്യക്ഷനായിരുന്നു. ജാഥാക്യാപ്റ്റൻ ഡോ. സണ്ണി വി. സഖറിയ, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ തുടങ്ങിയവർ പ്രസംഗിച്ചു. ജോർജ് ചിറത്തലയാട്ട് ഒപ്പുകൾ ജാഥാക്യാപ്റ്റനു കൈമാറി. ഇതോടെ മലപ്പുറത്തെ സ്വീകരണത്തിനു സമാപനമായി. ജാഥ ഇന്നു പാലക്കാട് ജില്ലയിലേക്കു പ്രവേശിക്കും.