അധ്വാനവർഗത്തിന്റെ പടത്തലവനു കേരളത്തിന്റെ ആദരം
Friday, April 12, 2019 11:22 AM IST
പാലാ: ആരാധ്യരായ നേതാക്കൾക്കു ജനം സമർപ്പിക്കുന്ന അത്യപൂർവമായ യാത്രാമൊഴിക്കു പാലാ ഇന്നലെ സാക്ഷിയായി. കാലുകുത്താൻ തരി ഇടമില്ലാത്തവിധം ജനങ്ങൾ തിങ്ങിനിറഞ്ഞ ചടങ്ങുകൾക്കൊടുവിൽ കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം. മാണിക്കു കേരളം അന്തിമോപചാരമർപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു കരിങ്ങോഴയ്ക്കൽ വീട്ടിലെ സംസ്കാര ശുശ്രൂഷകൾക്ക് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികനായിരുന്നു. കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാവേലിക്കര ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ എന്നിവർ സഹകാർമികരായിരുന്നു. കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. സൂസപാക്യം സന്ദേശം നല്കി. കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുസ്മരണം നടത്തി.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മലങ്കര കത്തോലിക്കാ സഭയിലെ ബിഷപ്പുമാർ മാണിയുടെ വസതിയിലെത്തി പ്രാർഥന നടത്തി. കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടും വീട്ടിലെത്തി ഒപ്പീസ് ചൊല്ലി. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയില്, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, താമരശേരി ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം, എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡിമിനിസ്ട്രേറ്ററും പാലക്കാട് ബിഷപ്പുമായ മാർ ജേക്കബ് മനത്തോടത്ത്, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, താമരശേരി ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ എന്നിവർ അന്തിമോപചാരമർപ്പിച്ചു.
മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി പ്രസിഡന്റ് മുകുൾ വാസ്നിക്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മന്ത്രിമാരായ തോമസ് ഐസക്, പി. തിലോത്തമൻ, എംപിമാരായ ആന്റോ ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ പി.ജെ. ജോസഫ്, പി.ടി. തോമസ്, കെ.സി. ജോസഫ്, സി.എഫ്. തോമസ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, വി.ടി. ബൽറാം, സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം, മാത്യു ടി. തോമസ്, വി.എസ്. ശിവകുമാർ, നേതാക്കന്മാരായ ആർ. ബാലകൃഷ്ണപിള്ള, തോമസ് ചാഴികാടൻ, ആന്റണി രാജു, ജോസഫ് വാഴയ്ക്കൻ, വക്കച്ചൻ മറ്റത്തിൽ, ഫ്രാൻസിസ് ജോർജ്, ഡോ. കെ.സി. ജോസഫ്, എം.എം. ഹസൻ, ശോഭന ജോർജ്, ഷിബു ബേബി ജോണ്, എ.പി. അനിൽകുമാർ, എം.പി. വീരേന്ദ്രകുമാർ, പി.ജെ. കുര്യൻ, കെ. സുരേന്ദ്രൻ, സ്റ്റീഫൻ ജോർജ്, കെ.വി. തോമസ്, സാജു പോൾ, കെ.പി. മോഹനൻ, തന്പാനൂർ രവി, സ്കറിയ തോമസ്, പി.സി. തോമസ്, ഡീൻ കുര്യാക്കോസ്, മുൻ വൈസ് ചാൻസലർമാരായ ഡോ. എ.ടി. ദേവസ്യ, ഡോ. സിറിയക് തോമസ്, ഡോ. ബാബു സെബാസ്റ്റ്യൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മിയ, രഞ്ജി പണിക്കർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ മോണ്. മൈക്കിൾ വെട്ടിക്കാട്ട്, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവരും കെ.എം. മാണിക്ക് അന്തിമോപചാരം അർപ്പിച്ചു.