കഥനവേദനയുമായി നാടൻ പാട്ട്
Friday, May 4, 2018 11:23 AM IST
പയ്യാവൂർ: 'സർക്കാരുകൾ പലതും വന്നു, പുരോഗതികൾ പലതും വന്നു, എന്നിട്ടെന്തേ കർഷകരുടെ രോദനം കേൾക്കാൻ വന്നില്ലാരും...' പൈസക്കരിയിലെ റിട്ട. അധ്യാപിക എം.ടി. മേരി കണിയാമറ്റത്തിൽ എഴുതിയ നാടൻപാട്ട് കേരള കർഷകജാഥയ്ക്ക് ആവേശമായി. പയ്യാവൂരിൽ നൽകിയ സ്വീകരണചടങ്ങിലാണ് കർഷകജാഥയ്ക്കുവേണ്ടി പ്രത്യേകം എഴുതി തയാറാക്കിയ വരികൾ ടീച്ചറും ശിഷ്യകളുമടങ്ങിയ സംഘവും ആലപിച്ചത്. കാട്ടാന വന്നു, കാട്ടുപന്നി വന്നു, കുരങ്ങും വന്നു, മയിലും വന്നു, എല്ലാവരും കൂടി കർഷകരെയിന്ന് പെരുവഴിയിലാക്കി മാലോരെ...' തുടങ്ങിയ വരികൾ കർഷകദുരിതങ്ങളിലേക്കുള്ള നേർക്കാഴ്ചകളായി.
ജെസി റോയി തോട്ടുങ്കൽ, റോസ് മരിയ തോട്ടുങ്കൽ, ഷിജി പൂപ്പള്ളിൽ, ഇ.ടി. സുമതി, നവനീത ഷാജി മലയിൽ എന്നിവരാണ് മേരി ടീച്ചർക്കൊപ്പം ഗാനം ആലപിച്ചത്. ഒന്നിച്ച് നിൽക്കൂ സംഘടിച്ചീടാം ഒന്നായ് നമുക്ക് മുന്നേറാം ..എന്ന ആഹ്വാനത്തോടെയാണ് കർഷകമനസ് ഒപ്പിയെടുത്ത നാടൻപാട്ട് പൂർണമാകുന്നത്.